#Udf Wave Across State VD Satheesan തൃശൂര്‍ പൂരം അട്ടിമറിച്ചത് ബിജെപിയെ സഹായിക്കാനെന്ന് വിഡി സതീശന്‍; എല്‍ഡിഎഫ് ജയിക്കുന്ന ഒരു സീറ്റ് പറയാൻ വെല്ലുവിളി


തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ യുഡിഎഫ് തരംഗം അലയടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യുഡിഎഫ് 20 ല്‍ 20 നേടും. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിക്കും കേരളം ഭരിക്കുന്ന പിണറായി വിജയനുമെതിരെ ശക്തമായ ജനവികാരമാണ് സംസ്ഥാനത്തുള്ളതെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു.

മോദിയുടെ ഗാരന്‍റിക്ക്‌ പഴയ ചാക്കിന്‍റെ വിലപോലുമില്ല. 37 ദിവസം സംസ്ഥാനത്ത് എല്‍ഡിഎഫിനു വേണ്ടി പ്രചാരണം നടത്തിയ മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ ആക്രമിക്കാനും പൗരത്വ നിയമത്തെ കുറിച്ചു പറയാനുമാണ് ശ്രമിച്ചത്. എന്നാല്‍ പൗരത്വ നിയമത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ വാദങ്ങളെല്ലാം പൊളിഞ്ഞെന്നും സതീശന്‍ വ്യക്‌തമാക്കി.

പാര്‍ലമെന്‍റ്‌ പാസാക്കിയ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാതിരിക്കാന്‍ ഒരു സംസ്ഥാന സര്‍ക്കാരിനാകില്ല. അതിനാല്‍ ഇത് നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം കാപട്യമാണ്. നിയമം ഇല്ലാതാക്കുകയാണ് വേണ്ടത്. അതാണ് കോണ്‍ഗ്രസ് മുന്നോട്ടു വയ്ക്കുന്നത്. കോണ്‍ഗ്രസ് 100 സീറ്റ് തികയ്ക്കില്ലെന്നും ഗുജറാത്ത് ബിജെപി തൂത്തുവാരുമെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്‌താവനയുടെ അര്‍ത്ഥം രാജ്യത്ത് ബിജെപി അധികാരത്തില്‍ വരുമെന്നല്ലേയെന്നും സതീശന്‍ ചോദിച്ചു.

പ്രതിപക്ഷ നേതാവിന്‍റെ വാക്കുകൾ: “കോണ്‍ഗ്രസ് തോറ്റാല്‍ രാജ്യത്താകെ 18 സീറ്റില്‍ മത്സരിക്കുന്ന സിപിഎം അധികാരത്തില്‍ വരുമോ. ഒരു വശത്ത് ബിജെപി തൂത്തു വാരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറയുമ്പോള്‍ മറുവശത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ പറയുന്നത് ബിജെപി സ്ഥാനാര്‍ഥികള്‍ മിടുക്കരാണെന്നാണ്.

രാഹുല്‍ കേരളത്തിലേക്ക് ഒളിച്ചോടിയെന്ന് ഡല്‍ഹിയില്‍ ആദ്യം പറഞ്ഞത് നരേന്ദ്ര മോദിയാണ്. പ്രധാനമന്ത്രി ഇതു പറഞ്ഞതിന്‍റെ തൊട്ടടുത്ത ദിവസം കേരള മുഖ്യ മന്ത്രിയും ഇതു തന്നെ പറഞ്ഞു. ഇവരുടെ പ്രസ്‌താവനകള്‍ പോലും തയ്യാറാക്കുന്നത് ഒരേ ഓഫീസിലാണെന്നാണ് ഇതു തെളിയിക്കുന്നത്. എല്‍ഡിഎഫ് ബിജെപിയുമായി ധാരണയിലാണ്.

കരുവന്നൂര്‍ കേസ് ഡെമോക്ലീസിന്‍റെ വാളുപോലെ ഇവരുടെ തലയ്ക്കു മുകളില്‍ തൂങ്ങി നില്‍ക്കുന്നതാണ് കാരണം. തൃശൂര്‍ സീറ്റില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയിലാണ്. തൃശൂര്‍പൂരം അലങ്കോലമാക്കിയത് ഇതിന്‍റെ ഭാഗമാണ്. 7 മണിക്കൂര്‍ ഒരു കമ്മിഷണര്‍ അഴിഞ്ഞാടിയിട്ട് ആരുമറിഞ്ഞില്ലേ. അവിടെ ജില്ലക്കാരായ രണ്ടു മന്ത്രിമാരുണ്ടായിട്ട് അവരുമറിഞ്ഞില്ലേ.

മുഖ്യമന്ത്രി ഇക്കാര്യമൊന്നുമറിഞ്ഞില്ലേ. ഇതു കൊണ്ടൊന്നും യുഡിഎഫിന്‍റെ സാദ്ധ്യത ഇല്ലാതാക്കാനാകില്ല. എവിടെ ബിജെപി രണ്ടാം സ്ഥാനത്താകുന്നുവോ അവിടെ എല്‍ഡി എഫ് മൂന്നാം സ്ഥാനത്തു പോകും. കേരളത്തില്‍ സിപിഎം ജയിക്കുന്ന ഒരു സീറ്റ് ചൂണ്ടിക്കാട്ടാന്‍ അവരെ വെല്ലുവിളിക്കുന്നു.” യുഡിഎഫ് പരാജയപ്പെട്ടാല്‍ അതിന്‍റെ ഉത്തരവാദിത്തം തനിക്കായിരിക്കും. എന്നാല്‍ എല്‍ഡിഎഫ് ദയനീയ പരാജയം ഏറ്റുവാങ്ങിയാല്‍ മുഖ്യമന്ത്രി രാജിവച്ച് ജനവിധി തേടുമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.


Read Previous

#Chalakkudy Constituency Polls ലോക്‌സഭ തെരഞ്ഞെടുപ്പ്: ചതുഷ്‌ക്കോണ മത്സരം നടക്കുന്ന ചാലക്കുടിയിൽ ഇടതുവലതു പോരാട്ടം ശക്തം

Read Next

ആവേശം തീർത്ത് മുന്നണികൾ; കളറായി കൊട്ടിക്കലാശം; ഇനി നിശബ്ദപ്രചാരണം; സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി 41,976 പൊലീസുകാര്‍ സുരക്ഷ്‌ക്ക്, പ്രശ്‌നബാധിത മേഖലകളില്‍ കേന്ദ്ര സേനയും

Leave a Reply

Your email address will not be published. Required fields are marked *

Most Popular