മൂന്ന് ഘട്ടങ്ങളിലായി വെടി നിര്‍ത്തല്‍; ഹമാസിന്റെ പുതിയ സമാധാന പാക്കേജ് ഖത്തറിന് കൈമാറി; ഒരു ഇസ്രായേലി സൈനികന് പകരം 50 തടവുകാരെ വിട്ടയക്കണം


ദോഹ: ഗസ- ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് പുതിയ സമാധാന പാക്കേജുമായി ഗസയിലെ പോരാളി വിഭാഗമായ ഹമാസ് നേതൃത്വം. മേഖലയിലെ സംഘര്‍ഷത്തിന് അയവു വരുത്തുന്നതിന് ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് മൂന്ന് ഘട്ടങ്ങളിലായി വെടി നിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള പുതിയ പാക്കേജ് ഹമാസ് ഖത്തര്‍ മധ്യസ്ഥര്‍ക്ക് കൈമാറിയത്.

വെടിനിര്‍ത്തലിനൊപ്പം ഗാസയ്‌ക്കെതിരായ ഉപരോധം അവസാനിപ്പിക്കുന്നതിനും പരസ്പരം ബന്ദികളെയും തടവുകാരെയും കൈമാറുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ് പുതിയ പാക്കേജ്. ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ചാനലാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇതുപ്രകാരം, ഒന്നാമത്തെ ഘട്ടത്തില്‍ ഗാസയുടെ അതിര്‍ത്തികളില്‍ നിന്ന് ഇസ്രായേല്‍ സേനയെ പിന്‍വലിക്കുകയും സംഘര്‍ഷത്തെ തുടര്‍ന്ന് ആഭ്യന്തരമായി കുടിയൊഴിപ്പി ക്കപ്പെട്ട ആളുകളെ തിരികെ വരാന്‍ അനുവദിക്കുകയും ചെയ്യണം. ഇതേ കാലയളവില്‍ ഗാസ മുനമ്പില്‍ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

തടവുകാരുടെ കൈമാറ്റവും സമ്പൂര്‍ണ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവും അടങ്ങുന്നതാണ് പാക്കേജിലെ രണ്ടാം ഘട്ടം. ഇതുപ്രകാരം ഹമാസ് ബന്ദിയാക്കി വച്ചിരിക്കുന്ന ഒരു ഇസ്രായേലി സിവിലിയനെ മോചിപ്പിക്കുന്നതിന് പകരം ഇസ്രായേല്‍ തടവില്‍ കഴിയുന്ന 30 പലസ്തീന്‍ സ്ത്രീകളെയും കുട്ടികളെയും വിട്ടയക്കണം. ജീവപര്യന്തം തടവ് അനുഭവിക്കുന്ന 30 പേര്‍ ഉള്‍പ്പെടെ 50 പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി തങ്ങളുടെ കസ്റ്റഡിയിലുള്ള ഒരു ഇസ്രായേലി വനിതാ സൈനികയെ മോചിപ്പിക്കാമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

2011-ലെ സംഘര്‍ഷത്തിനിടയില്‍ ഹമാസ് പിടികൂടിയ ഇസ്രായേലി സൈനികന്‍ ഗിലാദ് ഷാലിത്തിന് പകരമായി ഇസ്രായേല്‍ 477 പലസ്തീന്‍ തടവുകാരെ മോചിപ്പിച്ചി രുന്നു. അന്ന് വിട്ടയച്ച ഫലസ്തീനി കളില്‍ വീണ്ടും അറസ്റ്റിലായ ചിലരും മോചിപ്പിക്ക പ്പെടേണ്ടവരുടെ പട്ടികയില്‍ ഹമാസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഘട്ടത്തില്‍, ഗസയില്‍ നിന്ന് ഇസ്രായേല്‍ പൂര്‍ണമായി സൈന്യത്തെ പിന്‍വലിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

സമ്പൂര്‍ണ വെടിനിര്‍ത്തലിന് പകരം ഗസയ്‌ക്കെതിരായ ഇസ്രായേല്‍ ഉപരോധം നീക്കണമെന്നും അവിടെ പുനര്‍നിര്‍മ്മാണ പ്രക്രിയ ആരംഭിക്കാനും പാക്കേജിന്റെ മൂന്നാം ഘട്ടം വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ പുതിയ പാക്കേജിനെ കുറിച്ച് ഇസ്രായേലിന്റെ ഭാഗത്തു നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. മാര്‍ച്ച് 14 മുതല്‍ കെയ്റോയില്‍ വച്ച് ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികളുടെ തിരിച്ചുവരവും ഗസയില്‍ നിന്നുള്ള പൂര്‍ണ സൈനിക പിന്‍മാറ്റവും ഇസ്രായേല്‍ അംഗീകരിച്ചിട്ടില്ല. ഇസ്രായേല്‍ ബന്ദികള്‍ക്കു പകരമായി ഹമാസ് പറുന്നവരെ വിട്ടയക്കാനാവില്ലെന്ന നിലപാടും ഇസ്രായേല്‍ മുന്നോട്ടുവച്ചിട്ടുണ്ട്.


Read Previous

കാന്‍സര്‍ ആണെന്നാണ് കരുതിയത്, വീട് പണി തീരുന്നതിന് മുന്‍പേ മരിക്കുമോ എന്ന് പേടിച്ചു; രോഗാവസ്ഥ വെളിപ്പെടുത്തി വ്‌ളോഗര്‍ ഗ്ലാമി ഗംഗ

Read Next

ഹജ്ജ് സീസണ്‍ മുന്നില്‍ക്കണ്ട് സുരക്ഷാ പരിശോധനകള്‍ കര്‍ക്കശമാക്കി സൗദി ഭരണകൂടം; അനധികൃത താമസക്കാര്‍ക്കെതിരേ റെയ്ഡ്; സൗദിയില്‍ ഒരാഴ്ചയ്ക്കിടെ പിടിയിലായത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 20,667 പേര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »