ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
ഹൈദരാബാദ്: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനെന്ന ബഹുമതി നേടിയിരിക്കുകയാണ് നാല് മാസം പ്രായമുള്ള ഒരു കുഞ്ഞ്. ഏകാഗ്രഹ് രോഹന്‍ മൂര്‍ത്തി എന്ന ഈ കുഞ്ഞിന്‍റെ ഇപ്പോഴത്തെ ആസ്‌തി 240 കോടി രൂപയാണ്. ഇത് ഇവന് സമ്മാനിച്ചത് അവന്‍റെ മുത്തച്ഛനാണ്.
ഈ മുത്തച്ഛനെ നിങ്ങളറിയും. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ പേരക്കിടാവാണ് നാല് മാസം പ്രായമുള്ള ഏകാഗ്രഹ്. ഇന്‍ഫോസിസിന്‍റെ 15 ലക്ഷം ഓഹരികളാണ് ഏകാഗ്രഹിന് മുത്തച്ഛന്‍ നാരായണമൂര്‍ത്തി സമ്മാനിച്ചത്. ഇതോടെ ഇന്‍ഫോസിസില്‍ ഇദ്ദേഹത്തിന്‍റെ ഓഹരികള്‍ 0.36ശതമാനമായി ചുരുങ്ങി. 1.51 കോടിയോളമാണ് നാരായണമൂര്‍ത്തിയുടെ ഓഹരികളുടെ എണ്ണം.
തിങ്കളാഴ്‌ച വിപണിയിലെ ഒരു ഓഹരിയുടെ വില 1620 രൂപയാണ്. ഇത് പ്രകാരം ഏകാഗ്രഹിന്‍റെ ആസ്‌തി 243 കോടി രൂപയാണ്. നവംബര്‍ പത്തിനാണ് നാരായണ മൂര്‍ത്തിയുടെയും ഭാര്യയും രാജ്യസഭാംഗവുമായ സുധാ മൂര്‍ത്തിയുടെയും മകന്‍ രോഹന്‍ മൂര്‍ത്തിയ്ക്കും ഭാര്യ അപര്‍ണ കൃഷ്‌ണനും മകന്‍ ജനിച്ചത്.
സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുധാ മൂര്‍ത്തി കഴിഞ്ഞാഴ്‌ചയാണ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തത്. ഇവര്‍ക്കൊപ്പം ഭര്‍ത്താവ് നാരായണ മൂര്‍ത്തിയും എത്തിയിരുന്നു. ഇവരുടെ മൂന്നാമത്തെ പേരക്കുട്ടിയാണ് ഏകാഗ്രഹ്.
ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികളും പേരക്കിടാങ്ങളായി ഉണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്‍റെയും ഭാര്യ അക്ഷത മൂര്‍ത്തിയുടെയും മക്കളായ കൃഷ്‌ണയും അനുഷ്‌കയും ആണവര്‍. ഇന്‍ഫോസിസിന്‍റെ ഉടമസ്ഥതയില്‍ അക്ഷതയ്ക്ക് 1.05ശതമാനം ഓഹരി കളുണ്ട്. സുധയ്ക്ക് 0.93 ശതമാനവും രോഹന് 1.64 ശതമാനവുമാണ് ഓഹരികള്‍. ഡിസംബര്‍ പാദത്തിലെ കണക്കുകളാണിത്.
നാരായണമൂര്‍ത്തിയുടെ കുടുംബം എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. മരുമകന്‍ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തിയത് മുതല്‍ രണ്ട് രാജ്യങ്ങളിലും ഇവര്‍ വാര്‍ത്തകള്‍ സൃഷ്‌ടിക്കുന്നുണ്ട്. ഇപ്പോഴിതാ നാല് മാസം പ്രായമുള്ള പേരക്കിടാവിന് ശതകോടികള്‍ സമ്മാനിച്ചും വാര്‍ത്തയാകുകയാണ്.
നാരായണമൂര്‍ത്തി യുവാക്കളോട് ആഴ്‌ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യാന്‍ ആഹ്വാനം ചെയ്‌ത് വിവാദത്തിലായത് അടുത്തിടെയാണ്. പല യുവാക്കളും കമ്പനി മേധാവികളും നാരായണമൂര്‍ത്തിയുടെ ആഹ്വാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ജീവിതവും തൊഴിലും തമ്മിലുള്ള സന്തുലനത്തിന് ഇത് വിഘാതമാകുമെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്. ചെറിയൊരു വിഭാഗം നാരായണമൂര്‍ത്തിയെ പിന്തുണച്ചു. എന്നാല്‍ പലരും മാനസിക-ശാരീരിക ആരോഗ്യം ചൂണ്ടിക്കാട്ടി ഇതിനെ എതിര്‍ത്തു.