ന്യൂഡല്‍ഹി: അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകള്‍ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ പ്രതിഷേധിച്ച കാബിന്‍ ജീവനക്കാര്‍ക്കെതിരെ അന്ത്യശാസനവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്ന് വൈകുന്നേരത്തോടെ ജോലിയില്‍ പ്രവേശിക്കണമെന്ന് ജീവനക്കാരോട് കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടു. പ്രതിഷേധവുമായി ബന്ധപ്പെട്ട് നേരത്തെ 30 കാബിന്‍ ക്രൂ അംഗങ്ങളെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പിരിച്ചു വിട്ടിരുന്നു. പിന്നാലെയാണ് അന്ത്യശാസനം.

പ്രതിസന്ധിയില്‍ പരിഹാരം തേടി കേന്ദ്ര സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഡല്‍ഹിയിലാണ് യോഗം. മാനേജ്‌മെന്റും പ്രതിഷേധിക്കുന്ന ജീവനക്കാരും യോഗത്തില്‍ പങ്കെടുക്കും. നേരത്തെ വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യ എക്‌സ്പ്രസിന് നോട്ടീസ് അയച്ചിരുന്നു.
അസുഖ അവധിയെടുത്തത് ആസൂത്രിതമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കാബിന്‍ ക്രൂ അംഗങ്ങളെ കമ്പനി പിരിച്ചുവിട്ടത്. കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടി യുണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തത് നിയമ ലംഘനമാണ്. കമ്പനിക്ക് വലിയ നഷ്ടമുണ്ടായി. അവധിയെടുത്തതിന് കൃത്യമായ കാരണങ്ങള്‍ ബോധിപ്പിച്ചിട്ടില്ല. വിമാന സര്‍വീസികള്‍ മുടങ്ങണമെന്ന ഉദേശത്തോടെയാണ് അവധിയെടുത്തതെന്നും ജീവനക്കാരെ പിരിച്ചു വിട്ടുകൊണ്ടുള്ള കത്തില്‍ കമ്പനി വ്യക്തമാക്കി.
ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെ ഉപസ്ഥാപനമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ലെന്ന പരാതി ഉന്നയിച്ചാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്.എയര്‍ ഇന്ത്യാ എക്സ്പ്രസിനെ എയര്‍ ഏഷ്യയുമായും ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മറ്റ് വിമാന കമ്പനികളുമായും ബന്ധിപ്പിക്കാനുള്ള തീരുമാനത്തിലും ഇവര്‍ക്ക് എതിര്‍പ്പുണ്ട്.
മുതിര്‍ന്ന തസ്തികകളിലേക്കുള്ള അഭിമുഖം കഴിഞ്ഞവര്‍ക്കും താഴ്ന്ന തസ്തികകളില്‍ തന്നെ ജോലിയില്‍ തുടരാന്‍ ആവശ്യപ്പെട്ടതും ജീവനക്കാരെ പ്രകോപിപ്പിച്ചു. ജോലി സമയം, അലവന്‍സ് എന്നിവ സംബന്ധിച്ചും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഇരുനൂറിലധികം കാബിന്‍ ജീവനക്കാര്‍ കൂട്ടയവധിയെടുത്ത് ടാറ്റാ ഗ്രൂപ്പിനെതിരേ പ്രതിഷേധിച്ചതോടെ ചൊവ്വാഴ്ച രാത്രി മുതല്‍ നൂറിലധികം സര്‍വീസു കള്‍ കമ്പനി മുന്നറിയിപ്പില്ലാതെ റദ്ദാക്കിയിരുന്നു.
15,000 ത്തോളം യാത്രക്കാരെ ഇത് ബാധിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. മുന്നറിയിപ്പില്ലാതെ സര്‍വീസുകള്‍ റദ്ദാക്കിയതില്‍ ഡിജിസിഎ എയര്‍ ഇന്ത്യ എക്‌സ്പ്രസിനോട് വിശദീകരണം തേടുകയും ചെയ്തു.