ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറസ്റ്റിൽ. മദ്യനയ അഴിമതിക്കേസിൽ ഇഡിയാണ് അറസ്റ്റ് ചെയ്തത്. കെജരിവാളിന്‍റെ വസതിയിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്

അറസ്റ്റിനെ തുടർന്ന് കെജരിവാളിന്റെ വസതിക്കു മുന്നിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധം മുന്നില്‍കണ്ട് പ്രധാന പാതകളിലെല്ലാം ബാരിക്കേഡുകള്‍ നിരത്തി. ബിജെപി ദേശീയ ആസ്ഥാനത്തും വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
അറസ്റ്റിലായാലും കെജരിവാള്‍ ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി തുടരുമെന്ന് എഎപി മന്ത്രി അതിഷി വ്യക്തമാക്കി. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് അധികാരത്തിലിരിക്കുന്ന ഒരു മുഖ്യമന്ത്രി അറസ്റ്റിലാവുന്നത്.
അറസ്റ്റില്‍നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനു പിന്നാലെയാണ് സെർച്ച് വാറന്റുമായി എന്‍ഫോഴ്‌സ്‌മെന്റ് സംഘം കെജരിവാളിന്‍റെ വീട്ടിലെത്തിയത്. തുടര്‍ന്ന് കെജരിവാളിനേയും ജോലിക്കാരേയും ഇഡി ചോദ്യം ചെയ്യുകയായിരുന്നു. അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് കെജരിവാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസ് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നാണ് ആവശ്യം.
മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായാല്‍ തന്നെ അറസ്റ്റ് ചെയ്യരുതെന്നും അതില്‍ ഇടക്കാല ഉത്തരവ് വേണമെന്നും ആവശ്യപ്പെട്ടാണ് കെജരിവാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി തയാറായിരുന്നില്ല. കേസ് ഏപ്രില്‍ 22 ലേക്ക് കോടതി മാറ്റിയിരുന്നു. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി. എട്ടു തവണ സമന്‍സ് അയച്ചിട്ടും കേജ്‌രിവാള്‍ ഹാജരായിരുന്നില്ല.
2021-22-ലെ മദ്യനയത്തിന്റെ രൂപവത്കരണ സമയത്ത് കേസിലെ പ്രതികള്‍ കെജരി വാളുമായി ബന്ധപ്പെട്ടുവെന്നാണ് ഇഡി ആരോപണം. കേസുമായി ബന്ധപ്പെട്ട് എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, പാര്‍ട്ടിയുടെ കമ്യൂണിക്കേഷന്‍ ഇന്‍-ചാര്‍ജ് വിജയ് നായര്‍, ചില മദ്യവ്യവസായികള്‍ എന്നിവരെ ഇഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തെലങ്കാനയിലെ ബിആര്‍എസ് നേതാവ് കെ. കവിതയും കഴിഞ്ഞയാഴ്ച ഇഡി അറസ്റ്റിലായി. കെജരിവാളും സിസോദിയയും ഉള്‍പ്പെടെയുള്ള എഎപി നേതാക്കളുമായി ചേര്‍ന്ന് കവിത ഗൂഢാലോചന നടത്തിയെന്നാണ് ഇഡി പറയുന്നത്.