ന്യൂഡല്‍ഹി: പ്രശസ്ത എഴുത്തുകാരന്‍ സി രാധാകൃഷ്ണന്‍ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചു. രാജിക്കത്ത് അക്കാദമി സെക്രട്ടറിക്ക് അയച്ചു. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ ‘അക്ഷരോത്സവം’ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചാണ് നടപടി. സാഹിത്യത്തില്‍ യാതൊരു പരിചയവുമില്ലാത്ത വ്യക്തി യാണ് ഉദ്ഘാടനം ചെയ്തതെന്നും അക്കാദമിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തില്‍ രാഷ്ട്രീയവല്‍ക്കരണത്തെ എതിര്‍ക്കുന്നതായും കത്തില്‍ സി രാധാകൃഷ്ണന്‍ പറയുന്നു.

‘സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്രമന്ത്രി ഫെസ്റ്റിവെല്‍ ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധം അറിയിക്കുന്നു. പ്രോഗ്രാമില്‍ ആരുടെയും പേരുണ്ടായിരുന്നില്ല. പിന്നീടാണ് കേന്ദ്രമന്ത്രിയുടെ പേരുള്‍പ്പെടുത്തി ക്ഷണപത്രം അയച്ചത്. കഴിഞ്ഞതവണ സഹമന്ത്രി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് അന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ഞാന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരല്ല. എന്നാല്‍ അക്കാദമിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തില്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നു.’ കത്തില്‍ സി രാധാകൃഷ്ണന്‍ പറയുന്നു.
അക്കാദമിയുടെ ഭരണഘടന പോലും തിരുത്തിയെഴുതാന്‍ രാഷ്ട്രീയ യജമാനന്മാര്‍ ശ്രമിക്കുന്നതായും ഈ സാഹചര്യത്തില്‍ വിശിഷ്ടാംഗമായി തുടരാന്‍ ആഗ്രഹിക്കു ന്നില്ലെന്നും അക്കാദമിയുടെ രാഷ്ട്രീയ വത്കരണം ഒരിക്കലും അംഗീകരിക്കാനാകി ല്ലെന്നും സി രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.