ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
‘വിശ്വഗുരു’വായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉയര്‍ത്തിക്കാട്ടുന്ന ബി.ജെ.പി. സമീപകാല രാഷ്ട്രീയത്തില്‍ ഭയക്കുന്ന പ്രതിപക്ഷ നേതാവ് ആം ആദ്മി പാര്‍ട്ടിയുടെ അമരക്കാരനായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളായിരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ കേന്ദ്രത്തിന്റെ പ്രതിപക്ഷ വേട്ടക്കാരെന്ന് ‘ഇന്ത്യ’ സഖ്യം വിളിപ്പേരിട്ടിരിക്കുന്ന ഇ.ഡി. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് നിഷ്‌കളങ്കമാണെന്ന് രാഷ്ട്രീയത്തില്‍ കൗതുകമുള്ളവര്‍ കരുതില്ല.
ദേശീയ പാര്‍ട്ടിയായി വളര്‍ന്ന ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റത്തിനു കുരുക്കിടാനുള്ള നീക്കമായി അതു വ്യാഖ്യാനിക്കപ്പെടുന്നു. എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയചരിത്രം തിരുത്തി കളത്തില്‍ നില്‍ക്കുന്ന കെജ്‌രിവാള്‍ അറസ്റ്റിനെയും അതിജീവിച്ച് അത്ഭുതം കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്. ബി.ജെ.പി. സര്‍ക്കാരിന്റെ ഏജന്‍സികള്‍ക്ക് ജനം വോട്ടില്‍ മറുപടി നല്‍കുമോയെന്ന് കാത്തിരുന്നറിയണം.
പത്തുവര്‍ഷം മാത്രം പഴക്കമുള്ളൊരു പാര്‍ട്ടിക്ക് ദേശീയ പദവി നേടിക്കൊടുത്ത രാഷ്ട്രീയ തന്ത്രജ്ഞനാണ് കെജ്‌രിവാള്‍. കോണ്‍ഗ്രസിനെക്കാള്‍ ബി.ജെ.പി. പേടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായി കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി വളര്‍ന്നുകഴിഞ്ഞു. ബിരുദ സര്‍ട്ടിഫിക്കറ്റിനെ ചോദ്യം ചെയ്ത് കോടതിയില്‍ പോയതുമുതല്‍ തിരഞ്ഞെടുപ്പ് ബോണ്ടില്‍ വരെ മോദിക്കും ബി.ജെ.പിക്കും വെല്ലുവിളിയായി കെജ്‌രിവാള്‍ അങ്ങേയറ്റം പ്രതിരോധമുയര്‍ത്തുന്നു.
ഉത്തരേന്ത്യയില്‍ രണ്ട് സംസ്ഥാനങ്ങളില്‍ ഭരണം പിടിച്ച് ബാക്കിയിടങ്ങളില്‍ നിശബ്ദസാന്നിധ്യമായി തേരോട്ടം നടത്തുന്ന പാര്‍ട്ടിയെ തളയ്ക്കാന്‍ പുതിയ തേരാളികളെത്തന്നെ ബി.ജെ.പി. ഇറക്കുന്നത് അതിനാലാണ്. രണ്ടാം യു.പി.എ. സര്‍ക്കാരിനെതിരേ അഴിമതിവിരുദ്ധ പോരാട്ടം നടത്താന്‍ സംഘപരിവാര്‍ ഇറക്കിയതാണെന്ന ആക്ഷേപം നേരിട്ടിരുന്ന കെജ്‌രിവാള്‍തന്നെ ഇപ്പോള്‍ ബി.ജെ.പിക്ക് വലിയ ഭീഷണിയാകുന്നുവെന്നതാണ് വൈരുദ്ധ്യം. കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ കെജ്‌രിവാളിന് വളംവെച്ചുനല്‍കിയ ബി.ജെ.പിക്കുതന്നെ എ.എ.പി. വെല്ലുവിളിയായിമാറി.
ബി.ജെ.പി. സര്‍ക്കാര്‍ ഇറക്കുന്ന ഹിന്ദുത്വ കാര്‍ഡുകള്‍ക്ക് അതേനാണയത്തിലാണ് കെജ്‌രിവാളിന്റെ ബദല്‍. മോദിയെപ്പോലെ വിശ്വാസിയായി കെജ്‌രിവാളും സ്വയം പ്രദര്‍ശിപ്പിക്കുന്നു. ഏറ്റവുമൊടുവില്‍ അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ നടന്നപ്പോള്‍ ഡല്‍ഹിയിലാകെ കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ പൂജകള്‍ നടത്തി. അയോധ്യയിലും കുടുംബസമേതം ദര്‍ശനം നടത്തി.
വീണുകിട്ടിയ മദ്യനയ കേസില്‍ കെജ്‌രിവാളിനെയും കൂട്ടരെയും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കുരുക്കിലാക്കിയിരിക്കുകയാണ്. എ.എ.പിയിലെ രണ്ടാമനായ മനീഷ് സിസോദിയയും മൂന്നാമനെന്ന് പറയാവുന്ന സഞ്ജയ് സിങ്ങും ഇപ്പോള്‍ ജയിലിലാണ്. ഒന്നാമനായ കെജ്‌രിവാളും അകത്തായത് വരുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിത്തലപ്പത്ത് വലിയ ശൂന്യതയാകുമെന്നതില്‍ സംശയമില്ല.
ഐ.ഐ.ടി. മുതല്‍ ലോക്പാല്‍ വരെ
ഐ.ഐ.ടിയില്‍ പഠിച്ച് എന്‍ജിനീയറായി ഔദ്യോഗിക ജീവിതം തുടങ്ങിയ അരവിന്ദ് കെജ്‌രിവാള്‍ പിന്നീട് ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ ചേര്‍ന്നു. ജനസേവനം നടത്തണമെന്ന ആഗ്രഹത്തിലാണ് സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയതെന്ന് കെജ്‌രിവാള്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തിലിരിക്കെ സമൂഹത്തില്‍ മാറ്റമുണ്ടാക്കണമെന്ന ലക്ഷ്യത്തില്‍ സന്നദ്ധ സംഘടനകള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങി. 2006-ല്‍ ജോലി രാജിവെച്ച് മുഴുവന്‍ സമയ സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങി.
അഴിമതിക്കെതിരേ വിവരാവകാശ നിയമത്തെ ആയുധമാക്കി പ്രചാരണം തുടങ്ങി. അഴിമതി തടയാന്‍ ലോക്പാല്‍ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സമരമാരംഭിച്ചപ്പോള്‍ കെജ്‌രിവാളും കൂടെയുണ്ടായിരുന്നു. തങ്ങളുടെ ലക്ഷ്യത്തിലേക്ക് അധികാരത്തിനായി രാഷ്ട്രീയത്തിലിറങ്ങണമെന്ന തീരുമാനത്തില്‍ 2012 നവംബറില്‍ കെജ്‌രിവാളും സിസോദിയയുമടങ്ങുന്ന സംഘം സാധാരണക്കാരുടെ പാര്‍ട്ടിയെന്നര്‍ഥം വരുന്ന ആം ആദ്മി പാര്‍ട്ടി രൂപവത്കരിച്ചു. പിന്നീട് നടന്നതെല്ലാം ചരിത്രം.
അനിഷേധ്യനായ മുഖ്യമന്ത്രി
പാര്‍ട്ടിയുണ്ടാക്കിയ ശേഷം 2013-ല്‍ നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ തട്ടകമായ ഡല്‍ഹിയില്‍ മത്സരിച്ച എ.എ.പി. 70-ല്‍ 28 സീറ്റ് നേടി. ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വന്നപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിതിനെ പരാജയപ്പെടുത്തി ജയിച്ച കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ എ.എ.പി. സര്‍ക്കാരുണ്ടാക്കി. എന്നാല്‍ ജന്‍ ലോക്പാല്‍ ബില്‍ പാസാക്കാനാകാഞ്ഞതിനാല്‍ 2014-ല്‍ രാജിവെച്ചു. 2015-ല്‍ നടന്ന അടുത്തതിരഞ്ഞെടുപ്പില്‍ 65 സീറ്റും നേടി എ.എ.പി. വന്‍വിജയം തൊട്ടു.
മൊഹല്ല ക്ലിനിക്കുകളും ഡല്‍ഹി മോഡല്‍ സ്‌കൂളുകളുമൊക്കൊയായി നിരവധി ജനകീയ പദ്ധതികള്‍ ആ വരവില്‍ എ.എ.പി. സര്‍ക്കാര്‍ നടപ്പാക്കി. സൗജന്യ വൈദ്യുതിയും സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയുമൊക്കെയായി ജനകീയ നയങ്ങളിറക്കിയതോടെ 2020-ല്‍ മൂന്നാംവട്ടവും കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി സര്‍ക്കാരുണ്ടാക്കി. പഞ്ചാബിലും സര്‍ക്കാരുണ്ടാക്കിയ പാര്‍ട്ടി കേരളത്തിലടക്കം കണ്ണുവെക്കുന്നുണ്ട്.