ഇസ്രായേലിനെതിരായ ഇറാൻ്റെ വ്യോമാക്രമണം; ‘വ്യോമാക്രമണത്തെ ചെറുക്കാന്‍ സൗദി അറേബ്യയുടെ സഹായം ലഭിച്ചുവെന്ന വാർത്തകൾ ശരിയല്ല’, പ്രചരിച്ച റിപ്പോർട്ടുകൾ തള്ളി സൗദി


റിയാദ്: കോണ്‍സുലേറ്റ് ആക്രമണത്തിന് തിരിച്ചടിയായി ഇസ്രായേലിനെതിരേ ഇറാന്‍ നടത്തിയ വ്യോമാക്രമണത്തെ ചെറുക്കാന്‍ സൗദി അറേബ്യയുടെ സഹായം ലഭിച്ചുവെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് സൗദി അറേബ്യ. ഇസ്രയേലിനെതിരായ ഇറാന്‍ ആക്രമണങ്ങള്‍ തടയുന്നതില്‍ സൗദി അറേബ്യക്ക് പങ്കില്ലെന്ന് അല്‍ അറബിയ ടിവി ചാനലിന് നല്‍കിയ പ്രതികരണത്തില്‍ സൗദി വൃത്തങ്ങള്‍ പറഞ്ഞു. ഇസ്രായേലിനെ തങ്ങള്‍ സഹായിച്ചു എന്ന രീതിയില്‍ സൗദി അറേബ്യ ഔദ്യോഗിക പ്രസ്താവനകൾ ആര്‍ക്കും നല്‍കിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് ചില ഇസ്രായേൽ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകളോടുള്ള പ്രതികരണമെന്ന രീതിയിലാണ് സൗദിയുടെ വിശദീകരണം. ഇസ്രായേലിനെതിരായ ഇറാന്‍ ആക്രമണത്തെ കുറിച്ച് നേരത്തേ അറിയാമായിരുന്ന സൗദി അക്കാര്യം ഇസ്രായേലുമായും അമേരിക്കയുമായും പങ്കുവച്ചുവെന്നും ആക്ര മണത്തെ ഫലപ്രദമായി ചെറുക്കാന്‍ അത് സഹായകമായെന്നുമുള്ള രീതിയിലായി രുന്നു വാര്‍ത്തകള്‍ വന്നത്. പേര് വെളിപ്പെടുത്താത്ത സൗദി സര്‍ക്കാര്‍ അധികൃതരെ ഉദ്ധരിച്ചായിരുന്നു വാര്‍ത്ത.

ഇതിനു പുറമെ, സൗദി അറേബ്യയും ജോര്‍ദാനും തങ്ങളുടെ വ്യോമാതിര്‍ത്തി വഴി കടന്നുപോയ ഇറാന്‍ ഡ്രോണുകളെ വെടിവച്ചുവീഴ്ത്തിയതായും രഹസ്യ സ്രോതസ്സു കളെ ഉദ്ധരിച്ച് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. സൗദിയുടെ വ്യോമാതിര്‍ത്തിയിലൂടെ കടന്നുപോവുന്ന ഡ്രോണുകളെ വെടിവച്ചിടുന്നതിനുള്ള ഓട്ടോമാറ്റിക് പ്രതിരോധ സംവിധാനമാണ് ഇതിന് സഹായകമായതെന്ന രീതിയി ലായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത്തരം വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഇക്കാര്യം നിഷേധിച്ചു കൊണ്ട് സൗദി വൃത്തങ്ങള്‍ രംഗത്തെത്തിയത്.

ഇസ്രായേലുമായി നയതന്ത്രബന്ധമില്ലാതിരുന്നിട്ടും സൗദി അറേബ്യ ഇറാനെതിരേ ഇസ്രായേലിനെ സഹായിക്കാന്‍ തയ്യാറായി എന്ന രീതിയിലായിരുന്നു പ്രചരണം. അറബ് രാജ്യങ്ങളുമായി ഇസ്രായേലിനെ അടുപ്പിക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങളുടെ വിജയമാണിതെന്നും വിലയിരുത്തപ്പെടുകയുണ്ടായി. എന്നാല്‍ ഇസ്രായേലിനെയും സൗദിയെയും കൂടുതല്‍ അടുപ്പിക്കുക എന്നതിനോടൊപ്പം ചൈന യുടെ മധ്യസ്ഥതയില്‍ ഇറാനും സൗദിക്കുമിടയിലുണ്ടായ സൗഹൃദം തകര്‍ക്കുകയെന്ന ലക്ഷ്യവും ഇത്തരം പ്രചാരണങ്ങള്‍ക്കു പിന്നിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.


Read Previous

ഹജ്ജ് സീസണ്‍ മുന്നില്‍ക്കണ്ട് സുരക്ഷാ പരിശോധനകള്‍ കര്‍ക്കശമാക്കി സൗദി ഭരണകൂടം; അനധികൃത താമസക്കാര്‍ക്കെതിരേ റെയ്ഡ്; സൗദിയില്‍ ഒരാഴ്ചയ്ക്കിടെ പിടിയിലായത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 20,667 പേര്‍

Read Next

ജപ്പാനും ദക്ഷിണ കൊറിയയും കഴിഞ്ഞാല്‍ ഉറക്കം കുറഞ്ഞ രാജ്യങ്ങളില്‍ സൗദി മൂന്നാമത്; ശരാശരി ഉറക്കം ദിവസം ആറര മണിക്കൂര്‍ മാത്രം

Leave a Reply

Your email address will not be published. Required fields are marked *

Most Popular