തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ അനുഗ്രഹം വാങ്ങിയശേഷമാണ് ബിജെപിയിൽ ചേരാൻ ഡൽഹിയിലെത്തിയതെന്ന് ജനപക്ഷം സെക്കുലർ നേതാവ് പിസി ജോർജ്. ചോദിക്കേണ്ടവരോടൊക്കെ ചോദി ച്ചിട്ടും, ക്രൈസ്തവ സഭാ പിതാക്കന്മാരോടും മറ്റ് സമുദായ നേതാക്കളുടെയും അനുഗ്രഹം വാങ്ങിയ ശേഷവുമാണ് ബിജെപിയിൽ ചേർന്നത്. പിതാക്കന്മാരെ കാണേണ്ടവിധം കണ്ടിട്ടുണ്ടെന്നും മാതൃഭൂമി ന്യൂസുമായി സംസാരിക്കുന്നതിനിടെ പിസി ജോർജ് പറഞ്ഞു.

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ തലയിൽ കൈവച്ചാണ് അനുഗ്രഹിച്ചത്. അഞ്ചുകൊല്ലം മുൻപ് എങ്കിലും ബിജെപിയിൽ ചേരാൻ തീരുമാനി ക്കാതിരുന്നത് കേരളത്തിന് വലിയ നഷ്ടമായിപ്പോയി. സഹകരിക്കുകയെങ്കിലും ചെയ്യാതിരുന്നത് തെറ്റായി. മലയാളികളുടെയും കേരളത്തിൻ്റെയും സംരക്ഷണത്തിന് അതാവശ്യമായിരുന്നുവെന്ന് പിസി ജോർജ് പറഞ്ഞു.
ഒരു ഡിമാൻഡും ഞാൻ മുന്നോട്ട് വെച്ചിട്ടില്ല. ഏതെങ്കിലും ഒരു സ്ഥാനം ചോദിക്കാൻ വന്നതല്ലെന്ന് ഞാൻ ആദ്യമേ പറഞ്ഞു. പത്തനംതിട്ടയിൽ നിൽക്കാൻ നിർദേശിച്ചാൽ മത്സരിക്കും. മത്സരിച്ചാൽ ഒരുലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പിസി ജോർജ് കൂട്ടിച്ചേർത്തു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കേരളാ കോൺഗ്രസ് (എം) രാജ്യത്ത് കാണില്ല. മാണിസാറിൻ്റെ അനുഗ്രഹം ഇല്ലാത്ത പാർട്ടിയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപിയിൽ ചേരുന്നതിന് മുന്നോടിയായി സിഎസ്ഐ, യാക്കോബയ സഭകളുടെ പിതാക്കന്മാരോട് സംസാരിക്കുകയും അനുവാദം വാങ്ങുകയും ചെയ്തു. പെന്തക്കോസ്ത വിഭാഗത്തിലെ പിതാക്കന്മാരോട് വളരെ വിശദമായി സംസാരിച്ചു. അവരെല്ലാം അനുവാദം നൽകിയെന്നും പിസി ജോർജ് പറഞ്ഞു.