ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന്‍ കത്തയച്ച് മഹുവ
കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നം വിവാദമായതോടെ വഖഫ് എന്ന വാക്കും നമുക്കിടയില്‍ ചര്‍ച്ചയാകുകയാണ്. എന്താണ് വഖഫ്?. അറബി വാക്കാണത്. തടഞ്ഞു വെക്കുക, വിലക്കുക അല്ലെങ്കില്‍ നിര്‍ത്തുക എന്നര്‍ത്ഥം വരുന്ന ഒരു അറബി പദത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് വഖഫ്. അള്ളാഹുവിന്റെ സ്വത്തുക്കള്‍ എന്നതാണ് വഖഫ് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇസ്ലാമിക തത്വ സംഹിത പ്രകാരം, ഭൗതികമായ ഒരു വരുമാനവും പ്രതീക്ഷിക്കാതെ, ദൈവത്തിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ചുകൊണ്ട്, ഒരു പുണ്യകാര്യത്തിനായി ദാനം ചെയ്യുന്ന സ്വത്ത് എന്നാണ്.
1995-ലെ വഖഫ് നിയമം അനുസരിച്ച്, ‘ഭക്തിപരമോ മതപരമോ ജീവകാരുണ്യമോ ആയി ഇസ്ലാമില്‍ പ്രതിപാദിച്ചിരിക്കുന്ന ആവശ്യങ്ങള്‍ക്കായി ജംഗമമോ സ്ഥാവരമോ ആയ സ്വത്തിന്റെ സ്ഥിരമായ സമര്‍പ്പണമാണ്. വഖഫ് എന്നത്, സ്വത്തിന്റെ ഉടമ സ്ഥാവകാശം ഇപ്പോള്‍ കൈവശമിരിക്കുന്ന വ്യക്തിയില്‍ നിന്ന് എടുത്തു മാറ്റപ്പെ ടുകയും അള്ളാഹുവിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്യുന്നു എന്നാണ്. മത സ്ഥാപനങ്ങള്‍ക്കോ, പള്ളികള്‍ക്കോ, ശ്മശാനങ്ങള്‍ക്കോ, വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്കോ, ജീവകാരുണ്യ ആവശ്യങ്ങള്‍ക്കോ, ഇത്തരത്തില്‍ വഖഫ് ആയി സംഭാവന നല്‍കാവുന്നതാണ്.
ഇസ്ലാമിക ചരിത്രത്തിലെ വഖഫ്
വിശുദ്ധ ഖുറാന്‍ വഖഫിനെക്കുറിച്ച് വ്യക്തമായി വിശദീകരിച്ചിട്ടില്ലെങ്കിലും, ദാനധര്‍മ്മത്തെ പ്രോത്സാഹിപ്പിക്കുന്ന വ്യത്യസ്ത വാക്യങ്ങള്‍ ഗ്രന്ഥത്തിലുണ്ട്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ സഹചാരികളിലൊരാളായ അബു തല്‍ഹ അല്‍ അന്‍സാരി ഈന്തപ്പനത്തോട്ടം സംഭാവന ചെയ്തത് ഇസ്ലാമിക ചരിത്രത്തിലെ ആദ്യകാല വഖഫുകളില്‍ ഒന്നാണെന്ന് ഇസ്ലാമിക ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ പ്രബലമായിരുന്ന ഈ ആചാരം ബ്രിട്ടീഷ് കാലത്തും തുടര്‍ന്നു.
ദാനം ചെയ്യുന്ന വ്യക്തിക്ക് വസ്തുവിന്റെ പൂര്‍ണ്ണ ഉടമസ്ഥാവകാശം ഉണ്ടായിരിക്കണം, അത് സ്വീകരിക്കുന്നവര്‍ക്ക് അത് വില്‍ക്കാനോ അനന്തരാവകാശമായി നല്‍കാനോ കഴിയില്ല. വഖഫ് പ്രോപ്പര്‍ട്ടികളില്‍ നിന്നുള്ള വരുമാനം മസ്ജിദുകളുടെ നിര്‍മ്മാണം, ഖുര്‍ആന്‍ പഠന കേന്ദ്രങ്ങള്‍, ഹജ്ജ്, ഉംറ സൗകര്യങ്ങള്‍, മതപ്രചാരണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. എന്നാല്‍ ഇസ്ലാം നിഷിദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ഉപയോഗിക്കാന്‍ പാടുള്ളതല്ല.
വസ്തുവിന്റെ വഖഫ് പദവി അസാധുവാക്കാന്‍ കഴിയുമോ?
ഒരിക്കല്‍ വഖഫ് ആയി നല്‍കിയ സ്വത്ത് അല്ലാഹുവില്‍ നിന്ന് തിരിച്ചെടുക്കാന്‍ കഴിയില്ല. വഖഫായി നല്‍കിയാല്‍ ഉടമസ്ഥാവകാശം വഖീഫില്‍ നിന്ന് അള്ളാഹു വിലേക്ക് മാറ്റപ്പെടുകയാണ്. പിന്നീട് ഇത് പനഃപരിശോധിക്കാനോ അസാധുവാക്കാനോ സാധിക്കുന്നതല്ല.
നിലവിലെ വഖഫ് നിയമങ്ങള്‍
1954-ലെ വഖഫ് നിയമം വഖഫിന്റെ കേന്ദ്രീകരണത്തിന് വ്യവസ്ഥ ചെയ്യുന്നു. 1964-ല്‍ സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സ്ഥാപിച്ചു. 1995-ലെ വഖഫ് ആക്ട് പഴയ നിയമത്തെ പരിഷ്‌കരിച്ചു. വഖഫ് ട്രിബ്യൂണലുകള്‍ കൊണ്ടുവന്നു. അതിന് 1908ലെ സിവില്‍ പ്രൊസീജ്യര്‍ കോഡ് പ്രകാരം ഒരു സിവില്‍ കോടതിയുടെ എല്ലാ അധി കാരങ്ങളും അവകാശങ്ങളും ഉള്ളതാക്കി മാറ്റി.
വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കാന്‍ വഖഫ് ബോര്‍ഡിന് ജുഡീഷ്യല്‍ അധികാര മുണ്ട്. ഒരു ജഡ്ജി ഉള്‍പ്പെടെ മൂന്നംഗങ്ങളുള്ള വഖഫ് ട്രിബ്യൂണലില്‍ ബോര്‍ഡിന്റെ തീരുമാനത്തെ ചോദ്യം ചെയ്യാം. ട്രൈബ്യൂണലിന്റെ ഉത്തരവിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാം. മുസ്ലീം സമുദായത്തിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള വഖഫ് സ്വത്തുക്കളുടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനും ബോര്‍ഡ് ഇടപെടുന്നുണ്ട്.
പുതിയ ബില്ലില്‍ ആശങ്ക
1995ലെ വഖഫ് നിയമം ഭേദഗതി ചെയ്യുന്നതിനും വഖഫ് സ്വത്തുക്കളുടെ ഭരണവും നടത്തിപ്പും മെച്ചപ്പെടുത്തുന്നതിനും വഖഫ് ബോര്‍ഡുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള പ്രഖ്യാപിത ലക്ഷ്യത്തോടെ 2024 ഓഗസ്റ്റ് 8-ന് കേന്ദ്ര സര്‍ക്കാര്‍ വഖഫ് (ഭേദഗതി) ബില്‍, 2024 അവതരിപ്പിച്ചു. ബില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമിതിക്ക് കൈമാറിയിരിക്കുകയാണ്. പുതിയ ഭേദഗതി നിയമത്തെക്കുറിച്ച് മുസ്ലിം ജനതയ്ക്കും സംഘടനകള്‍ക്കും ഇടയില്‍ നിരവധി ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്.
1995ലെ നിയമത്തിലെ ‘വഖഫ് ബൈ യൂസ്’ എന്ന വ്യവസ്ഥ ഇല്ലാതാകും എന്നതാണ് ഒരു പ്രധാനപ്പെട്ട ആശങ്ക. വഖഫ് എന്ന് പരാമര്‍ശിക്കുന്ന രേഖ ഇല്ലാത്ത വസ്തുവും വഖഫ് ആയി ഉപയോഗിച്ചിരുന്നു. യഥാര്‍ത്ഥ പ്രമാണം ഇപ്പോള്‍ ലഭ്യമല്ലാത്തതോ, അല്ലെങ്കില്‍ കേടുപാടുകള്‍ സംഭവിച്ചതോ ആകാം. ‘വഖഫ് ബൈ യൂസ്’ ആയി കണക്കാക്കിയിട്ടുള്ള ഇത്തരം സ്വത്തുക്കളെല്ലാം സര്‍ക്കാര്‍ കണ്ടുകെട്ടുമെന്നാണ് ആശങ്കയുയരുന്നത്. വഖഫ് എന്ന് കൃത്യമായി രേഖയുള്ളവ മാത്രം വഖഫായി പരിഗണിക്കുമെന്നും മുസ്ലിം സംഘടനകള്‍ ആശങ്കപ്പെടുന്നു.
നിലവില്‍ ഭൂരിപക്ഷം വഖഫ് ബോര്‍ഡ് അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ടവരാണ്. എന്നാല്‍ പുതിയ ബില്‍ നിയമമാകുന്നതോടെ എല്ലാ അംഗങ്ങളെയും സര്‍ക്കാരിന് നോമിനേറ്റ് ചെയ്യാം. ഈ വ്യവസ്ഥ ഭരണത്തിലിരിക്കുന്നവര്‍ക്ക് ബോര്‍ഡില്‍ പൂര്‍ണ നിയന്ത്രണം ഉറപ്പാക്കുമെന്ന ആശങ്ക മുസ്ലീം സംഘടനകള്‍ക്കിടയിലുണ്ട്.
വഖഫ് ബോര്‍ഡിന് വഖഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള അധികാരം റദ്ദാക്കും. പകരം വസ്തുവിന്റെ സര്‍വേ ഉത്തരവാദിത്തം ജില്ലാ കലക്ടര്‍മാര്‍ക്ക് നിക്ഷിപ്ത മാക്കുകയും ചെയ്യും. പുതിയ ബില്‍ പ്രകാരം മുസ്ലീം അല്ലാത്ത ഒരാള്‍ക്ക് പോലും സിഇഒ ആകാം. കുറഞ്ഞത് രണ്ട് അംഗങ്ങളെങ്കിലും മുസ്ലീം അല്ലാത്തവരായിരി ക്കണമെന്നും വ്യവസ്ഥയുണ്ട്. മതത്തിന്റെ അടിസ്ഥാനകാര്യങ്ങള്‍ പോലും മനസ്സിലാക്കാത്തവര്‍ക്ക് കര്‍ത്തവ്യങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിക്കാനാകി ല്ലെന്നാണ് മുസ്ലീം സംഘടനക ളുടെ അഭിപ്രായം.
കേരള വഖഫ് ബോര്‍ഡ്
1960-ലാണ് കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് രൂപീകരിക്കുന്നത്. എല്ലാ വഖഫ് സ്ഥാപന ങ്ങളുടെയും സ്വത്തുക്കളുടെയും പൊതുവായ മേല്‍നോട്ടത്തിനും, അതിന്റെ വരുമാനം നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ലക്ഷ്യങ്ങള്‍ക്കാണ് വിനിയോഗിക്കുന്നതെന്ന് ഉറപ്പുവരുക്കുക യുമാണ് ഇതിന്റെ ചുമതല. കേരള വഖഫ് ബോര്‍ഡില്‍ സിഇഒയെ കൂടാതെ, ഏഴ് അംഗങ്ങളും മൂന്ന് സര്‍ക്കാര്‍ നോമിനികളുമുണ്ട്. എം കെ സക്കീറാണ് ബോര്‍ഡിന്റെ നിലവിലെ ചെയര്‍മാന്‍. എംപി പി വി അബ്ദുള്‍ വഹാബ്, എംഎല്‍എമാരായ പി ഉബൈദുള്ള, എം നൗഷാദ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്‍ നിന്നുള്ള അംഗങ്ങള്‍. കേരള വഖഫ് ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത 9,000 സ്ഥാപനങ്ങളുണ്ട്. വഖഫ് സ്വത്തുക്കളുടെ വാര്‍ഷിക റിട്ടേണിന്റെ ഏഴ് ശതമാനം വഖഫ് ബോര്‍ഡ് ശേഖരിക്കുന്നു.