
ന്യൂഡല്‍ഹി: പത്തനംതിട്ടയില്‍ തന്നെ സ്ഥാനാര്‍ഥിയാക്കാതിരിയ്ക്കാന്‍ ഇടപെട്ടെന്ന്, ഈയിടെ ബി.ജെ.പി.യില്‍ ചേര്‍ന്ന പിസി ജോര്‍ജ്ജ്ആരോപണമുന്നയിച്ചതിനുപിന്നാലെ ഡല്‍ഹിയില്‍ ബി.ജെ.പി. കേന്ദ്രനേതൃത്വത്തെക്കണ്ട് ബി ഡി ജെ എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി . ബി.ജെ.പി. ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ചനടത്തിയെന്ന് വ്യക്തമാക്കിയ തുഷാര്‍, താന്‍ പി.സി. ജോര്‍ജിനെതിരേ പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടില്ലെന്നും പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജോര്‍ജിന്‍റെ സ്വഭാവം കേരളത്തില്‍ എല്ലാവര്‍ക്കുമറിയാം. അദ്ദേഹം സ്വയം തിരുത്തുമെന്ന് പ്രതീക്ഷയില്ല. പി.സി. ജോര്‍ജിനെ നിയന്ത്രിയ്ക്കണമെന്ന അഭിപ്രായമുണ്ട്. നിവൃത്തികെട്ടതുകൊണ്ടാണ് തനിക്ക് പ്രതികരിക്കേണ്ടിവന്നതെന്നും തുഷാര്‍ പറഞ്ഞു. പത്തനംതിട്ട വിജയസാധ്യതയുള്ള മണ്ഡലമാണ്. അനില്‍ ബി.ജെ.പി.യുടെ ദേശീയനേതൃത്വത്തിലുള്ളയാളാണ്. പി.സി. ജോര്‍ജ്, അനില്‍ ആന്റണിയെ പരിചയപ്പെടുത്തേണ്ട ഒരാവശ്യവുമില്ല.
ബി.ഡി.ജെ.എസ്. നാലുസീറ്റില്‍ മത്സരിക്കുമെന്നും സ്ഥാനാര്‍ഥിപ്രഖ്യാപനം വൈകില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കോട്ടയം, മാവേലിക്കര, ഇടുക്കി മണ്ഡലങ്ങളില്‍ മത്സരിക്കും. ആലത്തൂര്‍ മണ്ഡലത്തിനുപകരം ചാലക്കുടിയോ എറണാകുളമോ ചോദിച്ചിട്ടുണ്ട്. ബി.ജെ.പി. ആവശ്യപ്പെട്ടാല്‍ താന്‍ കോട്ടയത്ത് മത്സരിക്കുമെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.