ഹജ്ജ് സീസണ്‍ മുന്നില്‍ക്കണ്ട് സുരക്ഷാ പരിശോധനകള്‍ കര്‍ക്കശമാക്കി സൗദി ഭരണകൂടം; അനധികൃത താമസക്കാര്‍ക്കെതിരേ റെയ്ഡ്; സൗദിയില്‍ ഒരാഴ്ചയ്ക്കിടെ പിടിയിലായത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 20,667 പേര്‍


റിയാദ്: നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് താമസിക്കുന്ന വിദേശികളെ കണ്ടെത്തി അവരെ നാടുകടത്തുന്നതിനു വേണ്ടിയുള്ള സുരക്ഷാ പരിശോധനകള്‍ കര്‍ക്കശമാക്കി സൗദി ഭരണകൂടം. ഹജ്ജ് സീസണ്‍ മുന്നില്‍ക്കണ്ട് ശക്തമായ നടപടികളാണ് അധികൃതര്‍ കൈക്കൊള്ളുന്നത്.

രാജ്യത്തെ താമസ നിയമങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ എന്നിവ ലംഘിച്ചതിന് സൗദി അധികൃതര്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 20,667 പേരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റിലായവരില്‍ നിരവധി ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പിടിയിലായവരില്‍ കൂടുതല്‍ പേരും രാജ്യത്തെ വിസ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി രാജ്യത്ത് തങ്ങുന്നവരാണ്. താമസ നിയമങ്ങള്‍ ലംഘിച്ചതിന് 14,805 പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. 3,860 പേര്‍ നിയമവിരുദ്ധമായി രാജ്യത്തിന്റെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിനും 2,002 പേര്‍ തൊഴില്‍ സംബന്ധമായ നിയമ ലംഘനങ്ങള്‍ക്കും പിടിയിലായതായും അധികൃതര്‍ വ്യക്തമാക്കി. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ 959 പേരില്‍ 53 ശതമാനം എത്യോപ്യക്കാരും 44 ശതമാനം യെമനികളും 3 ശതമാനം മറ്റ് രാജ്യക്കാരും ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആവശ്യമായ രേഖകളില്ലാതെ അതിര്‍ത്തികള്‍ വഴി അയല്‍രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 58 പേരെയും അതിര്‍ത്തി രക്ഷാ സൈനികര്‍ പിടികൂടി. ഇതിനു പുറമെ, നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് അനധികൃതമായി കഴിയുന്നവര്‍ക്ക് താസമ സൗകര്യ ങ്ങള്‍ ഒരുക്കി നല്‍കിയതിനും ഇവര്‍ക്ക് വാഹനങ്ങള്‍ ഏര്‍പ്പാടാക്കി നല്‍കിയതിനും ഒമ്പത് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു.

രാജ്യത്തെ അനധികൃത താസമക്കാര്‍ക്ക് യാത്രയും താമസവും ഒരുക്കുന്നവര്‍ക്കെതിരേ ശക്തമായ ശിക്ഷാ നടപടികളാണ് അധികൃതര്‍ കൈക്കൊള്ളുന്നത്. ഇവര്‍ക്ക് പരമാ വധി 15 വര്‍ഷം വരെ തടവും 1 മില്യണ്‍ റിയാല്‍ വരെ (260,000 ഡോളര്‍) പിഴയുമാണ് ശിക്ഷ. കൂടാതെ അവര്‍ ഉപയോഗിച്ച വാഹനവും താമസിച്ച വസ്തുവകകളും ജപ്തി ചെയ്യുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇത്തരം സംശയാസ്പദമായ നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ അധികൃതര്‍ക്ക് വിവരം കൈമാറണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മക്ക, റിയാദ് മേഖല കളിലെ ടോള്‍ ഫ്രീ നമ്പറായ 911-ലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ 999 അല്ലെങ്കില്‍ 996-ലുമാണ് ഇക്കാര്യം വിളിച്ച് അറിയിക്കേണ്ടത്.

അതിനിടെ, കഴിഞ്ഞ ആഴ്ചകളില്‍ അറസ്റ്റിലായ അനധികൃത താമസക്കാരില്‍ 6271 പേരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം സൗദിയില്‍ നിന്ന് നാടുകടത്തിയ തായും അധികൃതര്‍ അറിയിച്ചു. 58,708 പുരുഷന്‍മാരും 4,379 സ്ത്രീകളും ഉള്‍പ്പെടെ 63,087 വിദേശികള്‍ അറസ്റ്റിനു ശേഷമുള്ള നിയമ നടപടികള്‍ കാത്തുകഴിയുക യാണെന്നും മന്ത്രാലയം പ്രസ്താവയില്‍ അറിയിച്ചു.


Read Previous

മൂന്ന് ഘട്ടങ്ങളിലായി വെടി നിര്‍ത്തല്‍; ഹമാസിന്റെ പുതിയ സമാധാന പാക്കേജ് ഖത്തറിന് കൈമാറി; ഒരു ഇസ്രായേലി സൈനികന് പകരം 50 തടവുകാരെ വിട്ടയക്കണം

Read Next

ഇസ്രായേലിനെതിരായ ഇറാൻ്റെ വ്യോമാക്രമണം; ‘വ്യോമാക്രമണത്തെ ചെറുക്കാന്‍ സൗദി അറേബ്യയുടെ സഹായം ലഭിച്ചുവെന്ന വാർത്തകൾ ശരിയല്ല’, പ്രചരിച്ച റിപ്പോർട്ടുകൾ തള്ളി സൗദി

Leave a Reply

Your email address will not be published. Required fields are marked *

Most Popular