തെലങ്കാനയിൽ ഭരണം മാറും, എകിസിറ്റ് പോൾ ഫലങ്ങളിൽ രാജസ്ഥാനിലും ഇഞ്ചോടിഞ്ച്, കോൺഗ്രസ് ഒരു പോയിൻ്റ് മുന്നിൽ എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത് ഇങ്ങനെ…


അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുറത്തുവന്ന വിവിധ എക്‌സിറ്റ് പോളുകൾ പ്രകാരം തെലങ്കാനയിൽ (Telangana) ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയെ മറികടക്കാൻ കോൺഗ്രസിന് കഴിഞ്ഞേക്കുമെന്ന് സൂചനകൾ. 119 അംഗ തെലങ്കാന നിയമസഭയിൽ കോൺഗ്രസ് 48 മുതൽ 64 വരെ സീറ്റുകൾ നേടുമെന്ന് ജാൻ കി ബാത്ത് എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നു. ബിആർഎസ് 40 മുതൽ 55 വരെ സീറ്റുകൾ നേടുമെന്നാണ് എക്‌സിറ്റ് പോളിൽ വ്യക്തമാകുന്നത്. അതേസമയം ബിജെപിക്ക് 7-13 സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളു എന്നും എക്‌സിറ്റ് പോൾ ഫലങ്ങളിൽ സൂചനകളുണ്ട്.

റിപ്പബ്ലിക് ടിവി-മാട്രൈസ് എക്‌സിറ്റ് പോൾ പ്രകാരം കോൺഗ്രസിന് 58-69 സീറ്റുകളും ബിആർഎസ് 46-56 സീറ്റുകളും നേടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ബിജെപി 4-9 സീറ്റുകൾ നേടിയേക്കുമെന്നും ഈ എക്സിറ്റ് പോൾ ഫലത്തിൽ സൂചനക ളുണ്ട്. ടിവി9 ഭാരത് വർഷ് പോൾസ്ട്രാറ്റ് ഫലത്തിൽ കോൺഗ്രസിന് 49-59 സീറ്റുകളും ബിആർഎസിന് 48-58 സീറ്റുകളും ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യ ടിവി-സിഎൻഎക്‌സ് ഫലങ്ങൾ കോൺഗ്രസിന് 63-79 സീറ്റുകളും ബിആർഎസിന് 31-47 സീറ്റുകളും ബിജെപിക്ക് 2-4 സീറ്റുകളും പ്രവചിക്കുന്നു.

തെലങ്കാനയിലെ 119 നിയമസഭാ മണ്ഡലങ്ങളിലും വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. 2014 മുതൽ കെസിആറിൻ്റെ ഭാരത് രാഷ്ട്ര സമിതിയാണ് സംസ്ഥാനം ഭരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തെ പാർട്ടിയുടെ പ്രകടനത്തിൻ്റെയും വാഗ്ദാനങ്ങളുടെയും അടി സ്ഥാനത്തിലാണ് ഭരണകക്ഷിയായ ബിആർഎസ് മൂന്നാം തവണയും ഭരണം തേടി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ, ബിആർഎസിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ താഴെയിറക്കാനാണ് ബിജെപിയും കോൺഗ്രസും ശ്രമിക്കുന്നത്.

ഛത്തീസ്ഗഡില്‍ തൂക്കുമന്ത്രിസഭ ; എക്‌സിറ്റ് പോള്‍ ഫലം പുറത്ത്

ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. സംസ്ഥാനത്ത് തൂക്ക് മന്ത്രിസഭ അധികാരത്തില്‍ വരുമെന്നാണ് പ്രവചനം. 90 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 40-50 സീറ്റുകളും ബിജെപി 36-46 സീറ്റുകളും നേടും. കടുത്ത പോരാട്ടത്തിനാണ് ഛത്തീസ്ഗഡ് സാക്ഷ്യം വഹിച്ചതെന്ന് വ്യക്തമാക്കുന്നതാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.

നിലവിലെ നിയമസഭയില്‍ കോണ്‍ഗ്രസിന് 48ഉം ബിജെപിക്ക് 15ഉം എംഎല്‍എമാരാണു ള്ളത്. ആകെ വോട്ടിന്റെ 42 ശതമാനം കോണ്‍ഗ്രസിനും 41 ശതമാനം വോട്ടുകള്‍ ബി.ജെ.പിക്കും ലഭിക്കും. ഇതോടെ വോട്ട് വിഹിതം തമ്മില്‍ ഒരു ശതമാനം പോയിന്റ് വ്യത്യാസം മാത്രമാണ് എക്സിറ്റ് പോള്‍ ഫലത്തില്‍ കാണിക്കുന്നത്. ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി), ഗോണ്ട്വാന ഗാന്‍തന്ത്ര പാര്‍ട്ടി (ജിജിപി) എന്നിവയുള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടികള്‍ ഒന്ന് മുതല്‍ അഞ്ച് സീറ്റുകള്‍ വരെ നേടിയേക്കും.

അടുത്തിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന ഏക സംസ്ഥാനമാണ് ഛത്തീസ്ഗഢ്. നവംബര്‍ 7, 17 തീയതികളിലായിരുന്നു വോട്ടെടുപ്പ്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ടി എസ് സിംഗ് ദിയോ, എട്ട് സംസ്ഥാന മന്ത്രിമാർ, നാല് പാർലമെന്റ് അംഗങ്ങൾ തുടങ്ങിയ രാഷ്ട്രീയ പ്രമുഖർ മത്സരരംഗത്തുണ്ട്. 

രാജസ്ഥാനിൽ ഭാരതീയ ജനതാ പാർട്ടിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് സാധ്യതയുണ്ടെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്. കോൺഗ്രസിന് 106 സീറ്റുകൾ ലഭിച്ചേക്കുമെന്നാണ് സൂചനകൾ. വോട്ടെടുപ്പ് നടന്ന 199 നിയമസഭകളിൽ ബിജെപി 80 മുതൽ 100 ​​വരെ സീറ്റുകൾ നേടിയേക്കുമെന്നും എക്സിറ്റ്പോൾ ഫലങ്ങൾ പ്രവചിക്കുന്നു.

രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഏതെങ്കിലും മുന്നണിക്ക് അനുകൂലമാവു കയോ അല്ലെങ്കിൽ തൂക്ക് സഭാ ഫലത്തിലേക്ക് പോകുവാനോ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. പ്രവചിച്ച വോട്ട് ഷെയർ പ്രകാരം കോൺഗ്രസിന് 42 ശതമാനം വോട്ടും ബിജെപിക്ക് 41 ശതമാനം വോട്ടും ലഭിക്കുമന്നാണ് എക്സിറ്റ് പോൾ ഫല സൂചനകൾ. .കൂടാതെ, ബഹുജൻ സമാജ് പാർട്ടിക്ക് രണ്ട് ശതമാനം വോട്ടും മറ്റ് സ്വതന്ത്ര സ്ഥാനാർ ത്ഥികൾക്ക് 15 ശതമാനം വോട്ടും ലഭിക്കുമെന്ന് എക്സിറ്റ് പോൾ വ്യക്തമാക്കുന്നു.

രാജസ്ഥാൻ എക്സിറ്റ് പോൾ ഫലം
രാജസ്ഥാനിലെ ഏറ്റവും വലിയ നിയമസഭാ സീറ്റായ ജയ്പൂരിൽ ബിജെപിക്ക് 42 ശതമാനം വോട്ട് ലഭിക്കുമെന്നാണ് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നത്. അതേസമയം കോൺഗ്രസിന് 45 ശതമാനം വോട്ടുകൾ ലഭിക്കും. ബഹുജൻ സമാജ് വാദി പാർട്ടിരണ്ടു ശതമാനം വോട്ടും നേടിയേക്കുമെന്നും എക്സിറ്റ് പോൾ ഫല സൂചനകൾ ചൂണ്ടിക്കാട്ടുന്നു. രാജസ്ഥാനിൽ നവംബർ 25 നാണ് വോട്ടെടുപ്പ് നടന്നത്. ഡിസംബർ മൂന്നിന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും.

മധ്യപ്രദേശിൽ 47 ശതമാനം വോട്ട് വിഹിതവുമായി ബിജെപി (BJP) അധികാരം നിലനിർത്തുമെന്ന് ഇന്ത്യാടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രവചനം. കോൺഗ്രസിന് 41ശതമാനം വോട്ടുകൾ മാത്രമേ ലഭിക്കുകയുള്ളൂ എന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നു. 230 അംഗ നിയമസഭയിൽ 140 മുതൽ 162 വരെ സീറ്റുകൾ നേടി ബിജെപി മധ്യപ്രദേശിൽ അധികാരം നിലനിർത്തുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ വ്യക്തമാക്കുന്നു. അതേസമയം കോൺഗ്രസ് 68 മുതൽ 90 വരെ സീറ്റുകൾ നേടാനാണ് സാധ്യതയെന്നും ഫലങ്ങൾ വ്യക്തമാക്കുന്നു.

മധ്യപ്രദേശിലെ പ്രധാന മേഖലകളായ ഭോപ്പാൽ, നിമാർ, ബുന്ദേൽഖണ്ഡ്, ചമ്പൽ എന്നിവിടങ്ങളിൽ കോൺഗ്രസിനെ അപേക്ഷിച്ച് ബിജെപി ഭൂരിപക്ഷം സീറ്റുകളും നേടുമെന്നാണ് ഇന്ത്യാടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്. അഭിപ്രായ വോട്ടെടുപ്പിൽ ബിജെപിയുടെ ശിവരാജ് സിംഗ് ചൗഹാനാണ് ഇഷ്ടപ്പെട്ട മുഖ്യമന്ത്രി. 36 ശതമാനം പേരാണ് അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയത്. 30 ശതമാനം പേരുടെ പിന്തുണയുമായി കോൺഗ്രസിന്റെ കമൽനാഥ് തൊട്ടുപിന്നി ലുണ്ടെന്നും സർവ്വേഫലങ്ങളിൽ വ്യക്തമാണ്.

മധ്യപ്രദേശ് എക്സിറ്റ് പോൾ ഫലങ്ങൾ
എക്‌സിറ്റ് പോളുകളിൽ ബിജെപിയുടെ വൻ വിജയത്തിന് കാരണമായി മാറിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപിന്തുണയും മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ്റെ വികസന പ്രവർത്തനങ്ങളുമാണെന്ന് ഇന്ത്യാ ടുഡേയോട് സംസാരിച്ച മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ചുണ്ടിക്കാട്ടി. മധ്യപ്രദേശിലെ 230 അസംബ്ലി സീറ്റുകളിലേക്കുള്ള പോളിംഗ് നവംബർ 17 ന് ഒറ്റ ഘട്ടമായിട്ടാണ് നടന്നത്, 77.15 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2018 ലെ പോളിംഗ് ശതമാനത്തേക്കാൾ 1.52 ശതമാനം കൂടുതലാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ്റെ നേതൃത്വത്തിൽ ബിജെപിയാണ് ഭരണം നടത്തുന്നത്.


Read Previous

തെളിവുണ്ടെങ്കിൽ കണ്ടെത്തട്ടെ, ഏത് പരിശോധനയ്ക്കും തയ്യാർ: കുട്ടിയുടെ അച്ഛനെ നാളെ പൊലീസ് ചോദ്യം ചെയ്യും

Read Next

വിധി സംസ്ഥാന സര്‍ക്കാരിനുള്ള തിരിച്ചടിയല്ല; ഗവര്‍ണറുടേത് വിചിത്ര നിലപാട്; മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »