ദമാം- സൗദി കിഴക്കൻ പ്രവിശ്യയിലെ കായിക, സാമൂഹിക രംഗങ്ങളിൽ നിസ്തുല സംഭാവന നൽകുന്ന വ്യക്തികൾക്കായി സമ്മാനിക്കുന്ന യു.എഫ്.സി ഫാൽക്കൺ അവാർഡ് ഈ വർഷം അഹ് മദ് പുളിക്കലിന് സമ്മാനിക്കുമെന്ന് പ്രസിഡന്റ് ആശി നെല്ലിക്കുന്ന് അറിയിച്ചു. അഞ്ചു വർഷത്തിലൊരിക്കലാണ് പ്രവാസി കാൽപന്ത് കളി കൂട്ടായ്മയായ അൽകോബാർ യു.എഫ്.സി ഈ അവാർഡ് സമ്മാനിക്കുന്നത്.

പ്രവാസ ലോകത്തെ ഒരു കായിക കൂട്ടായ്മ നൽകുന്ന മികച്ച അവാർഡായാണ് യു.എഫ്. സി ഫാൽക്കൺ അവാർഡിനെ വിലയിരുത്തുന്നത്. പ്രമുഖ കായിക നിരീക്ഷ കനും ഗ്രന്ഥകാരനുമായ ഡോ.മുഹമ്മദ് അഷ്റഫ് (ജർമനി), സാജിദ് ആറാട്ടുപുഴ, മുജീബ് കളത്തിൽ തുടങ്ങിയവരടങ്ങുന്ന ജൂറി കമ്മിറ്റിക്ക് ലഭിച്ച നിർദേശങ്ങളിൽ നിന്നാണ് അഹ് മദ് പുളിക്കലിനെ തെരഞ്ഞെടുത്തത്.
പ്രമുഖ ആതുരാലയമായ ബദർ മെഡിക്കൽ ഗ്രൂപ്പിന്റെ എം.ഡി കൂടിയായ അഹ് മദ് പുളിക്കൽ എന്ന വല്യാപ്പുക്ക സൗദി കിഴക്കൻ പ്രവിശ്യയിലെ ആതുര ശുശ്രൂഷാ മേഖലയിൽ നവീന വിപ്ലവത്തിന്റെ സൃഷ്ടി കൂടിയാണ്. പ്രവാസി കാൽപന്ത് മേഖ ലയ്ക്ക് ദമാമിൽ വളരാനുള്ള എല്ലാ പിന്തുണയും എക്കാലവും നൽകിയിട്ടുള്ള അഹ് മദ് പുളിക്കൽ ഒരു നല്ല ഫുട്ബോൾ ആരാധകനാണ്.
ജൂൺ പതിനാറിന് ഖാദിസിയ സ്റ്റേഡിയത്തിൽ യു.എഫ്.സി സംഘടിപ്പിച്ച് വരുന്ന ഗാൽപ് ചാമ്പ്യൻസ് കപ്പിന്റെ കലാശപ്പോരാട്ട വേദിയിൽ പ്രമുഖർ സംബന്ധിക്കുന്ന പരിപാടിയിൽ അവാർഡ് സമ്മാനിക്കും. എ.ബി.സി കാർഗോ എം.ഡി ഡോ.ശരീഫ് അബ്ദുൽ ഖാദർ, യു.എസ്.ജി ബോറൽ മുൻ എം.ഡി ഫാരിസ് സഗ്ബീനി എന്നിവരാണ് മുൻകാലങ്ങളിലെ അവാർഡ് ജേതാക്കൾ.