
നടനും അവതാരകനുമായ മിഥുൻ രമേശ് ബെൽസ് പാൾസി രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടി. മുഖം ഒരു വശത്തേക്ക് താത്‌കാലികമായി കോടുന്ന അസുഖമാണിത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സ തേടിയ വിവരം മിഥുൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
എനിക്കിപ്പോൾ ബെൽസ് പാൾസി എന്ന അസുഖമാണ്. ജസ്റ്റിൻ ബീബറിനൊക്കെ വന്ന അസുഖമാണ്. മുഖത്തിന്റെ ഒരു വശം അനക്കാൻ ബുദ്ധിമുട്ടാണ്. ഒരു കണ്ണ് കറക്ടായിട്ട് അടയും. മറ്റേ കണ്ണ് അടയ്ക്കണമെങ്കിൽ ബലം കൊടുക്കണം. അല്ലെങ്കിൽ രണ്ട് കണ്ണും ഒരുമിച്ച് അടയ്ക്കണം. അല്ലാതെ ചെയ്യാൻ പറ്റില്ല. ഒരു വശം ഭാഗികമായ പരാലിസിസ് എന്നൊക്കെ പറയാവുന്ന രീതിയിൽ ആണെന്ന് മിഥുൻ രമേശ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പറയുന്നു. മാറും എന്നാണ് പറഞ്ഞതെന്നും അനന്തപുരി ആശുപത്രിയിൽ ചികിത്സയിലാണെന്നും മിഥുൻ വ്യക്തമാക്കി,
മുഖത്തെ ഞരമ്പുകൾക്ക് ഉണ്ടാകുന്ന തളർച്ചയാണ് ബെൽസ് പാൾസി. നെറ്റി ചുളിക്കുന്നതിനും കണ്ണടയ്ക്കുന്നതിനും ചിരിക്കുന്നതിനുമൊക്കെ മുഖത്തെ സഹായിക്കുന്നത് ഫേഷ്യൽ മസിലുകളാണ്. ഈ മസിലുകളെ പിന്തുണയ്ക്കുന്നത് ഫേഷ്യൽ നെർവുകൾ ആണ്യ പൂർണമായും ഭേദപ്പെടുത്താൻ കഴിയുന്ന സാധാരണ രോഗമാണിത്. പ്രശസ്ത കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബറിന് ഈ അസുഖം വന്നിരുന്നു. മലയാള നടനും മിമിക്രി താരവുമായ മനോജിനും ഈ അസുഖം വന്നിരുന്നു.