കൊല്ലം: രണ്ട് വർഷം മുൻപ് കാണാതായ ഏരൂർ സ്വദേശിയെ സഹോദരനും അമ്മയും ചേർന്ന് കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്ന് സൂചന. കൊല്ലത്ത് ഏരൂരിലാണ് ദൃശ്യം ചിത്രത്തിലേതിന് സമാനമായ നാടകീയമായ സംഭവം ഉണ്ടായിരിക്കുന്നത്. ഷാജി പീറ്റർ എന്ന മോഷ്‌ടാവായ ആളാണ് മരണമടഞ്ഞതായി സ്ഥിരീകരിച്ചത്. ഇയാളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സഹോദരനും അമ്മയും പൊലീസ് കസ്‌റ്റഡിയിലാണ്. ചോദ്യം ചെയ്യലിൽ ഷാജിയുടെ സഹോദരൻ സജിൻ ഇയാളെ കൊലപ്പെടുത്തി കിണറ്റിൻകരയിൽ കുഴിച്ചിട്ടതായി സമ്മതിച്ചു.
പത്തനംതിട്ട ഡിവൈഎസ്‌പിക്ക് ലഭിച്ച നിർണായകമായ വിവരമാണ് കേസ് വീണ്ടും അന്വേഷിക്കാ നിടയായത്. പത്തനംതിട്ട ഡിവൈഎസ്‌പി ഓഫീസിലെത്തിയ ഒരു മദ്യപൻ ഷാജി പീറ്റർ സ്വപ്‌നത്തിൽ വന്ന് തന്റെ മരണത്തിൽ വേണ്ടപോലെ പൊലീസ് അന്വേഷണം നടക്കുന്നില്ലെന്നും ബന്ധുക്കൾക്ക് തന്നോട് സ്‌നേഹമില്ലെന്നും പറഞ്ഞായി മൊഴി നൽകി. തുടർന്ന് പുനലൂർ ഡിവൈഎസ്‌പിക്ക് ഈ വിവരം കൈമാറി. അദ്ദേഹത്തിന്റെ നിർദ്ദേശത്തെ തുടർന്ന് ഏരൂർ എസ്.ഐ ഇന്ന് ഷാജിയുടെ സഹോദരൻ സജിൻ, അമ്മ എന്നിവരെ ചോദ്യം ചെയ്‌തപ്പോഴാണ് വിവരം സത്യമാണെന്ന് അറിഞ്ഞത്.
സജിന്റെ ഭാര്യയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഷാജിയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി വീടിന് സമീപത്തെ കിണറിനടുത്ത് കുഴിച്ചിട്ടെന്നാണ് സജിന്റെ മൊഴി. സ്ഥലം ആർഡിഒയും ഫോറൻസിക് ടീമിനും അസൗകര്യമായതിനാൽ മൃതദേഹം ഇന്ന് പുറത്തെടുക്കില്ല. നാളെ മൃതദേഹം പുറത്തെടുത്ത് പരിശോധനകളും അന്വേഷണവും നടത്തുമെന്ന് ഏരൂർ പൊലീസ് അറിയിച്ചു.