ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരെ റണ്‍മല തീര്‍ത്ത് ഇന്ത്യ. നിശ്ചിത ഓവറില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 380 റണ്‍സ് നേടി. ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ നേടുന്ന എക്കാലത്തെയും മികച്ച രണ്ടാമത്തെ സ്‌കോറാണ് ഇന്‍ഡോറില്‍ കുറിച്ചത്.

2009ല്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 392 റണ്‍സ് മറികടക്കുമെന്ന് തോന്നിയെങ്കിലും അതുണ്ടായില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോര്‍ നേടാന്‍ സഹായിച്ചത്.
83 പന്തുകളില്‍നിന്നാണ് രോഹിത് ഏകദിന കരിയറിലെ 30ാം സെഞ്ചറി നേട്ടം സ്വന്തമാക്കിയത്. ഒന്‍പതു ഫോറുകളും ആറ് സിക്‌സും താരം ബൗണ്ടറി കടത്തി. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് രോഹിത് ഏകദിന ക്രിക്കറ്റില്‍ സെഞ്ചറി തികയ്ക്കുന്നത്. 2020 ജനുവരിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ബെംഗളൂരുവിലാണ് രോഹിത് 29ാം സെഞ്ചറി നേടിയത്.
ഗില്‍ 72 പന്തുകളില്‍നിന്ന് സെഞ്ചറിയിലെത്തി. ഗില്‍ അടിച്ചു കൂട്ടിയത് 13 ഫോറും, നാല് സിക്‌സും. ഏകദിന ക്രിക്കറ്റിലെ നാലാം സെഞ്ചറിയാണു ഗില്ലിന്റേത്. 212 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് രോഹിതും ഗില്ലും ഇന്ത്യയ്ക്കു സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 76 പന്തുകളില്‍ 100 ഉം 145 പന്തുകളില്‍ 200 ഉം പിന്നിട്ടു. സ്‌കോര്‍ 212 ല്‍ നില്‍ക്കെ രോഹിത് ശര്‍മയെ മൈക്കിള്‍ ബ്രേസ്‌വെല്‍ ബോള്‍ഡാക്കി. തൊട്ടുപിന്നാലെ ബ്ലെയര്‍ ടിക്‌നറിന്റെ പന്തില്‍ ഡെവോണ്‍ കോണ്‍വെ ക്യാച്ചെടുത്തു ഗില്ലും മടങ്ങി.
രോഹിത്തും ഗില്ലും മടങ്ങിയ ശേഷം ക്രീസില്‍ വിരാട് കോഹ് ലിയും ഇഷാന്‍ കിഷനും ഒന്നിച്ചു. ഇരുവരും നന്നായി ബാറ്റുചെയ്തുകൊണ്ടിരിക്കേ അനാവശ്യ റണ്ണിന് ശ്രമിച്ച് ഇഷാന്‍ കിഷന്‍ റണ്‍ ഔട്ടായി. 24 പന്തില്‍ നിന്ന് 17 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ വന്ന സൂര്യകുമാര്‍ യാദവിനെ കൂട്ടുപിടിച്ച് കോഹ് ലി ട്വന്റി 20 ശൈലിയില്‍ ബാറ്റുവീശി. എന്നാല്‍ കോഹ് ലിയെ വീഴ്ത്തി ജേക്കബ് ഡഫി ഈ കൂട്ടുകെട്ട് പൊളിച്ചു. 27 പന്തില്‍ നിന്ന് 36 റണ്‍സാണ് കോലിയുടെ സമ്പാദ്യം.
സൂര്യകുമാറിനും പിടിച്ചുനില്‍ക്കാനായില്ല. രണ്ട് സിക്സടിച്ച് വരവറിയിച്ചെങ്കിലും 14 റണ്‍സെടുത്ത താരത്തെ ഡഫി കോണ്‍വെയുടെ കൈയ്യിലെത്തിച്ചു. ഇതോടെ ഇന്ത്യ പതറി. വിക്കറ്റ് നഷ്ടമില്ലാതെ 212 റണ്‍സെന്ന നിലയില്‍ നിന്ന് ഇന്ത്യ 293 ന് അഞ്ച് എന്ന സ്‌കോറിലേക്ക് നിലംപൊത്തി. പിന്നീട് ക്രീസിലൊന്നിച്ച ഹാര്‍ദിക് പാണ്ഡ്യയും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് ടീം സ്‌കോര്‍ 300 കടത്തി. എന്നാല്‍ സുന്ദറിന് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. വെറും 9 റണ്‍സെടുത്ത താരത്തെ ടിക്നര്‍ പുറത്താക്കി.
പിന്നാലെ വന്ന ശാര്‍ദൂല്‍ ഠാക്കൂര്‍ നന്നായി ബാറ്റുവീശിയതോടെ ഇന്ത്യ ടോപ് ഗിയറിലായി. 47-ാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 350 കടന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് പ്രകടനമാണ് അവസാന ഓവറുകളില്‍ ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായകമായത്. 16 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത് ശാര്‍ദൂല്‍ പുറത്തായെങ്കിലും ഇന്ത്യന്‍ സ്‌കോര്‍ 360 കടന്നിരുന്നു.
49-ാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ അര്‍ധസെഞ്ചുറി കുറിച്ചു. വെറും 36 പന്തുകളില്‍ നിന്നാണ് താരം അര്‍ധശതകത്തിലെത്തിയത്. അതേ ഓവറിലെ നാലാം പന്തില്‍ താരം പുറത്തായി. 38 പന്തുകളില്‍ നിന്ന് മൂന്ന് വീതം സിക്സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 54 റണ്‍സെടുത്താണ് ഹാര്‍ദിക് ക്രീസ് വിട്ടത്. ഇന്നിങ്സിലെ അവസാന പന്തില്‍ കുല്‍ദീപ് യാദവ് റണ്‍ ഔട്ടായി (3). ഉമ്രാന്‍ മാലിക് പുറത്താവാതെ നിന്നു.
ടോസ് നേടിയ കിവീസ് ക്യാപ്റ്റന്‍ ടോം ലാതം ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായി രുന്നു. ഇന്ത്യന്‍ ടീമില്‍ രണ്ടു മാറ്റങ്ങളുണ്ട്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ മൂന്നാം പോരാട്ടത്തില്‍ പുറത്തിരിക്കും. പകരക്കാരായി പേസര്‍ ഉമ്രാന്‍ മാലിക്കിനും യുസ്‌വേന്ദ്ര ചെഹലിനും അവസരം ലഭിക്കും. കിവീസില്‍ ഷിപ്ലിക്കു പകരം ജേക്കബ് ഡഫി ടീമിലെത്തി.