ചന്ദ്രയാന്‍ 4, ശുക്രദൗത്യം, തദ്ദേശീയ ബഹിരാകാശ നിലയം, പുതു തലമുറ ലോഞ്ച് വെഹിക്കിള്‍….; നാലു വമ്പൻ പദ്ധതികള്‍ക്ക് അംഗീകാരം


ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ നാലു ബഹിരാകാശ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. ചന്ദ്രയാന്‍ 4, ശുക്രദൗത്യം (വീനസ് ഓര്‍ബിറ്റര്‍ മിഷന്‍), ഗഗന്‍യാന്‍ പദ്ധതിയുടെ വ്യാപ്തി വിപുലീകരിച്ച് ഇന്ത്യയുടെ തദ്ദേശീയ ബഹിരാകാശ നിലയത്തിന്റെ ആദ്യ യൂണിറ്റിന്റെ നിര്‍മ്മാണം, അടുത്ത തലമുറ ലോഞ്ച് വെഹിക്കിളിന്റെ വികസനം എന്നി നാലു പദ്ധതികള്‍ക്കാണ് കേന്ദ്രമന്ത്രിസഭ പച്ചക്കൊടി കാണിച്ചത്. ഈ നാലു പദ്ധതികളുടെ വികസനത്തിനായി വരുന്ന ചെലവായ 22,750 കോടി രൂപ മന്ത്രിസഭ അനുവദിച്ചു.

ചന്ദ്രയാന്‍ 4

ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ നാലാമത്തെ ദൗത്യത്തിനായി മാത്രം 2,104.06 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചത്. ചന്ദ്രോപരിതലത്തില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്ന ദൗത്യമായിരിക്കും ചന്ദ്രയാന്‍-4ന്. സോഫ്റ്റ് ലാന്‍ഡിംഗിന് ശേഷം ചന്ദ്രോപരിതലത്തില്‍ നിന്ന് പാറ സാമ്പിളുകള്‍ ഭൂമിയിലേക്ക് കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നതാണ് ദൗത്യം. 2027 ല്‍ വിക്ഷേപണം നടത്താനാണ് ലക്ഷ്യമിടുന്നത്. ല്യൂണാര്‍ ഡോക്കിങ്, പ്രിസിഷന്‍ ലാന്‍ഡിങ്, സാമ്പിള്‍ തുടങ്ങിയ ഘടകങ്ങള്‍ ചേര്‍ത്ത് ചന്ദ്രയാന്‍ -3ല്‍ ഉപയോഗിച്ച സാങ്കേതികവിദ്യ വിപുലീകരിക്കും. ഭൂമിയില്‍ സുരക്ഷിതമായി തിരിച്ചെത്തുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

ശുക്രദൗത്യം

ശുക്രഗ്രഹത്തെ കുറിച്ച് പഠിക്കാനുള്ളതാണ് രണ്ടാമത്തെ ദൗത്യം. ഐഎസ്ആര്‍ഒയുടെ ആദ്യ ശുക്രദൗത്യത്തിനുള്ള 1236 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്രമന്ത്രി സഭായോഗം അംഗീകാരം നല്‍കിയത്. ഇതില്‍ 824 കോടി രൂപ ബഹിരാകാശ പേടകം വികസിപ്പിക്കുന്നതിനാണ്. 2028 മാര്‍ച്ചില്‍ വീനസ് ഓര്‍ബിറ്റര്‍ മിഷന്‍ എന്ന പേരിലുള്ള ദൗത്യത്തിന്റെ ഭാഗമായി ശുക്രന്റെ ഭ്രമണപഥത്തിലേക്ക് പേടകത്തെ അയക്കും. ശുക്രന്റെ ഉപരിതലം, അന്തര്‍ഭാഗം, അന്തരീക്ഷസ്ഥിതി, ശുക്രഗ്രഹത്തില്‍ സൂര്യന്റെ സ്വാധീനം തുടങ്ങിയവയെല്ലാം പഠിക്കും.

ഇന്ത്യന്‍ ബഹിരാകാശ നിലയം

ഗഗന്‍യാന്‍ പദ്ധതിയുടെ വ്യാപ്തി വിപുലീകരിച്ച് ഇന്ത്യയുടെ തദ്ദേശീയ ബഹിരാകാശ നിലയത്തിന്റെ ആദ്യ യൂണിറ്റിന്റെ നിര്‍മ്മാണമാണ് മൂന്നാമത്തെ ദൗത്യം. ഭൗമോപരിതലത്തില്‍ നിന്ന് 400 കിലോമീറ്റര്‍ ഉയരത്തില്‍ പരിക്രമണം ചെയ്യുന്ന ഒരു ഇന്ത്യന്‍ ബഹിരാകാശ നിലയം സ്ഥാപിക്കുകയാണ് ലക്ഷ്യം. 52 ടണ്‍ ഭാരമുള്ള ഭീമന്‍ ബഹിരാകാശ നിലയം സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. ഇന്ത്യന്‍ ബഹിരാകാശ യാത്രികര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും മൈക്രോ ഗ്രാവിറ്റി, ജ്യോതിശാസ്ത്രം, ഭൗമ നിരീക്ഷണം എന്നിവയില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനുള്ള ഒരു ഗവേഷണ വേദിയായി ഇത് പ്രവര്‍ത്തിക്കും, കൂടാതെ ബഹിരാകാശയാത്രികരെ 15-20 ദിവസം ഭ്രമണപഥത്തില്‍ തുടരാന്‍ അനുവദിക്കുകയും ചെയ്യും. 2028-ല്‍ വിക്ഷേപണം ലക്ഷ്യമിടുന്ന പദ്ധതിയുടെ ആദ്യ മൊഡ്യൂളിനാണ് ബുധനാഴ്ച മന്ത്രിസഭ അംഗീകാരം നല്‍കിയത്. 2035ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

പുതു തലമുറ ലോഞ്ച് വെഹിക്കിള്‍

ഉയര്‍ന്ന പേലോഡ് ശേഷിയുള്ളതും ചെലവ് കുറഞ്ഞതും പുനരുപയോഗിക്കാവുന്നതും വാണിജ്യപരമായി ലാഭകരമാകാന്‍ സാധ്യതയുള്ളതുമായ പുതിയ വിക്ഷേപണ വാഹന മായ NGLV യുടെ വികസനത്തിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. 1.5 മടങ്ങ് ചെലവില്‍ നിലവിലുള്ളതിന്റെ മൂന്നിരട്ടി പേലോഡ് ശേഷി എന്‍ജിഎല്‍വിക്ക് ഉണ്ടായിരിക്കും.


Read Previous

20കാരനില്‍ ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം കണ്ടെത്തി; പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന അതികഠിനമായ നീര്‍ക്കെട്ട്, തുടര്‍ന്നുള്ള പരിശോധനയില്‍ കണ്ടെത്തല്‍

Read Next

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്, മന്ത്രിസഭ അംഗികാരം വന്നെങ്കിലും കടക്കേണ്ടത് കടമ്പകള്‍ ഏറെ, 18 ഭരണഘടനാ ഭേദഗതികള്‍ ആവിശ്യമായി വരും, പാസ്സാകാന്‍ 326 പേരുടെ പിന്തുണവേണം ആരെല്ലാം എന്‍ഡിഎയ്ക്കു പുറത്തുനിന്ന് പിന്തുണക്കും ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »