അബുദാബി: അബുദാബിയിലെ മുസഫ ഏരിയയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ജസ്ലീമും മുഹമ്മദ് യൂനുസും ഉള്‍പ്പെടെ ഏതാനും മലയാളികള്‍ ഇന്നലെ നോമ്പ് തുറന്നത് വിശിഷ്ടമായ ഒരു അതിഥിയുടെ കൂടെയാണ്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആയിരുന്നു അത്. രാജ്യത്തിന്റെ കരുത്തുറ്റ ഭരണാധി കാരി അവരുടെ കൂടെ നിലത്തിരിക്കുകയും വ്രതം അവസാനിപ്പിക്കുകയും നിസ്‌കാരത്തില്‍ പങ്കുചേരുകയും ചെയ്തു.

തലസ്ഥാന നഗരിയിലെ പ്രശസ്തമായ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് അങ്കണത്തില്‍ ഞായറാഴ്ച നോമ്പുതുറയ്ക്കാണ് യുഎഇ പ്രസിഡന്റ് എത്തിയത്. ആളുകള്‍ ഇഫ്താറി നായി നിലത്ത് ഇരിക്കുമ്പോഴാണ് അദ്ദേഹം അപ്രതീക്ഷിതമായി കടന്നുവന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയൊന്നുമില്ലാതെ, കൊച്ചുകുട്ടിയുടെ കൈപിടിച്ച് നടന്നുവരുന്ന ഭരണാധികാരിയെ തിരിച്ചറിഞ്ഞ് ആളുകള്‍ എഴുന്നേറ്റുനില്‍ക്കാന്‍ തുടങ്ങിയെങ്കിലും ഇരിക്കാന്‍ പറഞ്ഞുകൊണ്ട് അദ്ദേഹം അവര്‍ക്കരികിലെത്തി. സലാം പറഞ്ഞ ശേഷം സുഖമാണോ എന്ന് എല്ലാവരോടും അറബിയില്‍ ആരാഞ്ഞു.
തുടര്‍ന്ന് നേരെ വന്നിരുന്നത് നോമ്പുതുറക്കാനായി ഇരുന്നിരുന്ന മലയാളികളുടെ മുന്നിലായിരുന്നു. അവരോട് സലാം പറഞ്ഞ ശേഷം എവിടെ നിന്നാണ് വരുന്നതെന്ന് ചോദിച്ചു. കേരളത്തില്‍ നിന്നാണെന്ന് മറുപടി പറഞ്ഞപ്പോള്‍ യുഎഇയില്‍ ധാരാളം ആളുകള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്ന് അദ്ദേഹം സന്തോഷത്തോടെ പ്രതികരിക്കുകയും ചെയ്തു.
യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, അബു ദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍, ഡോ. സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബര്‍, ഷെയ്ഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, മറ്റു ഷെയ്ഖുമാര്‍ എന്നിവരോടൊപ്പമാണ് അദ്ദേഹം പള്ളിയില്‍ നോമ്പുതുറക്കാനെത്തിയത്.
പൊതുജനങ്ങള്‍ക്ക് നോമ്പുതുറക്ക് നല്‍കുന്ന ഫ്രഷ് സാലഡ്, പഴം, ബിരിയാണി, ഹരീസ, വെള്ളം, ലബന്‍ (മോര്) എന്നിവ ഉള്‍പ്പെടുന്ന ഇഫ്താര്‍ വിരുന്ന് കഴിച്ചു. ഇതിനു ശേഷം ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിനുള്ളിലെത്തിയ മറ്റുള്ളവരുമായും പ്രസിഡന്റ് സംസാരിക്കുകയും മഗ്‌രിബ് നമസ്‌കാരത്തില്‍ എല്ലാവര്‍ക്കുമൊപ്പം പങ്കെടുക്കുകയും ചെയ്തു.
പ്രസിഡന്റിന്റെ വരവും നോമ്പുതുറയും അവരുടെയുണ്ടായിരുന്നവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. വൈകാതെ തന്നെ അത് സമൂഹമാധ്യമത്തില്‍ വൈറലാകു കയും ചെയ്തു. എളിമയോടെയും അകമ്പടികളില്ലാതെയും ജനങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്ന അദ്ദേഹം ആളുകളുടെ വീടുകള്‍ സന്ദര്‍ശിക്കാറുണ്ട്. മികച്ച നേട്ടം കൈവരിക്കുന്നവരെ ഫോണില്‍ നേരിട്ട് വിളിച്ച് അഭിനന്ദിക്കുക പതിവാണ്. പ്രവാസികള്‍ക്കൊപ്പം അദ്ദേഹം സന്തോഷത്തോടെ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്നു.
ജീവിതത്തിലെ ഏറ്റവും മികച്ചതും ഒരിക്കലും മറക്കാനാവാത്തതുമായ ഇഫ്താര്‍ ആണിതെന്ന് മുഹമ്മദ് ജസ്ലീമും മുഹമ്മദ് യൂനുസും പറയുന്നു. പ്രസിഡന്റ് ഇഫ്താറിന് വരുന്നത് അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹത്തിന്റെ മുന്നില്‍ ഇഫ്താര്‍ കഴിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ഒരുമിച്ച് നിസ്‌കരിക്കുകയും ചെയ്തുവെന്നും ഇരുവരും പറഞ്ഞു. പള്ളി അങ്കണത്തില്‍ ഏകദേശം 200 പേരാണ് ഉണ്ടായിരുന്നത്.