ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ (എസ്സിജി) നടക്കാനിരിക്കുന്ന പാക്കിസ്ഥാനെതിരായ തന്റെ വിടവാങ്ങല്‍ ടെസ്റ്റ് മത്സരം കളിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് താരം അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ചത്. ഓസ്ട്രേലിയ ചാമ്പ്യന്മാരായ 2023 ലോകകപ്പിനിടെ 50 ഓവര്‍ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്നതിനെ ക്കുറിച്ച് ആലോചിച്ചിരുന്നതായി വാര്‍ണര്‍ പറഞ്ഞു.

എനിക്ക് ഇനി കുടുംബത്തിന് വേണ്ടത് തിരിച്ച് നല്‍കേണ്ടതുണ്ട്. ഭാര്യ കാന്‍ഡിസിനും പെണ്‍മക്കളായ ഐവി, ഇസ്ല, ഇന്‍ഡി എന്നിവര്‍ക്കുമൊപ്പം കൂടുതല്‍ സമയം ചെല വഴിക്കണം. വിരമിക്കുന്നതിനെ കുറിച്ച് ലോകകപ്പില്‍ ഉടനീളം ഞാന്‍ പറഞ്ഞിരുന്നു. ഇന്ത്യയില്‍ വെച്ച് ലോകകപ്പ് നേടുകയെന്നത് ഒരു വലിയ നേട്ടമാണ്, വാര്‍ണര്‍ സിഡ്‌നിയില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം 2025 ല്‍ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് ഓസ്ട്രേലിയയ്ക്ക് ഒരു ടോപ്പ് ഓര്‍ഡര്‍ ബാറ്ററിനെ ആവശ്യമെങ്കില്‍ താന്‍ വരുമെന്നും വാര്‍ണര്‍ പറഞ്ഞു. ”ഒരു ചാമ്പ്യന്‍സ് ട്രോഫി വരാനുണ്ടെന്ന് എനിക്കറിയാം. രണ്ട് വര്‍ഷത്തിനുള്ളില്‍ ഞാന്‍ നന്നായി ക്രിക്കറ്റ് കളിക്കുകയാണെങ്കില്‍, അവര്‍ക്ക് ആവശ്യമുണ്ടെങ്കില്‍, ഞാന്‍ വരും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ആതിഥേയത്വം വഹിച്ച ഏകദിന ലോകകപ്പില്‍ മികച്ച പ്രകടനമാണ് വാര്‍ണര്‍ നടത്തിയത്. ടീമിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഈ ഇടംകൈയ്യന്‍ ബാറ്റര്‍ ഓസീസ് ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 11 മത്സരങ്ങളില്‍ നിന്ന് 48.63 ശരാശരി യിലും 108.29 സ്ട്രൈക്ക് റേറ്റിലും രണ്ട് സെഞ്ചുറികളും ഒരു അര്‍ധ സെഞ്ചുറിയും സഹിതം 535 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ബാംഗ്ലൂരിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പാക്കിസ്ഥാനെതിരെ നേടിയ 163 റണ്‍സാണ് താരത്തിന്റെ ടോപ് സ്‌കോര്‍.
ഇതുവരെ 161 ഏകദിനങ്ങളില്‍ നിന്ന് 45.30 ശരാശരിയില്‍ 6932 റണ്‍സും 22 സെഞ്ചുറി കളും 33 അര്‍ധസെഞ്ചുറികളും സഹിതം 97.26 സ്ട്രൈക്ക് റേറ്റും വാര്‍ണര്‍ നേടിയിട്ടുണ്ട്. 2009 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഹോബാര്‍ട്ടില്‍ വെച്ചാണ് ഏകദിന അരങ്ങേറ്റം കുറിച്ചത്. റിക്കി പോണ്ടിംഗ്, ആദം ഗില്‍ക്രിസ്റ്റ്, മാര്‍ക്ക് വോ, മൈക്കല്‍ ക്ലാര്‍ക്ക്, സ്റ്റീവ് വോ എന്നിവര്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ആറാമത്തെ ബാറ്ററെന്ന നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.