സൂര്യാഘാതം മരണത്തിലേയ്ക്കുവരെ നയിക്കാം; പകൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിയ്ക്കണം


സംസ്ഥാനത്ത് ആദ്യമായി പാലക്കാട് ഉഷ്ണതരംഗ പ്രഖ്യാപനമുണ്ടയതോടെ പകൽസമയങ്ങളിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണം. സൂര്യാഘാതം മരണത്തിലേക്കുവരെ നയിക്കാം. ചൂടു കൂടിയതോടെ രോഗങ്ങളും കൂടുന്നതായി പാലക്കാട്ടെ ആരോഗ്യവകുപ്പധികൃതർ പറയുന്നു.

ശനിയാഴ്ച പാലക്കാട്ട് രേഖപ്പെടുക്കിയത് 41.8 ഡി​ഗ്രി സെൽഷ്യസാണ്. ഇത് 1951-നുശേഷം കേരള ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവുംകൂടിയ ചൂടാണ്. 1987 ഏപ്രിൽ 22-നും ഇതേ ചൂടായിരുന്നു. 2016 ഏപ്രിൽ 27-ന് രേഖപ്പെടുത്തിയ 41.9 ഡി​ഗ്രിയാണ് റെക്കോഡ്.

സൂര്യാഘാതമേറ്റ് ഒരു മരണമാണ് ജില്ലയിൽ ഇതുവരെയുണ്ടായത്. ചൂടുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങളുമായി വെള്ളിയാഴ്ചവരെ ജില്ലയിലെ ആശുപത്രികളിലെത്തി ചികിത്സതേടിയത് 198 പേരാണ്. 22 പേർ ചെറിയരീതിയിലുള്ള പൊള്ളലേറ്റ് ചികിത്സതേടിയിട്ടുണ്ട്.

കൊല്ലം, തൃശ്ശൂർ ജില്ലകളിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമുണ്ട്. ഈ ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. ഇതേ ചൂട് വരുംദിവസങ്ങളിലും നിലനിന്നാൽ ഉഷ്ണതരംഗം പ്രഖ്യാപിക്കും. കൊല്ലം പുനലൂരിലും തൃശ്ശൂർ വെള്ളാനിക്കരയിലും 38 ഡിഗ്രിയാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. വേനൽമഴ കാര്യമായി പെയ്യാനും സാധ്യതയില്ലാത്തതിനാൽ അടുത്തെങ്ങും ഉഷ്ണം ശമിക്കില്ല. കോഴിക്കോട്ടും കണ്ണൂരും 38 ഡിഗ്രിവരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർകോട്, പത്തനംതിട്ട എന്നിവിടങ്ങളിൽ 37 ഡിഗ്രിവരെയും തിരുവനന്തപുരത്ത് 36 ഡിഗ്രിവരെയും താപനില ഉയരാം.

• ഉഷ്ണതരംഗമുള്ള പ്രദേശങ്ങളിൽ പകൽ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം.

• ശരീരത്തിൽ നേരിട്ട് വെയിൽ ഏൽക്കുന്ന പുറംജോലികളും കായികവിനോദങ്ങളും നിർത്തിവെക്കണം.

• യാത്രകളിലെല്ലാം കുടിവെള്ളം കരുതണം.

• അത്യാവശ്യത്തിനു പുറത്തിറങ്ങേണ്ടിവന്നാൽ കുടയും ചെരുപ്പും നിർബന്ധമായും വേണം.

• വെയിലേൽക്കുന്ന പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിക്കരുത്.

• ഗർഭിണികൾ, പ്രായമേറിയവർ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവരുടെ കാര്യങ്ങളിൽ പ്രത്യേക കരുതൽ വേണം.

• കുട്ടികൾക്ക് ധാരാളം വെള്ളം നൽകണം

• നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ, കാപ്പി എന്നിവ പകൽസമയത്ത് പൂർണമായും ഒഴിവാക്കണം.

• വീട്ടിലും ഓഫീസിലും തൊഴിലിടത്തും വായുസഞ്ചാരം ഉറപ്പുവരുത്തണം.

• തീപ്പിടിത്തസാധ്യതകൾ തടയണം.

• സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ വെയിലുള്ള സ്ഥലത്തുനിന്ന് തണുത്ത സ്ഥലത്തേക്കു മാറി വിശ്രമിക്കണം.

• ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങൾ നീക്കംചെയ്യുക.

• തണുത്ത വെള്ളംകൊണ്ട് ശരീരം തുടയ്ക്കുക.

• ധാരാളം പാനീയങ്ങൾ കുടിക്കാൻ നൽകുക.

• ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.


Read Previous

വെള്ളമെന്നു കരുതി ടര്‍പന്റയിന്‍ കുടിച്ചു; ശ്വാസകോശം കഴുകി രക്ഷിച്ചു

Read Next

മോദിയുടെ മുസ്ലിം വിദ്വേഷ പ്രസംഗം, ചോദ്യം ചെയ്തു; ബിജെപി ന്യൂനപക്ഷ മോർച്ച മുൻ നേതാവ് അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular