ഒറ്റദൈവത്തിന്‍റെ വരുതിയിലേക്ക് ബഹുസ്വരമായ സങ്കല്പങ്ങളെ കൊണ്ടുവരുന്നു; സാറാ ജോസഫ്


കോഴിക്കോട്: അപകടകരമായ നൂല്‍പ്പാലത്തിലൂടെയാണ് ആത്മീയത കടന്നുപോകുന്നതെന്നും വര്‍ഗീയമായി എളുപ്പം മാറാവുന്ന പന്ഥാവായി അത് മാറിയെന്നും എഴുത്തുകാരി സാറാ ജോസഫ്. അഷിതയുടെപേരില്‍ അഷിത സ്മാരകസമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരം നിരൂപകന്‍ കല്‍പ്പറ്റ നാരായണനില്‍നിന്ന് സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.

ഒറ്റദൈവത്തിന്റെ വരുതിയിലേക്ക് ബഹുസ്വരമായ സങ്കല്പങ്ങളെ കൊണ്ടുവരാമെന്ന രാഷ്ട്രീയവ്യാമോഹം തുറിച്ചുനോക്കുന്ന കാലഘട്ടമാണിത്. ഭക്തിയുടെയും ദൈവത്തിന്റെയുംപേരില്‍ ആളുകളെ അന്ധകാരയുഗത്തിലേക്ക് നയിക്കുന്ന ശക്തികളുണ്ടാവുന്നു.

ഏറ്റവും നീചമായ ഒറ്റപ്പെടുത്തലും അടിമപ്പെടുത്തലുമാണ് ആധ്യാത്മിയതയുടെപേരില്‍ ഇപ്പോള്‍ നടക്കുന്നത്. ഇവിടെയാണ് സൗമ്യവും ശാന്തവുമായ കഥകളെഴുതുകയും മനഃശാന്തിക്കുവേണ്ടി നിത്യചൈതന്യ യതിയെ തേടുകയുംചെയ്ത അഷിതയുടെ ആത്മീയ അന്വേഷണങ്ങള്‍ നാം മനസ്സിലാക്കേണ്ടതെന്നും സാറാ ജോസഫ് പറഞ്ഞു.

കുമാരനാശാന്റെ നായികമാരെപ്പോലെ പറയാതെ വയ്യ എന്ന നിലയിലെത്തിയപ്പോഴാണ് ജീവിതത്തെക്കുറിച്ച് അഷിത ഉള്ളുതുറന്നതെന്ന് കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. ധീരമായ സ്ത്രീപക്ഷപ്രവര്‍ത്തനങ്ങളുടെ ഏറ്റവും മുഖ്യമായതാണ് അഷിത തന്റെ ജീവിതത്തിലൂടെ അവതരിപ്പിച്ചതെന്നും കല്‍പ്പറ്റ അഭിപ്രായപ്പെട്ടു.

സൗമ്യ ചന്ദ്രശേഖര്‍ (കഥ), രമണി വേണുഗോപാല്‍ (നോവല്‍), ശ്യാം തറമേല്‍ (കവിത), സുരേന്ദ്രന്‍ ശ്രീമൂലനഗരം (ബാലസാഹിത്യം), തേരേസ ടോം (ഓര്‍മ്മക്കുറിപ്പ്), ഓസ്റ്റില്‍ അജിത്ത് (ബാലശ്രീ പുരസ്‌കാരം) എന്നിവര്‍ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. വാസു അരീക്കോട് അധ്യക്ഷതവഹിച്ചു.

പി.പി. ശ്രീധരനുണ്ണി, ശിഹാബുദ്ദീന്‍ പൊയ്തുംകടവ്, പി.കെ. റാണി, ഉണ്ണി അമ്മയമ്പലം, രമേശന്‍ ദേവപ്രിയ, സുമ രാജശേഖര്‍, സുജാ ഗോപാലന്‍, എം. കുഞ്ഞാപ്പ എന്നിവര്‍ സംസാരിച്ചു. ശശി ചിറയില്‍, ഓസ്റ്റിന്‍ അജിത്ത്, രമേശ് പുതിയമഠം, വാസു അരീക്കോട് എന്നിവരുടെ പുസ്തകങ്ങളും ചടങ്ങില്‍ പ്രകാശനംചെയ്തു.


Read Previous

വിവാഹംതൊട്ട് ഭാര്യയെ മർദിച്ച് ഫായിസ്; ഒടുവിൽ രണ്ടരവയസ്സുള്ള മകളെ കൊലപ്പെടുത്തി

Read Next

#Submission of nomination papers for Lok Sabha elections| കേരളത്തില്‍ നാമനിർദേശ പത്രിക സമർപ്പണം ഇന്ന് മുതല്‍; അവസന തീയതി ഏപ്രിൽ 4

Leave a Reply

Your email address will not be published. Required fields are marked *

Most Popular