രാജ്യത്തിന്‍റെ ചന്ദ്ര സ്‌പര്‍ശത്തിന് ഒരാണ്ട്; ഇന്ന് ആദ്യ ദേശീയ ബഹിരാകാശ ദിനം


ഹൈദരാബാദ്: 2023 ഓഗസ്റ്റ് 23ന് ചന്ദ്രയാൻ-3 ദൗത്യത്തിന്‍റെ വിജയത്തോടെ ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായും ചന്ദ്രോപരിതലത്തിന്‍റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന ആദ്യ രാജ്യമായും ഇന്ത്യ മാറിക്കഴിഞ്ഞു. ഇത് ഇന്ത്യക്കാർക്ക് ചെറിയ നേട്ടമല്ല. ചന്ദ്രയാൻ-3 സുരക്ഷിതമായി ഇറങ്ങിയതിന്‍റെ സ്‌മരണയ്ക്കായി എല്ലാ വർഷവും ഓഗസ്റ്റ് 23ന് ദേശീയ ബഹിരാകാശ ദിനം ആചരിക്കുകയാണ് രാജ്യം.

രാജ്യത്തിന്‍റെ സുപ്രധാന നേട്ടത്തെ ആദരിക്കുന്നതിനായി ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പൂർണ്ണമായും ഇന്ത്യ തദ്ദേശീയമായി നേടിയ അറിവും സാങ്കേതികവിദ്യയും വച്ച് വികസിപ്പിച്ചെടുത്ത പേടകം രാജ്യത്തിന് വലിയ നേട്ടം തന്നെയായിരുന്നു. ആദ്യത്തെ ദേശീയ ബഹിരാകാശ ദിനം ഇന്ന് (ഓഗസ്റ്റ് 23) രാജ്യത്തുടനീളം ആചരിക്കും.

ഇന്ന് ദേശീയ ബഹിരാകാശ ദിനം. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ വിക്രം ലാൻഡർ സുരക്ഷിതമായി ഇറക്കികൊണ്ട് ചന്ദ്രയാൻ-3 ദൗത്യം വിജയിച്ചതിന്‍റെ സ്‌മരണയ്ക്കായി ഓഗസ്റ്റ് 23ന് ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുകയാണ് രാജ്യം.

രാജ്യത്തിന്‍റെ ബഹിരാകാശ ദൗത്യങ്ങളുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതിനും യുവാക്കളെ പ്രചോദിപ്പിക്കുന്നതിനുമായാണ് സർക്കാർ ഒരു മാസത്തെ പരിപാടികളോടെ ദേശീയ ബഹിരാകാശ ദിനം കൊണ്ടാടാൻ തീരുമാനിച്ചത്. സമൂഹത്തിൽ സാങ്കേതികവിദ്യയുടെയും ബഹിരാകാശ പര്യവേക്ഷണത്തിന്‍റെയും പ്രാധാന്യം ഊന്നിപ്പറയുന്നതാണ് ഈ വർഷത്തെ ദേശീയ ബഹിരാകാശ ദിനാചരണം.

ബഹിരാകാശ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും യുവതലമുറയെ പ്രചോദിപ്പിക്കുകയും ഇടപഴകാൻ അവസരം നൽകുകയും ചെയ്യുക
വിദ്യാർഥികളിൽ ബഹിരാകാശ ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും താൽപര്യം ജനിപ്പിക്കുക
ബഹിരാകാശ പര്യവേഷണത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് പൊതു അവബോധം സൃഷ്‌ടിക്കുക
ബഹിരാകാശ പര്യവേക്ഷണം സാധാരണക്കാരുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും മേഖലയിൽ പുരോഗതിയുണ്ടാകേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ഓർമപ്പെടുത്തുക

ചന്ദ്രയാൻ-1: 2008 ഒക്ടോബർ 22നാണ് ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-1 ശ്രീഹരിക്കോട്ടയിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചത്. 2008 നവംബർ 10ന് ചന്ദ്രൻ്റെ ഭ്രമണപഥത്തിൽ ചന്ദ്രയാൻ-1 വിജയകരമായി പ്രവേശിച്ചു. എന്നാൽ ഓർബിറ്ററുമായുള്ള ബന്ധം നഷ്‌ടപ്പെട്ടതിനെത്തുടർന്ന് 2009 ഓഗസ്റ്റ് 28ന് ഔദ്യോഗികമായി ഇന്ത്യക്ക് ചന്ദ്രയാൻ-1 ദൗത്യം അവസാനിപ്പിക്കേണ്ടിവന്നു.

ചന്ദ്രയാൻ-2: 2019 ജൂലൈ 22 നാണ് ചന്ദ്രയാൻ-2 വിക്ഷേപിച്ചത്. LVM3-M1 റോക്കറ്റാണ് പേടകം വിക്ഷേപിച്ചത്. 2019 ഓഗസ്റ്റ് 20ന് പേടകം ചന്ദ്രൻ്റെ ഭ്രമണപഥത്തിലെത്തി. 2019 സെപ്റ്റംബർ 6-ന് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ലാൻഡിങിന് ശ്രമിച്ചെങ്കിലും സോഫ്‌റ്റ്‌വെയർ തകരാർ കാരണം തകരുകയായിരുന്നു.

ചാന്ദ്രയാൻ-3: ചാന്ദ്രയാൻ-2 ദൗത്യത്തിലെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ച് തകർന്നതിനെ തുടർന്ന് ചന്ദ്രനിൽ റോവർ ഇറക്കാനുള്ള ഇന്ത്യയുടെ ആദ്യ ശ്രമം പരാജയപ്പെട്ടതോടെയാണ് ചാന്ദ്രയാൻ 3 ദൗത്യം ഐഎസ്ആർഒ ആരംഭിച്ചത്. 2023 ജൂലൈ 14ന് ശ്രീഹരിക്കോട്ടയിൽ നിന്നും ചന്ദ്രയാൻ-3 വിക്ഷേപിച്ചു. തുടർന്ന് 2023 ഓഗസ്റ്റ് 5ന് ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രൻ്റെ ഭ്രമണപഥത്തിൽ എത്തിച്ചു.

2023 ഓഗസ്റ്റ് 17നാണ് പേടകത്തിന്‍റെ ലാൻഡർ ഘടകം പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വിജയകരമായി വേർപെടുത്തിയത്. പിന്നീട് 2023 ഓഗസ്റ്റ് 23ന് ചന്ദ്രോപരിതലത്തിന്‍റെ ദക്ഷിണധ്രുവത്തിൽ ചാന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് നടത്തി. ഇതോടെ അമേരിക്ക, ചൈന, റഷ്യ എന്നിവർക്ക് ശേഷം ചന്ദ്രോപരിതലത്തിൽ വിജയകരമായി ഇറങ്ങിയ നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.


Read Previous

സാമുഹ്യ പ്രവര്‍ത്തകന്‍, റിയാദ് ഒ ഐ സി സി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട്‌ അബ്ദുൽ മജീദ് നിര്യാതനായി.

Read Next

മോദി ഗ്രാമീണ ഇന്ത്യയെ ഒറ്റിക്കൊടുത്തതിന്‍റെ ‘ജീവിക്കുന്ന’ സ്‌മാരകമാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »