കാലഭേദമില്ലാതെ തലമുറകൾ ഏറ്റെടുത്ത ശബ്ദം’; അനുസ്മരിച്ച് വി ഡി സതീശനും എംവി ഗോവിന്ദനും


തിരുവനന്തപുരം: ഗായകന്‍ പി ജയചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കാലഭേദമില്ലാതെ തലമുറകള്‍ ഏറ്റെടുത്ത ശബ്ദമായിരുന്നു ജയചന്ദ്രന്റേതെന്ന് അദ്ദേഹം അനുസ്മരിച്ചു.

‘ മലയാളി വീണ്ടും വീണ്ടും കേള്‍ക്കണമെന്ന് തോന്നുന്ന അപൂര്‍വ ശബ്ദങ്ങളില്‍ ഒന്ന്. കാലഭേദമില്ലാതെ തലമുറകള്‍ ഏറ്റെടുത്ത ശബ്ദം. പ്രായമേ നിങ്ങള്‍ക്ക് തളര്‍ത്താനാകില്ലെന്ന വാശിയോടെ വീണ്ടും വീണ്ടും മുഴങ്ങിയ ശബ്ദം. പാട്ടിന്റെ ഋതുഭേദങ്ങള്‍ സമ്മാനിച്ച് എന്നും നിലനില്‍ക്കുന്ന ഓര്‍മകളായി പി ജയ ചന്ദ്രന്‍ മടങ്ങുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ വിഡി സതീശന്‍ കുറിച്ചു.

മലയാളി മനസുകളില്‍ ഭാവസാന്ദ്രമായ പാട്ടുകള്‍ നിറച്ച ഗായകനാണ് പി ജയചന്ദ്രനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അനുസ്മരിച്ചു. ‘സംഗീതാരാധകര്‍ നെഞ്ചേറ്റിയ ഭാവഗായ കനായിരുന്നു ജയചന്ദ്രന്‍. തമിഴിലും കന്നഡയിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ആ ശബ്ദം നിറഞ്ഞൊഴുകി. പ്രണയവും വിരഹവുമെല്ലാം ഭാവപൂര്‍ണമായ ശബ്ദത്താല്‍ അദ്ദേഹം അനശ്വരമാക്കി. സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ അര്‍ഹതയ്ക്കുള്ള അംഗീകാരമായി പലകുറി അദ്ദേഹത്തെ തേടിയെത്തി.

അനുരാഗ ഗാനം പോലെയും മഞ്ഞലയില്‍ മുങ്ങി തോര്‍ത്തിയും അദ്ദേഹത്തിന്റെ പാട്ടുകള്‍ ഇനിയും തലമുറകള്‍ ഏറ്റുപാടും. മാഞ്ഞുപോകാത്തെതാരു പാട്ടോര്‍മയായി ഭാവഗായകന്‍ എക്കാലവും സംഗീതാരാധകരുടെ മനസില്‍ നിറയും. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്കും ഭാവസാന്ദ്രമായ പാട്ടുകള്‍ക്കും മരണമില്ല. പി ജയചന്ദ്രന്റെ നിര്യാണത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തക രുടെയും സംഗീതാസ്വാദകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും’ എംവി ഗോവിന്ദന്‍ പറഞ്ഞു.


Read Previous

മലയാളികളുടെ പാട്ടിന്റെ കളത്തോഴനായി; അനുരാഗഗാനം പോലെ…., രാജീവനയനേ നീയുറങ്ങു…’; മാന്ത്രിക ശബ്ദം നിലച്ചു

Read Next

രാജീവനയനേ നീയുറങ്ങൂ..പി ജയചന്ദ്രൻറെ നിര്യാണത്തിൽ അനുശോചിച്ച് കിയ റിയാദ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »