
കാഞ്ഞങ്ങാട്: ഹോളി ആഘോഷത്തില്‍നിന്ന് വിട്ടുനിന്നതിന് പ്ലസ്ടു വിദ്യാര്‍ഥിയെ സഹപാഠികള്‍ കൂട്ടംചേര്‍ന്ന് മര്‍ദിച്ചു. മടിക്കൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സയന്‍സ് ബാച്ചിലെ കെ.പി. നിവേദ് ബാബുവിനാണ് (17) മര്‍ദനമേറ്റത്. താടിയെല്ല് പൊട്ടിയ നിവേദിന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി.
സംഭവവുമായി ബന്ധപ്പെട്ട് നാല് വിദ്യാര്‍ഥികള്‍ക്കെതിരേ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. തടഞ്ഞുനിര്‍ത്തി സംഘംചേര്‍ന്ന് മര്‍ദിച്ചതിനാണ് കേസ്. അതേസമയം സംഭവം റാഗിങ്ങാണെന്ന രീതിയില്‍ നടക്കുന്ന പ്രചാരണം ശരിയല്ലെന്ന് പ്രിന്‍സിപ്പല്‍ എ.കെ. വിനോദ്കുമാര്‍ പറഞ്ഞു.
കഴിഞ്ഞദിവസം സ്‌കൂളിനടുത്തെ ബസ്സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന തന്നെ സഹപാഠികള്‍ നാലുപേര്‍ ചേര്‍ന്ന് മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയും ഹോളി ആഘോഷത്തില്‍ പങ്കെടുക്കാത്തതിനെക്കുറിച്ച് ചോദിച്ച് മര്‍ദിക്കുകയായിരുന്നുവെന്നുമാണ് നിവേദിന്റെ മൊഴി. ചെമ്മട്ടംവയലിലെ കെ.പി. ബാബുവിന്റെയും വി.വി. രേഖയുടെയും മകനാണ്.