വീണ്ടും കാട്ടാന ആക്രമണം; ചക്കക്കൊമ്പൻ വീട് ആക്രമിച്ചു, പടയപ്പ ജനവാസ മേഖലയിൽ, ദേശീയപാതയിലും കാട്ടാന


മൂന്നാർ: മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം. ജനവാസ മേഖലയിലിറങ്ങിയ ചക്കക്കൊമ്പൻ വീട് ആക്രമിച്ചു. ചിന്നക്കനാൽ സിങ്കുകണ്ടത്ത് വീട് ഇടിച്ചതകർക്കാനായിരുന്നു ശ്രമം. കൂനംമാക്കൽ മനോജിന്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്.

പുലർച്ചെ നാലുമണിയോടെ സിങ്കുകണ്ടത്തെത്തിയ ചക്കക്കൊമ്പൻ വീടിന്റെ വാതിൽ തകർക്കാൻ ശ്രമിക്കുകയായിരുന്നു. വാതിലിൽ കുത്തിയതിന് ശേഷം പിൻവാങ്ങി. വീടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മുൻവശത്തെ ഭിത്തി തകരുകയും ഉള്ളിലെ സീലിങ് തകർന്നതായും വീട്ടുടമ പറഞ്ഞു. ചിന്നക്കനാലിൽ നിന്ന് ആർആർടി സംഘം സ്ഥലത്തെത്തി ആനയെ തുരത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ദേവികുളം മിഡിൽ ഡിവിഷനിൽ ഇറങ്ങിയ പടയപ്പയും ജനവായമേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. അടിമാലി നേര്യമം​ഗലം റൂട്ടിൽ ദേശീയപാതയിലും കാട്ടനയിറങ്ങിയിട്ടുണ്ട്. ആറാംമൈലിലാണ് കാട്ടാന ഇറങ്ങിയത്. യാത്രക്കാർക്ക് ജാ​ഗ്രതാ നിർദേശം നൽകി.

ദേവികുളത്ത് ചൊവ്വാഴ്ച രാത്രി ലയങ്ങൾക്ക് സമീപം കാട്ടാനകൂട്ടം ഇറങ്ങിയിരുന്നു. നാട്ടുകാർ ചേർന്ന് തുരത്തുകയായിരുന്നു.

പത്തനംതിട്ട റാന്നിയിൽ ജനവാസ മേഖലയിലെത്തിയ കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടയിൽ രണ്ടു പേരെ കാട്ടാന ആക്രമിച്ചു. ചെമ്പരത്തിമൂട്ടിൽ മജീഷ്, പനച്ചിക്കൽ രതീഷ് എന്നിവർക്കാണ് പരിക്കേറ്റത്.

വടശ്ശേരിക്കര ബൗണ്ടറിയിൽ ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ജനവാസ മേഖലയിലെത്തിയ കാട്ടാനയെ വനത്തിലേക്ക് ഓടിക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ആക്രമണം. ഇരുവരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Read Previous

ഡീനിന് സൗന്ദര്യമുണ്ട്, മണി അതേക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല; അധിക്ഷേപവുമായി കോണ്‍ഗ്രസ് നേതാവ്‌

Read Next

ഹോളി ആഘോഷത്തില്‍നിന്ന് വിട്ടുനിന്നു; പ്ലസ്ടു വിദ്യാര്‍ഥിയെ സഹപാഠികള്‍ കൂട്ടംചേര്‍ന്ന് മര്‍ദിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular