മാര്‍ച്ച് മാസത്തില്‍ ഏഷ്യൻ കറൻസികളിൽകരുത്തുകാട്ടിയത് രൂപമാത്രം


മുംബൈ: ആഗോളവിപണിയിൽ ഡോളർ ശക്തിപ്പെട്ടതിനെത്തുടർന്ന് ഏഷ്യൻ കറൻസികളെല്ലാം ഇടിഞ്ഞപ്പോൾ ഈമാസം സ്ഥിതി മെച്ചപ്പെടുത്തിയത് ഇന്ത്യൻ രൂപമാത്രം. ഓഹരിവിപണിയിൽ വിദേശനിക്ഷേപക സ്ഥാപനങ്ങൾവഴി വലിയതോതിൽ നിക്ഷേപമെത്തുന്നതാണ് രൂപയ്ക്ക് കരുത്തുപകരുന്ന പ്രധാന ഘടകം.

മാർച്ചിൽ ഇതുവരെ രൂപ 1.3 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ഡോളറിനെതിരേ 72.52 രൂപ നിലവാരത്തിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ 72.46 വരെ ഉയരുകയും ചെയ്തിരുന്നു.

ഇന്ത്യൻവിപണിയിൽ ഐ.പി.ഒ.കൾ ശക്തമായതും വിദേശ നിക്ഷേപ ഒഴുക്കിനു കാരണമായിട്ടുണ്ട്. ഒരാഴ്ചയായി വിപണി നഷ്ടത്തിലായിരുന്നുവെങ്കിലും തുടർച്ചയായി ഐ.പി.ഒ.കളിലേക്ക് ഡോളറിലുള്ള നിക്ഷേപം എത്തുന്നുണ്ട്. മാർച്ചിൽ ഇതുവരെ 240 കോടി ഡോളറിന്റെ (17,394 കോടി രൂപ) നിക്ഷേപം വിപണിയിലെത്തിയിട്ടുണ്ട്. ഒമ്പത് ഐ.പി.ഒ.കളിലായി ആകെ 5900 കോടിരൂപ യാണ് (81.3 കോടി ഡോളർ) വിദേശനിക്ഷേപക സ്ഥാപനങ്ങൾ നിക്ഷേപിച്ചത്. ഏഷ്യൻവിപണിയിൽ ഇക്കാലയളവിലെ ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് എംകേ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ് പറയുന്നു.

കോവിഡിനുശേഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായി തിരിച്ചുവരുന്നതായാണ് വിലയിരുത്തലു കൾ. മൂഡീസിന്റെ പുതിയ അനുമാനപ്രകാരം അടുത്ത സാമ്പത്തികവർഷം ഇന്ത്യ 12 ശതമാനം വളർച്ച നേടുമെന്നാണ് പറയുന്നത്. വിദേശനാണ്യശേഖരം 60,000 കോടി ഡോളറിനടുത്തെത്തി നിൽക്കുന്നു. ഈ രണ്ടു ഘടകങ്ങളും രൂപയ്ക്ക് അനുകൂലമാണ്. വിപണിയിലെ നിക്ഷേപത്തിനു പുറമെ ഡോളറിൽ ഇന്ത്യൻ കമ്പനികൾ വായ്പയെടുക്കുന്നതും ഡോളർവരവ് കൂട്ടുന്നുണ്ട്. മാർച്ചിൽ ഇന്ത്യൻ കമ്പനികൾ 100 കോടി ഡോളറിനടുത്ത് ഇതിനകം വായ്പയായി സമാഹരിച്ചിട്ടുണ്ട്.

ഡോളറിന്റെ വരവു കൂടുതലായതിനാൽ രൂപയുടെവില ക്രമാതീതമായി ഉയരുന്നത് പിടിച്ചു നിർത്താൻ ഡോളർ വാങ്ങേണ്ട സ്ഥിതിയാണ് റിസർവ് ബാങ്കിനുള്ളത്. നേരത്തെ രൂപയുടെ മൂല്യശോഷണഭീഷണിയായിരുന്നു നിലനിന്നിരുന്നത്. അങ്ങനെവരുമ്പോൾ കൈവശമുള്ള ഡോളർ ആർ.ബി.ഐ.ക്ക് വിറ്റഴിക്കേണ്ടി വരുമായിരുന്നു. അതേസമയം, മേയ്, ജൂൺ മാസങ്ങളിൽ രൂപ വീണ്ടും താഴേക്കു പോകാൻ സാധ്യതയുണ്ടെന്നും ചില ഏജൻസികൾ മുന്നറിയിപ്പു നൽകുന്നുണ്ട്.


Read Previous

എയർ കണ്ടീഷണർ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

Read Next

ഡയാന രാജകുമാരി അണിഞ്ഞ ബ്ലാക്ക് ഷീപ്പ് സ്വെറ്റര്‍ ഡിസൈനുകള്‍ വീണ്ടും വിപണിയിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »