
കുറ്റിപ്പുറം: കുറ്റിപ്പുറം ടൗണിലെ സ്വകാര്യ ലോഡ്ജില്‍നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന എം.ഡി.എം.എ. മലപ്പുറം എക്‌സൈസ് നാര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സി.ഐ. ആര്‍.ബി. സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. പുറത്തൂര്‍ പടിഞ്ഞാറേക്കര പള്ളിക്കരകത്ത് പി. അനസ് താമസിച്ചിരുന്ന ലോഡ്ജാണിത്. ഇയാള്‍ പിടികൊടുക്കാതെ രക്ഷപ്പെട്ടു. മുറിയില്‍നിന്ന് നെബാട്ടി ബിസ്‌കറ്റുകളുടെ ഇടയില്‍ ഒളിപ്പിച്ചുവെച്ച നിലയിലും മേശയുടെ അടിഭാഗങ്ങളിലുമായി 182.8 ഗ്രാം എം.ഡി.എം.എ.യാണ് കണ്ടെടുത്തത്.
ലോഡ്ജിലെ സ്ഥിരതാമസക്കാരനാണ് അനസ്. എം.ഡി.എം.എ. വില്‍ക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മലപ്പുറത്തുനിന്നെത്തിയ എക്‌സൈസ് സംഘം ശനിയാഴ്ച രാവിലെമുതല്‍ അനസിനെ പിടികൂടാനായി ഇതേ ലോഡ്ജില്‍ മുറിയെടുത്തിരുന്നു. സംഭവം മണത്തറിഞ്ഞതോടെ പ്രതി ലോഡ്ജിലേക്ക് തിരിച്ചുവരാതെ രക്ഷപ്പെടുകയായിരുന്നു.
വാഹനക്കച്ചവടത്തിന്റെ പേരിലാണ് അനസ് ഇവിടെ മുറിയെടുത്തതെന്നാണ് ലോഡ്ജ് ഉടമ മൊഴി നല്‍കിയത്. അനസ് എം.ഡി.എം.എ. വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണിയാണ്. എ.എസ്.ഐ. അബ്ദുള്‍വഹാബ്, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രഭാകരന്‍ പള്ളത്ത്, പി. ഷെഫീര്‍ അലി, സിവില്‍ എക്‌സൈസ് ഓഫീസര്‍ മുഹമ്മദ് അലി, വനിതാ സി.ഇ.ഒ. സലീന, ഡ്രൈവര്‍ നിസാര്‍ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.