മോദിയുടെ മുസ്ലിം വിദ്വേഷ പ്രസംഗം, ചോദ്യം ചെയ്തു; ബിജെപി ന്യൂനപക്ഷ മോർച്ച മുൻ നേതാവ് അറസ്റ്റിൽ


ജയ്പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസ്താവനയെ വിമർശിച്ചതിന് ബി.ജെ.പി. ന്യൂനപക്ഷ മോർച്ച മുൻ നേതാവ് ഉസ്മാൻ ഘനിയെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ പോലീസാണ് ഉസ്മാൻ ഘനിയെ അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കഴിഞ്ഞ ആഴ്ച മോദിയുടെ വിദ്വേഷ പരാമർശത്തെ വിമർശിച്ചതിന് പിന്നാലെ ഉസ്മാൻ ഘനിയെ മുസ്ലിം മോർച്ചയിൽ നിന്ന് ബി.ജെ.പി. പുറത്താക്കിയിരുന്നു. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചതിനാണ്‌ ഉസ്മാൻ ഘനിയ്ക്കെതിരേ ബിക്കാനീർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

തിരഞ്ഞെടുപ്പ് റാലിയിൽ വെച്ച് പ്രധാനമന്ത്രി നടത്തിയ വിദ്വേഷ പരാമർശങ്ങളെ ഉസ്മാൻ ഘനി ശക്തമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ ആറ് വർഷത്തേക്ക് അദ്ദേഹത്തെ പാർട്ടിയിൽ സസ്പെൻഡ് ചെയ്യുകയായിരുന്നു. സമ്പത്തിന്റെ പുനര്‍വിതരണം സംബന്ധിച്ച് രാജസ്ഥാനിലെ ബൻസ്വാര ലോക്സഭാ മണ്ഡലത്തിൽ വെച്ച് മോദി നടത്തിയ വിദ്വേഷ പ്രസംഗത്തെ വിമർശിച്ചാണ് ഉസ്മാൻ ഘനി രംഗത്തെത്തിയത്.

‘സമ്പത്ത് പിടിച്ചെടുത്ത് മുസ്ലിങ്ങൾക്ക് വിതരണം ചെയ്യുന്നു എന്ന മോദിയുടെ പ്രസ്താവന നിരാശാജനകമാണ്. ഞാൻ ഒരും ബി.ജെ.പി. അംഗമാണ്. മുസ്ലിംങ്ങൾക്കിടയിൽ വോട്ട് ചോദിച്ചു പോകുമ്പോൾ അവർ എന്നോട് പ്രധാനമന്ത്രിയുടെ പരാമർശത്തെക്കുറിച്ച് ചോദിക്കുന്നു, ഞാൻ കുഴങ്ങുകയാണ്. ഇതുപോലെ ഇനി സംസാരിക്കരുത് എന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതും’- എന്നായിരുന്നു അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞത്.

എ.ബി.വി.പി. അംഗമായിരുന്ന ഉസ്മാൻ ഘനി 2005-ലാണ് ബി.ജെ.പിയിൽ ചേരുന്നത്. തുടർന്ന് ബിക്കാനീർ ജില്ലയിലെ ന്യൂനപക്ഷ മോർച്ചയുടെ ചുമതല വഹിച്ചു വരികയായിരുന്നു. വിമർശനത്തിനു പിന്നാലെ അദ്ദേഹത്തെ പുറത്താക്കിയിരുന്നു.


Read Previous

സൂര്യാഘാതം മരണത്തിലേയ്ക്കുവരെ നയിക്കാം; പകൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിയ്ക്കണം

Read Next

കൊച്ചിയില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു; ഒരാള്‍ കൊല്ലപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular