ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പ്( നടത്തിയ പ്രിസൈഡിംഗ് ഓഫീസര്‍ അനില്‍ മസിഹിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. വോട്ടെടുപ്പിന് ശേഷം പ്രിസൈഡിംഗ് ഓഫീസര്‍ ബാലറ്റ് പേപ്പറുകളില്‍ ക്രമക്കേട് നടത്തി. അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യണം. ഇത് ജനാധിപത്യത്തെ പരിഹസിക്കുന്നതും കൊലപ്പെടുത്തു ന്നതുമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ഫെബ്രുവരി ഏഴിന് നിശ്ചയിച്ചിരുന്ന ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ആദ്യയോഗം അനിശ്ചിത കാലത്തേക്ക് മാറ്റിവെക്കാനും സുപ്രീം കോടതി ഉത്തരവിട്ടു. എഎപി കൗണ്‍സിലര്‍ കുല്‍ദീപ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിച്ചത്.

വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന തങ്ങളുടെ അപേക്ഷയില്‍ ഇടക്കാല ഇളവ് അനുവദിക്കാന്‍ വിസമ്മതിച്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. പ്രിസൈഡിംഗ് ഓഫീസര്‍ അനില്‍ മസിഹ് ബാലറ്റ് പേപ്പറില്‍ കൃത്രിമം കാണിച്ചെന്ന് എഎപി-കോണ്‍ ഗ്രസ് സഖ്യം ആരോപിച്ചിരുന്നു. ഇത് മൂലമാണ് മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതെന്നും ഇവര്‍ ആരോപിച്ചിരുന്നു.
‘പ്രിസൈഡിംഗ് ഓഫീസര്‍ ബാലറ്റ് പേപ്പറുകളില്‍ ക്രമക്കേട് നടത്തിയെന്നത് വ്യക്തമാണ്. അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യണം. എന്തിനാണ് അദ്ദേഹം ക്യാമറ യിലേക്ക് നോക്കുന്നത്? മിസ്റ്റര്‍ സോളിസിറ്റര്‍, ഇത് ജനാധിപത്യത്തെ പരിഹസിക്കുകയും ജനാധിപത്യത്തെ ഹനിക്കുന്നതുമാണ്. ഇത് കണ്ട് ഞങ്ങള്‍ പരിഭ്രാന്തരായി.’, വാദത്തി നിടെ സിജെഐ പറഞ്ഞു.