
തൃശ്ശൂര്‍: വെള്ളമെന്നു കരുതി അബദ്ധത്തില്‍ ടര്‍പന്റയിന്‍ കുടിച്ചയാളെ അമല ആശുപത്രിയില്‍ ശ്വാസകോശം കഴുകി രക്ഷിച്ചു. പുല്ലഴി സ്വദേശിയായ 60 കാരനാണ് രക്ഷപ്പെട്ടത്. പെയിന്റില്‍ ചേര്‍ക്കാനായി വെള്ളക്കുപ്പിയില്‍ വാങ്ങിവെച്ച ടര്‍പന്റയിനാണ് കുടിച്ചത്.
കുടിക്കുന്നതിനിടെ കുറച്ചുഭാഗം ശ്വാസകോശത്തിൽ കയറി. അടുത്തുള്ള ആശുപത്രിയിൽ എത്തിയെങ്കിലും കുഴപ്പമില്ലെന്നുപറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.രണ്ടുദിവസം കഴിഞ്ഞപ്പോൾ കടുത്ത പുറംവേദനയും കഫക്കെട്ടും അനുഭവപ്പെട്ടു. തുടർന്ന് എക്‌സ്‌റേ എടുത്തപ്പോഴാണ് ശ്വാസകോശത്തിൽ ഈ ലായനി ഉണ്ടെന്നു വ്യക്തമായത്. തുടർന്നാണ് അമല ആശുപത്രിയിൽ എത്തിയത്.
പൾമനോളജി പ്രൊഫസർ ഡോ. തോമസ് വടക്കന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ശ്വാസകോശത്തിൽ ടർപന്റയിൻ സാന്നിധ്യം സ്ഥിരീകരിച്ചു. ശരീരത്തിൽ അപ്പോഴേക്കും ഓക്‌സിജന്റെ അളവ് കുറഞ്ഞുതുടങ്ങിയിരുന്നു. തുടർന്ന് ശ്വാസകോശം പലതവണ കഴുകി. ടർപന്റയിൻ അംശം പൂർണമായും നീക്കി.
മൂക്കിലൂടെ ട്യൂബ് കടത്തി (ബ്രോങ്കോസ്കോപ്പി) സലൈൻ ഉപയോഗിച്ചാണ് ശ്വാസകോശം കഴുകിയത്.
ഒന്നര മണിക്കൂറുകൊണ്ട് അര ലിറ്റർ സലൈൻ പല തവണയായി ഉപയോഗിച്ചു. ഡോ. തോമസ് വടക്കനൊപ്പം ഡോ. ശില്പ, ഡോ. ശുഭം ചന്ദ്ര, ആഷ്‌ലി, രശ്മി എന്നിവരാണ് ചികിത്സാ സംഘത്തിലുണ്ടായിരുന്നത്.