
കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരേ കൊലപാതകശ്രമം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ചുമത്താത്തതില്‍ വിമര്‍ശനം. സിദ്ധാര്‍ഥനെ ആള്‍ക്കൂട്ടവിചാരണ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് നാട്ടിലേക്ക് പോയിടത്തുനിന്ന് തിരിച്ചുവിളിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കുന്നുണ്ട്. പ്രാഥമികമായിത്തന്നെ ഇതില്‍ ഗൂഢാലോചന വ്യക്തമാണെങ്കിലും പോലീസ് പ്രതികളുടെപേരില്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയിട്ടില്ല. ഇത് കേസിനെ ദുര്‍ബലപ്പെടുത്തുമെന്നാണ് വിമര്‍ശനം.
ഗൂഢാലോചനക്കുറ്റം ചുമത്തിയിട്ടില്ലെങ്കില്‍ പെട്ടെന്നുള്ള പ്രകോപനത്തില്‍നിന്ന് ആക്രമിച്ചതാവാമെന്ന് പ്രതിഭാഗത്തിന് വരുത്തിത്തീര്‍ക്കാന്‍ സഹായകമാവും. എല്ലാ പ്രതികളെയും പിടികൂടിയശേഷം ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചേര്‍ക്കുമെന്നാണ് അന്വേഷണസംഘം പറഞ്ഞിരുന്നത്. പക്ഷേ, മുഴുവന്‍പേരെയും പിടിച്ചുകഴിഞ്ഞിട്ടും ഇതുവരെ ഗൂഢാലോചനക്കുറ്റം ചേര്‍ത്തിട്ടില്ല.
റാഗിങ് ശക്തമായ വകുപ്പാണെങ്കിലും കൊലപാതകശ്രമം ചുമത്താനുള്ള എല്ലാസാധ്യതകളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്നുതന്നെ വ്യക്തമാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു. മൂര്‍ച്ചയുള്ള ആയുധംകൊണ്ട് മര്‍ദിച്ചതിന്റെ പരിക്കുകള്‍ ശരീരത്തിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റെയില്‍വേ ട്രാക്കുമാതിരിയുള്ള(ട്രാംലൈന്‍)പരിക്കുകള്‍ ശരീരത്തിലുണ്ടെന്ന് പ്രത്യേകം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇരുമ്പുകൊണ്ടോ ലാത്തികൊണ്ടോ അടിച്ചാലാണ് ഇത്തരം പരിക്കുകളുണ്ടാവുക. വയറിന് ചവിട്ടിയതിന്റെയും തള്ളവിരല്‍ അമര്‍ത്തിയതിന്റെയും അടയാളവുമുണ്ട്. മൃതപ്രായനായ അവസ്ഥയിലാണ് മറ്റു നിര്‍വാഹമില്ലാത്തതിനാല്‍ സിദ്ധാര്‍ഥന്‍ ജീവനൊടുക്കിയത്. മരണകാരണം പരിക്കുകളല്ലെങ്കിലും അതിലേക്ക് നയിക്കുന്ന രീതിയിലുള്ള പരിക്കുകള്‍ കൊലപാതകശ്രമം ചുമത്താന്‍ പര്യാപ്തമാണ്. ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുമുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് വധശ്രമം ചുമത്താത്തത് എന്നാണ് ഉയരുന്ന ചോദ്യം.
സിദ്ധാര്‍ഥന്റെ കഴുത്തിലെ പരിക്ക് കേബിള്‍ വയറുകൊണ്ട് കുരുക്കിയതാവാനുള്ള സാധ്യതയാണുള്ളതെന്നാണ് ഫൊറന്‍സിക് വിദഗ്ധര്‍ പറയുന്നത്. ഭക്ഷണം നല്‍കിയെങ്കിലും കഴിച്ചില്ലെന്ന് ഒരുവിഭാഗം വിദ്യാര്‍ഥികള്‍ ആരോപിക്കുന്നുണ്ട്. വെള്ളമിറക്കാന്‍പോലും കഴിയാത്ത രീതിയില്‍ കഴുത്തില്‍ മുറുക്കിയിട്ടുണ്ടായിരുന്നോ എന്നാണ് ഉയരുന്ന സംശയം. ഫോണ്‍പോലും അവര്‍ പിടിച്ചുവെച്ചിരിക്കുകയായിരുന്നു. പ്രതികള്‍ ഭീഷണിമുനമ്പില്‍ നിര്‍ത്തിയാവാം അമ്മയെ വിളിപ്പിച്ചത്. അമ്മയുമായി സംസാരിച്ചു, സിദ്ധാര്‍ഥന് ഒരുപ്രശ്‌നവുമില്ല എന്നൊക്കെ വരുത്തിത്തീര്‍ക്കാനുള്ള ആലോചനകള്‍ പ്രതികള്‍ നടത്തിയിട്ടുണ്ടാവാം.