നാഗ്പുര്‍: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ പതറുന്നു. 174 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓസീസിന് എട്ട് വിക്കറ്റുകള്‍ നഷ്ടമായി. ഇന്ത്യ ഒരുക്കിയ സ്പിന്‍ കെണിയില്‍ ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിര വീഴുന്ന കാഴ്ചയാണ് നാഗ്പുരില്‍. രവീന്ദ്ര ജഡേജ നാലും അശ്വിന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ മാരെ നഷ്ടമായി. സ്‌കോര്‍ രണ്ടില്‍ നില്‍ക്കേ ഓരോ റണ്ണുമായി ഓപ്പണര്‍ മാരായ ഡേവിഡ് വാര്‍ണറും ഉസ്മാന്‍ ഖവാജയും മടങ്ങി. പിന്നീട് ക്രീസില്‍ ഒന്നിച്ച മാര്‍നസ് ലബുഷെയ്ന്‍ (49), സ്റ്റീവ് സ്മിത്ത് (37) എന്നിവര്‍ ഇന്നിങ്‌സ് നേരെയാക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 82 റണ്‍സ് കൂട്ടുകെട്ടുമായി മുന്നേറിയ ഇരുവരേയും ജഡേജ മടക്കി.
മാറ്റ് റെന്‍ഷോയെ ജഡേജ ഗോള്‍ഡന്‍ ഡക്കാക്കി. പിന്നീട് ക്രീസില്‍ ഒന്നിച്ച പീറ്റര്‍ ഹാന്‍കോംപ്- അല്‍ക്‌സ് കാരി സഖ്യവും പൊരുതാനുള്ള ശ്രമം നടത്തി. അശ്വിന്‍ എത്തി ഈ കൂട്ടുകെട്ട് പൊളിച്ചു. 36 റണ്‍സുമായി കാരി മടങ്ങി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (6), ടോഡ് മര്‍ഫി (പൂജ്യം) എന്നിവരും അധികം ക്രീസില്‍ നിന്നില്ല. കളി പുരോഗമിക്കുമ്പോള്‍ ഹാന്‍ഡ്‌സ്‌കോംപ് 29 റണ്‍സുമായും നതാന്‍ ലിയോണ്‍ പൂജ്യം റണ്ണുമായും ക്രീസില്‍.