ഹേമന്ത് സോറൻ രാജിവെച്ചു; ചംപയ് സോറൻ പുതിയ ജാർഖണ്ഡ് മുഖ്യമന്ത്രി


റാഞ്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലായതിന് പിന്നാലെ ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. മുതിർന്ന നേതാവും ഹേമന്ത് സോറൻ മന്ത്രിസഭയിലെ അംഗവുമായ ചംപയ് സോറനെ മുഖ്യമന്ത്രിയായി ജെ.എം.എം പ്രഖ്യാപിച്ചു. സോറൻ അറസ്റ്റിലായാൽ ഭാര്യ കൽപ്പന സോറനെ മുഖ്യമന്ത്രിയാക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള സോറന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും. ഇഡി ഉദ്യോഗസ്ഥർക്കും ഭരണകക്ഷി എംഎൽഎമാർക്കൊപ്പം ഹേമന്ത് സോറൻ രാജ്ഭവനിലെത്തി ​ഗവർണർക്ക് രാജി സമർപ്പിച്ചു.

ഹേമന്ത് സോറന്റെ ഡൽഹിയിലെ വസതിയിൽ തിങ്കളാഴ്ച നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത പണവും ബിഎംഡബ്ല്യു കാറും ഇഡി പിടിച്ചെടുത്തിരുന്നു. 27ന് ഡൽഹിയിലെത്തിയിരുന്ന സോറനെ തിരഞ്ഞ് ഇ.ഡി അധികൃതർ ഇറങ്ങിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് ഉദ്യോഗസ്ഥർ റാഞ്ചിയിലും എത്തിയെങ്കിലും കണ്ടെ ത്താനായില്ല. ഇതോടെ മുഖ്യമന്ത്രിയെ കാണാനില്ലെന്ന് ബിജെപി പോസ്റ്റർ ഇറക്കുകയും ചെയ്തു.

2020-22 കാലയളവിൽ വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതലയുമുള്ള സോറൻ പദവി ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്ന് കള്ളപ്പണക്കേസുകളാണ് ഇ.ഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദ്യ എട്ട് സമൻസും അവഗണിച്ച സോറൻ ഈ മാസം 20 ന് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.


Read Previous

‘ജി സുകുമാരൻ നായർ തലയിൽ കൈവച്ച് അനുഗ്രഹിച്ചാണ് ഡൽഹിക്ക് വിട്ടത്’; ബിജെപിയിൽ ചേരാതിരുന്നത് കേരളത്തിന് വലിയ നഷ്ടമെന്ന് പിസി ജോർജ്

Read Next

ന്യായ് യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ ആക്രമണം; കല്ലേറില്‍ ചില്ല് തകര്‍ന്നു – വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular