
ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലെത്തി. പ്രസിഡന്റ് പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനമാണിത്. ന്യൂഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ ദിസനായകെയെ സ്വീകരിച്ചു.
ശ്രീലങ്കന്‍ പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത ശേഷമുള്ള ദിസനായകെയുടെ ആദ്യ ഉഭയകക്ഷി ഇന്ത്യാ സന്ദര്‍ശനമാണിത്. ദിസനായകെയുടെ സന്ദര്‍ശനം ഇന്ത്യ-ശ്രീലങ്ക ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ അവസരമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്‌സില്‍ കുറിച്ചു. ഡിസംബര്‍ 17 വരെ ഇന്ത്യയിലുള്ള ദിസനായകെ, രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വവുമായുള്ള കൂടിക്കാഴ്ചകള്‍ക്ക് പുറമേ, ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നിക്ഷേപ, വാണിജ്യ ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഡല്‍ഹിയില്‍ നടക്കുന്ന ബിസിനസ് പരിപാടിയിലും ദിസനായകെ പങ്കെടുക്കും.
കഴിഞ്ഞ ഒക്ടോബറില്‍ കൊളംബോയില്‍ സന്ദര്‍ശനം നടത്തിയ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ശ്രീലങ്കന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളിലെ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നതിനായി പരസ്പര സഹകരണം ആഴത്തിലാക്കാനും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്ന തിലും ചര്‍ച്ചകള്‍ നടത്തിയിരുന്നു.