അന്ന് കോൺ​ഗ്രസ് ഒരു കുടുംബം, ഇന്ന് അങ്ങനെ അല്ല; സോണിയയുമായി ഇപ്പോഴും നല്ല ബന്ധം, രാഹുലുമായി അടുപ്പമില്ല’; ബിജെപിയുമായും നല്ല ബന്ധം – കെവി തോമസ്


പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ​ഗതാ​ഗത മന്ത്രി നിതിൻ ​ഗഡ്കരി, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ എന്നിവരുമായി തനിക്ക് മികച്ച ബന്ധമാണെന്നു വ്യക്തമാക്കി പ്രൊഫ. കെവി തോമസ്. ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി യാണ് നിലവിൽ തോമസ്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിലാണ് അദ്ദേഹം മനസ് തുറന്നത്.

രാഷ്ട്രീയത്തിനപ്പുറം തനിക്ക് വലിയ ബന്ധങ്ങളുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി. നരേന്ദ്ര മോദി, നിതിൻ ഗഡ്കരി, ജെപി നഡ്ഡ എന്നിവരുമായി തനിക്ക് വളരെക്കാലമായി നല്ല ബന്ധമാണ്. അതിനാൽ തന്നെ മോ​ദിയുമായി കേരളത്തിന്റെ വിഷയങ്ങൾ സംസാരിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. അദ്ദേഹത്തെ ഏത് സമയത്തും പോയി കണാം. പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ എത്തിയ ശേഷം പല തവണ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിട്ടുമുണ്ട്.

മോദിയുമായി 2001 മുതലുള്ള അടുപ്പമാണ്. അന്ന് താൻ സംസ്ഥാനത്ത് ഫിഷറീസ് മന്ത്രിയും മോദി ​ഗുജറാത്തിൽ മുഖ്യമന്ത്രിയുമായിരുന്നു. പിന്നീട് കേന്ദ്രത്തിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് കൈകാര്യം ചെയ്തപ്പോൾ, ഭക്ഷ്യ വസ്തുക്കളുടെ വില നിർണയ സമിതിയുടെ ചെയർമാനായിരുന്നു അദ്ദേഹം. പിന്നീട് മോദി പ്രധാനമന്ത്രി യാകുകയും അദ്ദേഹത്തിന് കീഴിൽ പാർലമെന്ററി കാര്യ സമിതി ചെയർമാനായി നിയമിക്കുകയും ചെയ്തു. അങ്ങനെ തങ്ങളുടെ ബന്ധം ഒരുപാട് മുന്നോട്ട് പോയെന്നും തോമസ് വ്യക്തമാക്കി.

നിതിൻ ​ഗഡ്കരിക്ക് കേരളത്തോട് പ്രത്യേക മമതയുണ്ട്. പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനോട്. അതു അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. കാര്യങ്ങൾ ചെയ്യുന്ന മുഖ്യമന്ത്രിയാണ് പിണറായിയെന്നു അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ പാത വികസനത്തിലാണ് ​ഗഡ്കരി കൂടുതൽ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.

തന്റെ രാഷ്ട്രീയ വളർച്ചയ്ക്ക് പിന്നിൽ ​ഗാന്ധി കുടുംബമാണ്. നെഹ്റു- ​ഗാന്ധി കുടുംബത്തോടു അതിനാൽ തന്നെ ഇപ്പോഴും ഊഷ്മളമായ ബന്ധമാണ് പുലർത്തുന്നത്. സോണിയാ ​ഗാന്ധി അടക്കമുള്ളവരോട് നന്ദിയുണ്ട്. എന്നാൽ രാഹുലുമായി ഈയൊരു ബന്ധമില്ലെന്നും അദ്ദേഹം തുറന്നു സമ്മതിച്ചു. പ്രായ വ്യത്യസമായിരിക്കാം അതിനു കാരണമെന്നും തോമസ് പറയുന്നു. പാർട്ടിയുമായി അകന്നു സിപിഎമ്മിനോടു അടുത്ത തിൽ സോണിയാ ​ഗാന്ധിക്കു അതൃപ്തിയുണ്ടെന്നു വിശ്വസിക്കുന്നില്ല. അവരുമായി ഇപ്പോഴും ആത്മബന്ധമുണ്ട്.

​ഗുലാം നബി ആസാദും താനുമടക്കമുള്ള തലമുറ സ്നേ​ഹത്തേയും വാത്സല്യത്തേയും വിലമതിക്കുന്നു. രാജീവ് ​ഗാന്ധി, സോണിയ ​ഗാന്ധി, അഹമ്മദ് പട്ടേൽ എന്നിവരൊ ക്കെയായി അടുത്ത ബന്ധം പുലർത്തിയവരാണ് ​ഗുലാം നബി അടക്കമുള്ള തങ്ങളുടെ തലമുറ. അതൊരു കുടുംബം പോലെയായിരുന്നു. എന്നാൽ ഇന്ന് അത്തരം ബന്ധങ്ങൾ കോൺ​ഗ്രസിൽ ഇല്ല. രാ​ഹുൽ പുതു തലമുറയിലുള്ള ആളാണ്- തോമസ് കൂട്ടിച്ചേർത്തു.


Read Previous

ക്രൈസ്തവരെ അവഹേളിച്ച എംവി ഗോവിന്ദന്‍ മാപ്പു പറയണം’; ഇരിങ്ങാലക്കുട രൂപത

Read Next

ഒ.ഐ.സി.സി ലഹരി വിരുദ്ധ കാമ്പയിന് ദമാം ഇൻഡസ്ട്രിയൽ സിറ്റിയിൽ തുടക്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »