തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പി നുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള പൊലീസ് വിന്യാസമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. 183 ഡിവൈഎസ്പിമാരും 100 ഇന്‍സ്‌പെക്ടര്‍മാരും സബ് ഇന്‍സ് പെക്ടര്‍/ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലുള്ള 4,540 പേരും തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കും. 23,932 സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ /സിവില്‍ പൊലീസ് ഓഫീസര്‍മാരും ആംഡ് പൊലീസ് ബറ്റാലിയനില്‍ നിന്നുള്ള 4,383 പൊലീസ് ഉദ്യോഗസ്ഥരും വിവിധ കേന്ദ്രസേനകളില്‍ നിന്ന് 4,464 ഉദ്യോഗസ്ഥരും സുരക്ഷാ ചുമതല നിര്‍വഹിക്കും. ഹോം ഗാര്‍ഡില്‍ നിന്ന് 2,874 പേരെയും തമിഴ്‌നാട് പൊലീസില്‍ നിന്ന് 1,500 പേരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ 24,327 സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരും ഡ്യൂട്ടിയില്‍ ഉണ്ടാകും.
ക്രമസമാധാന പാലനത്തിനായി രണ്ടു വീതം പട്രോളിംഗ് ടീമുകള്‍ ഉണ്ടായിരിക്കും. ദ്രുതകര്‍മ്മ സേനയുടെ ഒരു സംഘം വീതം എല്ലാ സ്റ്റേഷന്‍ പരിധിയിലും ഉണ്ടായി രിക്കും. പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് ഗ്രൂപ്പ് പട്രോള്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ കേന്ദ്രസേനയെ ഉള്‍പ്പെടുത്തിയാണ് സുരക്ഷാനടപടി .
എഡിജിപി എം ആര്‍ അജിത് കുമാര്‍ ആണ് പൊലീസ് വിന്യാസത്തിന്റെ സംസ്ഥാന തല നോഡല്‍ ഓഫീസര്‍. പൊലീസ് ആസ്ഥാനത്തെ ഐ ജി ഹര്‍ഷിത അട്ടലൂരി അസിസ്റ്റന്റ് പൊലീസ് നോഡല്‍ ഓഫീസറാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണങ്ങൾ അവസാനിച്ചു. ആവേശം നിറച്ച കൊട്ടിക്കലാശത്തോടെയാണ് പരസ്യ പ്രചാരണം അവസാനിച്ചത്. അവസാന മണി ക്കൂറുകൾ മുന്നണികൾ തങ്ങളുടെ ശക്തി പ്രകടിപ്പിച്ചു. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ് സ്ഥാനാർഥികളുടെ മുന്നിലുള്ളത്.
ക്രെയിനുകളിലും ജെസിബികളിലുമേറിയാണ് പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ കൊട്ടിക്കലാശത്തിന്‍റെ ഭാഗമായുള്ള റോഡ് ഷോയില്‍ പങ്കെടുത്തത്. 20 മണ്ഡല ങ്ങളിലും വൈകിട്ട് ആറോടെ കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം സമാപിച്ചു. കലാശക്കൊട്ടിനിടെ വിവിധയിടങ്ങളിൽ എൽഡിഎഫ്–യുഡിഎഫ്–ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.
നാളെ രാവിലെ മുതൽ വോട്ടെണ്ണൽ സാമഗ്രികളുടെ വിതരണം നടക്കും. മറ്റന്നാള്‍ നാളെ രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. നാളെ നിശബ്ദ പ്രചാരണം. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. തിരുവനന്തപുരത്തിന് പുറമേ തൃശൂര്‍, കാസര്‍കോട്, പത്തനംതിട്ട ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൈകീട്ട് ആറുമണി മുതല്‍ ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ. പത്തനംതിട്ടയില്‍ നാളെ വൈകീട്ട് ആറുമണി മുതലാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.