
ഓടുന്ന വാഹനത്തിന്റെ സണ്‍റൂഫ്, വിന്‍ഡോകള്‍ എന്നിവയിലൂടെ തല പുറത്തിട്ടാല്‍ 2000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് അബുദാബി, ദുബായ് പോലീസ് സേനകളുടെ മുന്നറിയിപ്പ്. നിയമലംഘകരുടെ വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുകയുംചെയ്യും. വാഹനം വിട്ടുകിട്ടണമെങ്കില്‍ 50,000 പിഴ അടയ്ക്കണമെന്നും പോലീസ് വ്യക്തമാക്കി.
അപകടകരമായ ഡ്രൈവിങ്ങിന്റെ ഫലമായി കഴിഞ്ഞവര്‍ഷം 1,183 നിയമലംഘനങ്ങളാണ് ദുബായില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വിവിധ നിയമലംഘനങ്ങളിലായി 707 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. റോഡിലിറങ്ങുമ്പോള്‍ അതീവജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
യാത്രക്കാര്‍ സണ്‍റൂഫ്, വിന്‍ഡോ എന്നിവകളിലൂടെ തല പുറത്തിടുന്നില്ലെന്ന് ഡ്രൈവര്‍മാര്‍ ഉറപ്പുവരുത്തണം. നിരുത്തരവാദപരമായ പെരുമാറ്റങ്ങള്‍ ഒഴിവാക്കണം. ഇത്തരം അപകടകരമായ പ്രവൃത്തികള്‍ മറ്റു റോഡ് ഉപയോക്താക്കളുടെ ജീവനും ഭീഷണിയാകുന്നുണ്ടെന്ന് പോലീസിലെ ട്രാഫിക് ജനറല്‍ വകുപ്പ് മേധാവി മേജര്‍ ജനറല്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂഇ പറഞ്ഞു.
സണ്‍റൂഫുകളിലൂടെ തല പുറത്തേക്കിടുന്നതും ഇരിക്കുന്നതും അത്യന്തം അപകടമാണ്. അപ്രതീക്ഷിതമായി വാഹനം നിര്‍ത്തുകയോ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുകയോ ചെയ്താല്‍ ഗുരുതര പരിക്കുകള്‍ സംഭവിച്ചേക്കാം.
ഗതാഗത സുരക്ഷ വര്‍ധിപ്പിക്കാനും അപകടങ്ങള്‍ ഇല്ലാതാക്കാനും പോലീസും സമൂഹവും ഒന്നിച്ച് പരിശ്രമിക്കണമെന്നും അല്‍ മസ്‌റൂഇ പറഞ്ഞു. അപകടകരമായ ഡ്രൈവിങ് രീതികള്‍ ഒഴിവാക്കണമെന്നും ഗതാഗതനിയമങ്ങള്‍ അനുസരിക്കണമെന്നും അബുദാബി ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍സ് അധികൃതരും ആവശ്യപ്പെട്ടു.