
ചെന്നൈ: ഹിന്ദി അടിച്ചേൽപ്പിക്കൽ വിഷയത്തിൽ കേന്ദ്രത്തിനെതിരെ വീണ്ടും പോർമുഖം തുറന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. ദേശീയ വിദ്യാഭ്യാസ നയ പ്രകാരമുള്ള ഭാഷാ ഫോർമുലയെ ക്കുറിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നടത്തിയ പരാമർശങ്ങൾ കേന്ദ്രസർക്കാർ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടോയെന്നായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ചോദ്യം. ഹിന്ദി പഠിക്കണമെന്ന് നിർബന്ധമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നേരത്തെ പറഞ്ഞിരുന്നു.
ഈ പരാമർശത്തിന് പിന്നാലെയാണ് സ്‌റ്റാലിൻ കേന്ദ്രത്തിനെതിരെ ശക്തമായ വിമർശനവുമായി രംഗത്ത് വന്നത്. മഹാരാഷ്ട്രയിൽ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ മൂന്നാം ഭാഷയായി മറാത്തി ഒഴികെ യുള്ള ഒരു ഭാഷയും നിർബന്ധമല്ലെന്ന ഫഡ്‌നാവിസിന്റെ നിലപാട് കേന്ദ്ര സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനും വ്യക്തമാക്കണമെന്ന് സ്‌റ്റാലിൻ ആവശ്യപ്പെട്ടു.
മൂന്നാം ഭാഷയായി ഹിന്ദി അടിച്ചേൽപ്പിച്ചതിന് വൻ പ്രതിഷേധം നേരിടുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇപ്പോൾ സംസ്ഥാനത്ത് മറാത്തി മാത്രമേ നിർബന്ധമാക്കിയിട്ടുള്ളൂ എന്നാണ് അവകാശപ്പെടുന്നത്. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ വ്യാപകമായ പൊതുജന വിമർശനത്തിൽ അദ്ദേഹം പ്രകടിപ്പിക്കുന്ന ആശങ്കയുടെ വ്യക്തമായ സൂചനയാണിത്’ സ്‌റ്റാലിൻ എക്‌സ് പോസ്‌റ്റിലൂടെ ചൂണ്ടിക്കാട്ടി.
ഫഡ്‌നാവിസിന്റെ നിലപാട് കേന്ദ്രം അംഗീകരിക്കുന്നുവെങ്കിൽ ഇത് ചൂണ്ടിക്കാട്ടി വ്യക്തമായ മാർഗ നിർദ്ദേശം നൽകാൻ കേന്ദ്രത്തോട് ഡിഎംകെ അധ്യക്ഷൻ ആവശ്യപ്പെട്ടു. ‘അങ്ങനെയെങ്കിൽ, മൂന്നാം ഭാഷ നിർബന്ധമായും പഠിപ്പിക്കണമെന്ന് ദേശീയ വിദ്യാഭ്യാസ നയം ആവശ്യപ്പെടുന്നില്ലെന്ന് സ്ഥിരീക രിച്ചുകൊണ്ട് കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും വ്യക്തമായ നിർദ്ദേശം നൽകുമോ?’ എന്നായി രുന്നു എംകെ സ്‌റ്റാലിൻ ചോദിച്ചത്.
കേന്ദ്രം തടഞ്ഞുവച്ച ഫണ്ട് വിട്ടുതരുമോയെന്നും എംകെ സ്‌റ്റാലിൻ ചോദിക്കുകയുണ്ടായി. നിർബന്ധിത മൂന്നാം ഭാഷ പഠിപ്പിക്കുന്നതിന് സംസ്ഥാനം എൻഇപി അംഗീകരിക്കുന്നത് വരെ എന്ന മുൻകരുതലിൽ അന്യായമായി തടഞ്ഞുവച്ച 2152 കോടി രൂപയുടെ ഫണ്ട് കേന്ദ്ര സർക്കാർ തമിഴ്‌നാടിന് വിട്ടുകൊടുക്കു മോ എന്നാണ് അദ്ദേഹം ചോദിച്ചത്.
ഈ വർഷം ഫെബ്രുവരി മുതൽ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ കേന്ദ്ര സർക്കാരിനെതിരെ ദേശീയ വിദ്യഭ്യാസ നയത്തിൽ പോര് കടുപ്പിച്ചിരിക്കുകയാണ്. എൻഇപിയിൽ വിഭാവനം ചെയ്‌തിരി ക്കുന്ന ത്രിഭാഷാ നയത്തെ ഡിഎംകെ നേതൃത്വത്തിലുള്ള സർക്കാർ ശക്തമായി എതിർക്കുകയാണ്. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കമാണിതെന്ന് സ്‌റ്റാലിൻ ആരോപിക്കുന്നു.
2026ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെയ്ക്ക് മുൻപിൽ ഇത് ഒരു പ്രധാന വിഷയമായി മാറിയിരിക്കുകയാണ്, അതിനാൽ തന്നെ കേന്ദ്രത്തെ നഖശിഖാന്തം എതിർക്കാനാണ് അവരുടെ ശ്രമം. 1968 മുതൽ സംസ്ഥാനത്ത് നിലവിലുള്ള ഇംഗ്ലീഷും തമിഴും എന്ന ദ്വിഭാഷാ ഫോർമുല തുടരാനാണ് സ്‌റ്റാലിൻ സർക്കാർ താൽപര്യപ്പെടുന്നത്. ഇക്കാര്യം ഡിഎംകെ നേരത്തെ തന്നെ വ്യക്തമാക്കിയതുമാണ്.
അതിനിടയിലാണ് മഹാരാഷ്ട്രയിലും സമാനമായി ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ പ്രതിഷേധം ഉയരുന്നത്. ഇതിന് പിന്നാലെയാണ് ഫഡ്‌നാവിസ് നിലപാട് വ്യക്തമാക്കിയത്. മഹാരാഷ്ട്രയിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ തള്ളിക്കളഞ്ഞ മഹാരാഷ്ട്ര മുഖ്യമന്ത്രി മറാത്തി നിർബന്ധിതമായി തുടരുമെന്നാണ് ഉറപ്പിച്ചു പറഞ്ഞത്. വിഷയത്തിൽ സംസ്ഥാനത്ത് പലയിടത്തും പ്രക്ഷോഭങ്ങൾ ആരഭിച്ചിരുന്നു.
വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ട മൂന്ന് ഭാഷകളിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകളായിരിക്കണമെന്നാണ് പുതിയ വിദ്യാഭ്യാസ നയം പറയുന്നതെന്നും ഹിന്ദി, തമിഴ്, മലയാളം, ഗുജറാത്തി എന്നിവയല്ലാതെ മറ്റൊരു ഭാഷയും നിങ്ങൾക്ക് എടുക്കാൻ കഴിയില്ലെന്ന് മാത്രമാണ് പറയുന്നതെന്നും ഫഡ്‌നാവിസ് പറഞ്ഞു. എന്നാൽ ഫഡ്‌നാവിസിന്റെ പ്രസ്‌താവന ഏറ്റെടുത്തു കൊണ്ട് കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിക്കാനാണ് ഡിഎംകെ ശ്രമം.