പൂക്കളം എങ്ങനെ? അലങ്കാരത്തിന് എന്തെല്ലാം? ഓണത്തിന് വീടൊരുക്കുമ്പോള്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍


സമൃദ്ധിയുടെയും സ്‌നേഹത്തിന്‍റെ ഒത്തൊരുമയുടെയും ആഘോഷമാണ് ഓണം. അതുകൊണ്ടുതന്നെ മലയാളികള്‍ക്ക് എന്നും ഒരു ഉത്സവമാണ് ഓണം. ലോകത്തെ വിടെയാണെങ്കിലും മലയാളി ഓണം ആഘോഷിക്കും.

പൂക്കളമൊരുക്കുന്നതിലും സദ്യയൊരുക്കുന്നതിലും കോടിയണിയുന്നതിലും എല്ലാ മലയാളിക്കും പ്രത്യേക താത്‌പര്യമാണ്. എന്നാല്‍ അതില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു കാര്യമാണ് വൃത്തിയാക്കല്‍. ഓണത്തിന് വീട്ടിലെത്തുന്ന വിരുന്നുകാരെ സ്വീകരിക്കുന്നതിനായി വീടും പരിസരവും വൃത്തിയാക്കുന്നതും അലങ്കരിക്കുന്നതും മലയാളികളുടെ ഉത്സവത്തിന്‍റെ ഭാഗമാണ്.

എങ്ങനെ വീട് അലങ്കരിക്കാം

മുറ്റത്തെ പൂക്കളമാണ് ഓണ അലങ്കാരങ്ങളില്‍ ഏറ്റവും പ്രധാനം. ഓട്ടുപാത്രങ്ങൾ, ഓലക്കുട, ഓണത്തപ്പന്‍ പോലുളള കേരളത്തനിമ വിളിച്ചോതുന്ന വസ്‌തുക്കള്‍ ഉപയോഗിച്ചും വീട് മനോഹരമാക്കാം. ലിവിങ് റൂം, ഡൈനിങ് റൂം പോലുളള ശ്രദ്ധ കിട്ടുന്ന ഇടങ്ങളിൽ വേണം ഇവ പ്രദർശിപ്പിക്കാന്‍. കൂടാതെ, സന്തോഷവും സമൃദ്ധിയുമായി ബന്ധപ്പെട്ട് കിടക്കുന്ന മഞ്ഞ, പച്ച, ചുവപ്പ് തുടങ്ങിയ നിറങ്ങളിലുളള അലങ്കാര വസ്‌തുക്കള്‍ തെരഞ്ഞെടുക്കുന്നത് വീടിനുളളില്‍ ഓണത്തിന്‍റെ പ്രതീതി ജനിപ്പിക്കാന്‍ സഹായക്കും.

പൂക്കൾ

ഓണം പൂക്കളുടെ കൂടെ ഉത്സവമാണ്. അത്തം മുതല്‍ തിരുവോണം വരെ വീട്ടുമുറ്റത്ത് മാവേലിയെ വരവേല്‍ക്കാന്‍ പൂക്കളം ഒരുക്കും. ഇത് മാത്രമല്ല, വീട് അലങ്കരിക്കാനും പൂക്കൾ ഉപയോഗിക്കാം.

വീട് അലങ്കരിക്കാന്‍ ഏറ്റവും അനുയോജ്യം മഞ്ഞയും ഓറഞ്ചും നിറത്തിലുളള ജമന്തി പൂക്കളാണ്. ഉത്സവാന്തരീക്ഷം സൃഷ്‌ടിക്കാന്‍ ജമന്തി പൂക്കള്‍ സഹായിക്കും. കൂടാതെ കുരുത്തോലയും കതിരും ഉപയോഗിച്ചും വീട് അലങ്കരിക്കാം.

ഇത് കേരള തനിമയും പാരമ്പര്യവും മനസില്‍ നിറയ്‌ക്കും. കൂടാതെ ഓട്ടുപാത്രങ്ങളില്‍ വെളളം നിറച്ച് പൂക്കള്‍ ഇട്ടുവയ്‌ക്കുന്നതും വീട് കൂടുതല്‍ മനോഹരമാക്കാന്‍ സഹായിക്കുന്നതാണ്.

ഫർണിച്ചർ

മോഡേൺ ഫര്‍ണിച്ചറിന് പകരം തടികൊണ്ടുളള ഫര്‍ണിച്ചറുകള്‍ ഉപയോഗിക്കുന്ന താണ് ഓണത്തിന്‍റെ പാരമ്പര്യ തനിമ വീടിനകത്ത് കൊണ്ടുവരാന്‍ അനുയോജ്യം. കേരളത്തിന്‍റെ തനത് കലാരൂപങ്ങളുടെയോ മറ്റും ചിത്രങ്ങളുളള കുഷ്യൻ കവറുകളും ഉപയോഗിക്കാം.

വൃത്തിയാക്കൽ എവിടെ തുടങ്ങി എവിടെ അവസാനിപ്പിക്കണം

തിരക്കേറിയ ജീവിതത്തിനിടയില്‍ അലങ്കോലമായി കിടക്കുന്ന വീട് എങ്ങനെ വൃത്തിയാക്കണം എന്നറിയാത്തവരാണോ നിങ്ങള്‍. എന്നാല്‍ ഇത്തരത്തില്‍ വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.

വൃത്തിയാക്കി തുടങ്ങുന്നതിന് മുമ്പ് എപ്പോള്‍ എന്ത് ചെയ്യണം എന്നതിനെ കുറിച്ച് കൃത്യമായ ഒരു ധാരണ ഉണ്ടാക്കുക. ഉപയോഗ ശൂന്യമായ വസ്‌തുകള്‍ പുറത്തുകളുയുക എന്നതും വൃത്തിയാക്കി തുടങ്ങുന്നതിന് മുമ്പ് ചെയ്യേണ്ട കാര്യമാണ്. എന്നിട്ടുവേണം ശരിക്കുമുളള വൃത്തിയാക്കലിലേക്ക് കടക്കാന്‍.

ആദ്യം വൃത്തിയാക്കി തുടങ്ങേണ്ടത് ഫാനാണ്. ഏറ്റവും വൃത്തിയില്ലാതെയിരിക്കുന്നത് വീടുകളിലെ ഫാന്‍ ആയിരിക്കും. ഫാന്‍ വൃത്തിയാക്കുമ്പോള്‍ പൊടി മുറി മുഴുവന്‍ പടരാന്‍ സാധ്യതയുളളതിനാല്‍ ആദ്യം ഫാന്‍ വൃത്തിയാക്കണം.

പിന്നീട് വൃത്തിയാക്കേണ്ടത് ലൈറ്റുകളാണ്. മൈക്രോ ഫൈബർ തുണി ഉപയോഗിച്ച് വൃത്തിയാക്കുന്നത് നല്ലതാണ്. കണ്ണാടികൾ, സോപ് സ്റ്റാൻഡുകൾ, ക്ലോത് സ്റ്റാൻഡ് തുടങ്ങിയവയാണ് വൃത്തിയാക്കാന്‍ പലപ്പോഴും മറന്നുപോകുന്ന സ്ഥലങ്ങള്‍. ഇവയും വൃത്തിയാക്കിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം.

രാസവസ്‌തുക്കള്‍ ഉപയോഗിച്ച് വീട് വൃത്തിയാക്കാതിരിക്കുക. സിങ്കുകളും ടോയ്‌ലറ്റുകളും കൗണ്ടർ ടോപ്പുകളും വൃത്തിയാക്കാൻ ബേക്കിങ് സോഡ, നാരങ്ങ, വിനാഗിരി എന്നിവയൊക്കെ ഉപയോഗിക്കാവുന്നതാണ്. ബാത്റൂം വൃത്തിയാക്കാനായി ഡിസിൻഫെക്‌ടൻ്റുകളും മൈക്രോ ഫൈബർ തുണികങ്ങളും ഉപയോഗിക്കാം.

വൃത്തിയാക്കലിന്‍റെ അവസാന ഭാഗമാണ് തറ തുടയ്ക്കൽ. തറയും തുടച്ച് വൃത്തി യാക്കിയ ശേഷം കിടക്ക വിരികളും സോഫ വിരികളും കര്‍ട്ടനുകളും മാറ്റി പുതിയവ വിരിയ്‌ക്കുക. ഇതോടെ വൃത്തിയാക്കല്‍ അവസാനിപ്പിക്കാം.


Read Previous

കസവുടുത്ത് റെഡിയായി, എയർ ഇന്ത്യ വിമാനം ബോയിങ് 737-8 -നെ ഓണത്തിനായി ഒരുക്കി

Read Next

തൊട്ടാൽ പൊള്ളും മുല്ലപ്പൂ; ഇന്നും നാളെയും പൂ മാർക്കറ്റിൽ വലിയ തിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »