കോണ്‍ഗ്രസ് സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷം; ബരാക് ഒബാമയെ ക്ഷണിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍


ബംഗളൂരു: ബെല്‍ഗാം കോണ്‍ഗ്രസ് സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷത്തിലേക്ക് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ ക്ഷണിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് സംസ്ഥാന മന്ത്രി എച്ച്.കെ പാട്ടീല്‍ ബുധനാഴ്ച വ്യക്തമാക്കി.

ഡിസംബറില്‍ ബെല്‍ഗാമിലെ സുവര്‍ണ സൗധയില്‍ (നിയമസഭ മന്ദിരം) നടക്കുന്ന സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ മഹാത്മാഗാന്ധിയെ ലോകനേതാവ് എന്ന് വിളിച്ച ഒബാമയെ ക്ഷണിക്കാനുള്ള ചര്‍ച്ച നടന്നതായി കര്‍ണാടക നിയമമന്ത്രി പറഞ്ഞു.

1924 ലെ ബെല്‍ഗാമിലെ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ 2024-25 ബജറ്റില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക പരിപാടി പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി തന്നെ ബരാക് ഒബാമക്ക് കത്തെഴുതുമെന്നും വരാന്‍ അഭ്യര്‍ത്ഥിക്കുമെന്നും ബുധനാഴ്ച നടന്ന ശതാബ്ദി കമ്മിറ്റിയുടെ ആദ്യ യോഗത്തില്‍ അധ്യക്ഷത വഹിച്ച് എച്ച്.കെ പാട്ടീല്‍ പറഞ്ഞു.

1924 ഡിസംബര്‍ 26-27 തീയതികളില്‍ മഹാത്മാഗാന്ധിയുടെ അധ്യക്ഷതയില്‍ ബെല്‍ഗാമില്‍ ഒരു ദേശീയ കോണ്‍ഗ്രസ് സമ്മേളനം നടന്നു. ഫോട്ടോ പ്രദര്‍ശനം, വസ്തുക്കളുടെ ഒരു വര്‍ഷത്തെ പ്രദര്‍ശനം, സ്മാരക സ്തംഭം സ്ഥാപിക്കല്‍ തുടങ്ങി അതിന്റെ ഓര്‍മ വീണ്ടെടുക്കാന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനും പദ്ധതിയുണ്ടെന്ന് പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു.

ഗാന്ധിജിയോട് അടുപ്പമുള്ള ഗ്രാമവികസനവും സ്വരാജ് പ്രവര്‍ത്തനങ്ങളും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിക്കുമെന്നും അദേഹം പറഞ്ഞു. അര്‍ത്ഥവത്തായതും ക്രിയാത്മകവുമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് കര്‍ണാടക ഗാന്ധി സ്മാരക നിധിയുമായും ഗാന്ധിയന്‍ വിഷയങ്ങളിലെ വിദഗ്ധരുമായും കൂടിയാലോചിക്കുമെന്നും പാട്ടീല്‍ പറഞ്ഞു.


Read Previous

ഇന്ത്യ-ചൈന പ്രശ്നം അവസാനിപ്പിക്കുന്നത് ലോക സമാധാനം നിലനിര്‍ത്താന്‍ സഹായിക്കും’; മോഡിയെ കണ്ടതില്‍ സന്തോഷമെന്ന് ഷീ ജിന്‍പിങ്

Read Next

കണ്ണൂരില്‍ നടക്കുന്ന ഒട്ടേറെ മരണങ്ങളുടെ ഒരു തുടര്‍ച്ചയാണിത്. ദുരൂഹമാണ്. കൊലപാതകമാണ് എന്നു സംശയിക്കുന്ന എല്ലാതെളിവുകളിലേക്കും നയിക്കുന്നുണ്ട് നവീന്‍ ബാബുവിന്റെ മരണം കൊലപാതകമെന്ന് സംശയം’; കേരളത്തിന് പുറത്തുള്ള ഏജന്‍സി അന്വേഷിക്കണമെന്ന് കെ കെ രമ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »