മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ


ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ അധികാരം ആര്‍ക്ക് നല്‍കണമെന്ന് നിര്‍ണയിച്ചുകൊണ്ടുള്ള വിധിയെഴുത്തിന്റെ ആദ്യപകുതി ചൊവ്വാഴ്ചയോടെ പൂര്‍ത്തിയാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തില്‍ 93 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ രണ്ടു ഘട്ടങ്ങളിലായി 190 സീറ്റുകളില്‍ വിധിയെത്ത് പൂര്‍ത്തിയായി കഴിഞ്ഞു. ചൊവ്വാഴ്ചത്തെ മൂന്നാംഘട്ട വോട്ടെടുപ്പോട് കൂടി 284 സീറ്റുകളിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കും. 543-ല്‍ബാക്കി 259 സീറ്റുകളില്‍ അടുത്ത നാലുഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ് പൂര്‍ത്തീകരിക്കുക.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ 10 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തിലുമായി 93 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. നേരത്തെ മൂന്നാംഘട്ടത്തില്‍ 94 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അനന്തനാഗ്-രജൗരിയിലെ പോളിങ് ആറാംഘട്ടത്തിലേക്ക് മാറ്റുകയും ചെയ്തു. മധ്യപ്രദേശിലെ ബേതുല്‍ ലോക്സഭാ സീറ്റിലെ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ നിന്ന് മൂന്നാം ഘട്ടത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

മൂന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും സീറ്റുകളും

ഗുജറാത്ത്-25
കര്‍ണാടക-14
മഹാരാഷ്ട്ര-11
ഉത്തര്‍പ്രദേശ്-10
മധ്യപ്രദേശ്-9
ഛത്തീസ്ഗഢ്-7
ബിഹാര്‍-5
അസം-4
പശ്ചിമ ബംഗാള്‍-4
ഗോവ-2
ദാദ്ര ഹവേലി-ദാമന്‍ ദിയു-2

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ ഗുജറാത്ത് മൂന്നാംഘട്ടത്തില്‍ ഒന്നടങ്കം ബൂത്തിലേക്ക് പോകും. സംസ്ഥാനത്ത് ആകെയുള്ള 26 സീറ്റുകളില്‍ ഒരിടത്ത് ബിജെപി ഇതിനോടകം വാക്കോവര്‍ നേടിക്കഴിഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളുകയും മറ്റു ബിജെപിയിതര സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിക്കുകയും ചെയ്തതോടെ സൂറത്തില്‍ ബിജെപിയുടെ മുകേഷ് ദലാലിനെ വിജയിയായി ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു.

പ്രധാനമന്ത്രിടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സ്വന്തം സംസ്ഥാനമെന്ന നിലയില്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം ഗുജറാത്ത് നിര്‍ണായകമാണ്. 1995 മുതല്‍ മൂന്ന് പതിറ്റാണ്ടോളമായി കേവല ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് അധികാരത്തിലുള്ള പാര്‍ട്ടിയാണ് ബിജെപി. കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഗുജറാത്തിലെ മുഴുവന്‍ സീറ്റുകളും ബിജെപി തൂത്തുവാരുകയാണ് ഉണ്ടായത്. 2009-ല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് 11 സീറ്റുകളില്‍ വിജയിച്ചിരുന്നു.

ക്ഷത്രിയ സമുദായത്തില്‍ നിന്നുള്ള പ്രതിഷേധമാണ് ബിജെപി ഇത്തവണ നേരിടുന്ന പ്രധാനവെല്ലുവിളി. കേന്ദ്ര മന്ത്രിയും രാജ്‌കോട്ടിലെ സ്ഥാനാര്‍ഥിയുമായ പുരുഷോത്തം രുപാലയുടെ വിവാദ പരാമര്‍ശത്തെ ചൊല്ലിയാണ് പ്രതിഷേധം.

രേവണ്ണ ഇളക്കി മറിച്ച കര്‍ണാടകം

ജെ.ഡി.എസ്. എം.പി. പ്രജ്ജ്വല്‍ രേവണ്ണക്കെതിരേയുള്ള ലൈംഗികാരോപണത്തില്‍ കര്‍ണാടകരാഷ്ട്രീയം കത്തിനില്‍ക്കുമ്പോഴാണ് സംസ്ഥാനത്തിന്റെ പകുതിമണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക് പോകുന്നത്. പ്രജ്ജ്വല്‍ രേവണ്ണ മത്സരിച്ച ഹസനിലടക്കം തെക്കന്‍ കര്‍ണാടകത്തിലും ബെംഗളൂരു മേഖലയിലുമുള്ള 14 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് ഏപ്രില്‍ 26-ന് പൂര്‍ത്തിയായിരുന്നു. ആകെ 28 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.

പ്രചാരണം തീരുന്നതിന് ഒരുദിവസം മാത്രം മുമ്പ് ജെ.ഡി.എസിന്റെ മുതിര്‍ന്നനേതാവും എം.എല്‍.എ.യും മുന്‍ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയെ അന്വേഷണസംഘം അറസ്റ്റു ചെയ്തതും എന്‍ഡിഎയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ആധിപത്യമുള്ള ഏക സംസ്ഥാനമാണ് കര്‍ണാടക. കഴിഞ്ഞ തവണ 28-ല്‍ 25 സീറ്റുകളിലും വിജയിക്കാന്‍ ബിജെപിക്കായിരുന്നു. എന്നാല്‍ ഒരു വര്‍ഷംമുമ്പ് സംസ്ഥാനത്തിന്റെ അധികാരം പിടിച്ചെടുത്ത കോണ്‍ഗ്രസ് ഇത്തവണ പരമാവധി സീറ്റുകള്‍ പിടിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ്. സംസ്ഥാനത്ത് നടപ്പാക്കിയ സൗജന്യ പദ്ധതികളും പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണവും തുണയ്ക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ദക്ഷിണേന്ത്യയിലെ തങ്ങളുടെ പ്രധാന ശക്തികേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പലതവണയാണ് പ്രചാരണത്തിനെത്തിയത്. 2019-ല്‍ ബിജെപിക്ക് ഒറ്റയ്ക്ക് നിന്നാണ് 28-ല്‍ 25 സീറ്റുകളും നേടിയത്. ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന് രണ്ടു സീറ്റുകളാണ് ലഭിച്ചത്. മാണ്ഡ്യ സീറ്റില്‍ സ്വതന്ത്രയായി മത്സരിച്ച സുമലത ബിജെപി പിന്തുണയോടെ വിജയിക്കുകയും ചെയ്തിരുന്നു. ഇത്തവണ ജെഡിഎസ് ബിജെപിക്കൊപ്പമാണ് എന്നതാണ് ശ്രദ്ധേയം. എന്നാല്‍ പജ്ജ്വല്‍ രേവണ്ണക്കെതിരേ ഉയര്‍ന്ന ലൈംഗിക ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ജെഡിഎസ് സഖ്യം ബിജെപിക്ക് നേട്ടമാണോ ദോഷമാണോ ഉണ്ടാക്കിയതെന്ന് വോട്ടെണ്ണുമ്പോള്‍ വ്യക്തമാകും.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു. മൂന്നാം ഘട്ടത്തില്‍ ഇന്ത്യ സഖ്യം ഏറ്റവും പ്രതീക്ഷ വെക്കുന്നത് കര്‍ണാടകത്തിലെ 14 സീറ്റുകളിലാണ്. മഹാരാഷ്ട്രയില്‍ പവാറിനും ഉദ്ധവിനും അനുകൂലമായ സഹതാപ തരംഗം ഗുണം ചെയ്യുമെന്നും സഖ്യം കണക്കുകൂട്ടുന്നു. ഛത്തീസ്ഗഢില്‍ കഴിഞ്ഞ തവണ രണ്ട് സീറ്റൊഴികെ ഒമ്പതെണ്ണവും ബിജെപി നേടിയതാണ്. ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് സീറ്റില്‍ നാലിടത്ത് ശക്തമായ മത്സരമാണ് നടക്കുന്നത്.

മൂന്നാംഘട്ടത്തില്‍ മത്സരിക്കുന്ന പ്രധാന നേതാക്കള്‍

ജ്യോതിരാദിത്യ സിന്ധ്യ- ഗുണ (മധ്യപ്രദേശ്)
ശിവ് രാജ് സിങ് ചൗഹാന്‍ -വിദിശ (മധ്യപ്രദേശ്)
ദ്വിഗ് വിജയ് സിങ്‌- രാജ്ഗഡ് (മധ്യപ്രദേശ്)
ബരാമതി- (മഹാരാഷ്ട്ര) ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയും അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറും മത്സരിക്കുന്നു

ഡിംപിള്‍ യാദവ് -മെയിന്‍പുരി (ഉത്തര്‍പ്രദേശ്)
പ്രഹ്ലാദ് ജോഷി-ധര്‍വാദ് (കര്‍ണാടക)


Read Previous

സഞ്ചാരിള്‍ക്ക് പൂര്‍ണ നഗ്നരായി കടല്‍ സഞ്ചാരം ആസ്വദിയ്ക്കാം; ആഡംബര ക്രൂസ് അടുത്ത വര്‍ഷം യാത്ര ആരംഭിയ്ക്കും

Read Next

ഇരുപത്തിയഞ്ചാമത് ലേൺ ദി ഖുർആൻ ദേശീയ സംഗമത്തിന് പ്രൗഢോജ്വല സമാപനം “

Leave a Reply

Your email address will not be published. Required fields are marked *

Most Popular