ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
കാളികാവ് (മലപ്പുറം): രണ്ടരവയസ്സുള്ള മകളെ കൊന്ന കേസിൽ പ്രതിയായ ഉദരംപൊയിലിലെ ഫായിസ് വിവാഹംമുതൽ ഭാര്യയോടും ഭാര്യാവീട്ടുകാരോടും പെരുമാറിയത് പകയോടെയെന്ന് വീട്ടുകാർ.വിവാഹവാഗ്ദാനം നൽകി പ്രണയത്തിലായ ഫായിസ് പിന്നീട് കല്യാണത്തിൽനിന്ന് പിൻമാറാൻ ശ്രമിച്ചു. അതോടെ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ചതിന് കേസുമായി. കല്യാണത്തിനു മുമ്പ് ഭാര്യ നൽകിയ കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
പരാതിയെത്തുടർന്ന് നാട്ടുകാരും ബന്ധുക്കളും പോലീസും ചേർന്ന് നടത്തിയ ചർച്ചയിലാണ് വിവാഹം നടത്താൻ തീരുമാനിച്ചത്. പൊതുമധ്യത്തിൽ സമ്മതിച്ചെങ്കിലും വിവാഹത്തിന് ഫായിസ് താൽപ്പര്യം കാണിച്ചില്ല. ഒഴിഞ്ഞുമാറാനായി വാഹനാപകടമുണ്ടാക്കി ആത്മഹത്യക്കുവരെ ഫായിസ് ശ്രമിച്ചതായി നാട്ടുകാർ പറഞ്ഞു.
അപകടത്തിൽ ഒരു കൈയുടെ സ്വാധീനം നഷ്ടപ്പെട്ടു. മറ്റു മാർഗമില്ലാതെയാണ് വിവാഹം നടത്തേണ്ടിവന്നതെന്ന് അയൽവാസികൾ പറഞ്ഞു.
വിവാഹം കഴിഞ്ഞപ്പോൾ മുതൽ മർദനം തുടരുകയാണെന്ന് ഭാര്യ. മർദനം സഹിക്കാനാവാതെ ഒന്നിലേറെ തവണ അവർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വീട്ടിലെ പീഡനത്തിന് ഭാര്യ നൻകിയ കേസ് കോടതി പരിഗണിക്കാൻ വെച്ചിരുന്നത് ചൊവ്വാഴ്ചയാണ്. അന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ഫായിസ് അറസ്റ്റിലായി. ഭാര്യവീട്ടുകാർ കാളികാവ്, പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയപ്പോഴൊക്കെ കൂടുതൽ അക്രമം നടത്തി പരാതി പിൻവലിപ്പിക്കുന്നതായിരുന്നു ഫായിസിന്റെ രീതിയെന്ന് വീട്ടുകാർ പറയുന്നു. കുട്ടി ജനിച്ചതോടെ കുട്ടിയെയും മർദിക്കാൻ തുടങ്ങി.
കരുളായിയിലെ ഭാര്യയുടെ വീട്ടിൽ കയറി മാതാവിനെ ആക്രമിച്ചതായും ഫായിസിനെതിരേ പരാതിയുണ്ട്. മർദനം ഭയന്ന് പോലീസിനെ സമീപിക്കാൻ പോലും ഭാര്യയും വീട്ടുകാരും മടിച്ചു.ഭാര്യയെ മർദിച്ചിട്ടും കേസിൽനിന്ന് പിന്മാറുന്നില്ലെന്ന് വന്നതോടെയാണത്രേ കുട്ടിക്കു നേരേ തിരിഞ്ഞത്.
ഒരു വീട്ടിൽ കഴിയുമ്പോൾപോലും കുഞ്ഞിനെ മാതാവിൽനിന്ന് അകറ്റിനിർത്തിയിരുന്നു. പിന്നീട് കുഞ്ഞിനെ മാതാവിന്റെ കൺമുന്നിലിട്ട് മർദിക്കാൻ തുടങ്ങി. തടയാൻ ശ്രമിക്കുമ്പോൾ ഭാര്യക്കും ക്രൂരമർദനംതന്നെ. ഇതിനിടെ ഒരു കേസ് കോടതിയുടെ പരിഗണനയിലെത്തി. അതു പിൻവലിപ്പിക്കാൻ കഴിഞ്ഞില്ല.
പിന്നെയും പക്ഷേ, ഫായിസ് ക്രൂരത തുടർന്നു. വീട്ടിൽ ഫായിസിന്റെ മകളുടെ പ്രായമുള്ള സഹോദരിയുടെ കുട്ടിയുമുണ്ട്. രണ്ട് കുട്ടികളോടും വിവേചനപൂർവമാണ് വീട്ടിലുള്ളവരടക്കം പെരുമാറിയിരുന്നതെന്ന് അയൽവാസികളും നാട്ടുകാരും പറഞ്ഞു. എന്നാൽ ഇത്ര ക്രൂരമായ മർദനങ്ങൾ നടക്കുന്നുണ്ടെന്ന് അയൽവാസികളും മനസ്സിലാക്കിയിരുന്നില്ല.
സ്വന്തം മകളായ രണ്ടരവയസുകാരിയെ കൊലപ്പെടുത്തിയതിന്റെ നടുക്കത്തിൽ നാട്ടുകാരും ഫായിസിനെതിരേ സംഘടിച്ചിട്ടുണ്ട്. ഫായിസിന്റെ പിതാവ് മരത്തിൽനിന്ന് വീണ് മരിച്ചശേഷം കുടുംബത്തിന് നാട്ടുകാരാണ് വീടുവെച്ചുനൽകിയത്.