30 ദിവസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് കൊണ്ടാണ് ലോകമെമ്പാടുമുള്ള മുസ്ലീം മതവിശ്വാസികള്‍ ഈദ്-ഉല്-ഫിത്തര്‍ ആഘോഷിക്കുന്നത്. മലയാളികള്‍ ഇതിനെ ചെറിയ പെരുന്നാള്‍ എന്നാണ് പറയാറുള്ളത്. ചെറിയ പെരുന്നാള്‍ ആശംസകള്‍ എന്ന് മലയാളികള്‍ പറയുമെങ്കിലും ഈദ് മുബാറക് എന്ന അറബി വാക്കും സാധാരണയായി ഉപയോഗിക്കാറുണ്ട്. വിശുദ്ധ റമദാന് മാസത്തിലാണ് മുഹമ്മദ് നബിക്ക് വിശുദ്ധ ഖുര്‍ആനിന്റെ ആദ്യ വെളിപ്പെടുത്തല്‍ ലഭിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഖുറാന് അവതരിച്ച മാസം കൂടിയാണ് റമദാന്

മഹനീയ സന്ദേശമാണ് റംസാന് വ്രതവും ഈദുല്‍ ഫിത്തറും നല്‍കുന്നത്. അതില്‍ ത്യാഗത്തിന്റെയും ദാനത്തിന്റെയും മഹത്വവും അനുകമ്പയുടെയും ആത്മ നിയന്ത്രണത്തിന്റെയും പ്രാധാന്യവും ഒത്തുചേരുന്നു. ഇസ്ലാം വിശ്വാസികള്‍ പകല്‍ നോമ്പ് അനുഷ്ഠിക്കുകയും ദാനധര്‍മ്മങ്ങള്‍ നടത്തുകയും ചെയ്യുന്ന വിശുദ്ധ മാസമായ റംസാന്റെ അവസാനം കുറിക്കുന്ന ആഘോഷം കൂടിയാണിത്. ചെറിയ പെരുന്നാള്‍ ഇസ്ലാമിക കലണ്ടറിനെ അടിസ്ഥാനമാക്കിയാണ് ചെറിയ പെരുന്നാള്‍ ആഘോഷി ക്കുന്നത്. ഇസ്ലാമിക് കലണ്ടര്‍ പ്രകാരം അറബ് മാസം തുടങ്ങുന്നത് ചന്ദ്രനെ കാണുന്നതിന്റെ അടിസ്ഥാനത്തിലാണ്.
റമദാന് 29ന് ചന്ദ്രപ്പിറവി കണ്ടാല്‍ തൊട്ടടുത്ത ദിവസം അറബ് മാസം ശവ്വാല്‍ 1 ആരംഭിക്കും. ഇസ്ലാമിക കലണ്ടറിലെ (ഹിജ്റി) പത്താം മാസമായ ശവ്വാലിന്റെ ആദ്യ ദിവസമാണ് ലോകമെമ്പാടും ഈദ്-ഉല്-ഫിത്തര്‍ ആഘോഷിക്കുന്നത്. റമദാന് മാസത്തില്‍ 28,29 തീയ്യതികളില്‍ ചന്ദ്രനെ എപ്പോള്‍ കാണും എന്നതിനെ ആശ്രയിച്ചാണ് ചെറിയ പെരുന്നാള്‍ തീയതി നിശ്ചയിക്കുന്നത്. എല്ലാ രാജ്യങ്ങളിലും വ്യത്യസ്തമായ സമയങ്ങളിലാണ് പെരുന്നാള്‍ ആഘോഷം നടക്കുക.
മുസ്ലീം ഭൂരിപക്ഷമുള്ള പല രാജ്യങ്ങളും സൗദി മത അധികാരികള്‍ നിശ്ചയിച്ച തീയതികളാണ് പിന്തുടര്ന്നിരുന്നത്. എന്നാല്‍ പിന്നീട് ഇത് സ്വന്തം ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളിലേക്ക് മാറി. ആരും പട്ടിണി കിടക്കരുതെന്ന സന്ദേശമുയര്‍ത്തുന്ന ഫിതര് സക്കാത്ത് വിതരണത്തിന് ശേഷമാണ് പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. മൈലാഞ്ചിമൊഞ്ചും പുതുവസ്ത്രങ്ങളുടെ പകിട്ടും അത്തറിന്റെ ഗന്ധവുമെല്ലാം പെരുന്നാള്‍ ആഘോഷത്തിന്റെ പ്രധാന സവിശേഷതകളാണ്.
വിശ്വാസികളെ ദൈവത്തോട് കൂടുതല്‍ അടുപ്പിക്കാനും പട്ടിണി കിടക്കുന്നവന്റെ വില അറിയാനും വേണ്ടിയാണ് റമദാനില്‍ നോമ്പ് എടുക്കുന്നത്. ഭൗതിക സുഖങ്ങള്‍ ഉപേക്ഷിച്ച് ദൈവത്തിലേക്ക് അടുക്കുകയാണ് വിശ്വാസികള്‍ ഇതിലൂടെ ലക്ഷ്യ മിടുന്നത്. ഒരുമാസത്തെ വ്രതാനുഷ്ടാനത്തിന് ശേഷമെത്തുന്ന പെരുന്നാള്‍ ആഘോഷം ഇസ്ലാം മത വിശ്വാസികള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ‘സഹനമാണ് ജീവിതം’ എന്ന സന്ദേശം ഉള്‍ക്കൊണ്ട് റമദാന് വ്രതമെടുക്കുന്നവര്‍ക്ക് സന്തോഷത്തിന്റെ ദിനമാണ് പെരുന്നാള്‍. സ്ഥിതിസമത്വത്തിന്റെയും സഹനത്തിന്റെയും അനുതാപത്തിന്റെയും മഹത്തായ സന്ദേശമാണ് ഈദ്-ഉല്-ഫിത്തര്‍ നല്‍കുന്നത്.