തെളിവുണ്ടെങ്കിൽ കണ്ടെത്തട്ടെ, ഏത് പരിശോധനയ്ക്കും തയ്യാർ: കുട്ടിയുടെ അച്ഛനെ നാളെ പൊലീസ് ചോദ്യം ചെയ്യും


കൊല്ലം: ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ അച്ഛൻ റെജിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ടെന്ന് റെജി മാധ്യമങ്ങളോട് പറഞ്ഞു. ഏത് പരിശോധനയ്ക്കും തയാറാണെന്നും എന്തെങ്കിലും തെളിവുണ്ടെങ്കിൽ പൊലീസ് അത് കണ്ടെത്തട്ടെയെന്നും റെജി പറഞ്ഞു. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തനിക്ക് ശിക്ഷ കിട്ടട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ പത്തനംതിട്ടയിൽ റെജി താമസിച്ചിരുന്ന ഫ്ളാറ്റിൽ പൊലീസ് പരിശോധന നടത്തുകയും ഫോൺ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.  പൊലീസ് പത്തനം തിട്ടയിലെ തന്റെ താമസസ്ഥലത്ത് നിന്ന് കൊണ്ടുപോയത് താൻ ഉപയോഗിച്ചിരുന്ന പഴയ ഫോണാണ്. കുട്ടികൾ ഉപയോഗിക്കാതിരിക്കാൻ വേണ്ടിയാണ് ആ ഫോൺ കൊല്ലം ഓയൂരിലെ വീട്ടിൽ നിന്ന് മാറ്റിവച്ചതെന്നും റെജി വ്യക്തമാക്കി. 

അമ്മയുടെയും അച്ഛന്റെയും നമ്പർ കുഞ്ഞിന് അറിയാം. വിദേശത്തുള്ള സഹോദരൻ നാട്ടിൽ വരുമ്പോൾ ഉപയോഗിക്കുന്ന നമ്പറാണ് ഫോണിൽ ഉള്ളത്. തട്ടിക്കൊണ്ടു പോകൽ കേസിൽ തന്നെയും താൻ നേതൃത്വം കൊടുക്കുന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷനെയും ലക്ഷ്യം വയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആരാണ് ആരോപണങ്ങൾക്ക് പിന്നിൽ എന്ന് പൊലീസ് അന്വേഷിക്കട്ടെയെന്നും പറഞ്ഞു. 

കുട്ടിയെ തട്ടിക്കൊണ്ടു പോയത് മനുഷ്യക്കടത്തു സംഘമല്ലെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെയുള്ളവരുടെ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. കുട്ടിയുടെ അടുത്ത ബന്ധുവിനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന. സാമ്പത്തിക തിരിമറി ഉള്‍പ്പെടെ നടന്നിട്ടുള്ളതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പൊലീസ് ഒരു കാര്യവും സ്ഥിരീ കരിച്ചിട്ടില്ല. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.  കേസില്‍ മാഫിയ സംഘങ്ങളുടെ ഇടപെടലും പൊലീസ് അന്വേഷിക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോകലിലെ പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമായി നടക്കുകയാണ്. 


Read Previous

സഞ്ജു സാംസൺ‌ വീണ്ടും ഇന്ത്യൻ ടീമിൽ, ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഉൾപ്പെടുത്തി: ടീമിനെ പ്രഖ്യാപിച്ചു

Read Next

തെലങ്കാനയിൽ ഭരണം മാറും, എകിസിറ്റ് പോൾ ഫലങ്ങളിൽ രാജസ്ഥാനിലും ഇഞ്ചോടിഞ്ച്, കോൺഗ്രസ് ഒരു പോയിൻ്റ് മുന്നിൽ എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത് ഇങ്ങനെ…

Leave a Reply

Your email address will not be published. Required fields are marked *

Most Popular