ന്യൂഡല്‍ഹി: ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിക്കപ്പെട്ട് റഷ്യ-യുക്രൈന്‍ യുദ്ധഭൂമിയില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ മടക്കിക്കൊണ്ടു വരാനുള്ള ശ്രമം തുടരുകയാണെന്ന് കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട് റഷ്യയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ എത്രയും വേഗം തിരികെ കൊണ്ടുവരുമെന്നും കേന്ദ്രം വ്യക്തമാക്കി.

റഷ്യ-യുക്രൈന്‍ യുദ്ധഭൂമിയില്‍ ചില ഇന്ത്യക്കാര്‍ കുടുങ്ങിയിട്ടുണ്ടെന്ന് കഴിഞ്ഞ മാസം ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. നിരവധി കുടുംബങ്ങള്‍ പരാതിയുമായി രംഗത്തെത്തിയ തിനെ തുടര്‍ന്നാണ് നടപടി. റഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത ഏജന്റുമാര്‍ റഷ്യന്‍ ഭാഷയിലുള്ള ചില കരാറുകളില്‍ ഒപ്പിടുവിച്ചെന്നും കുടുംബങ്ങള്‍ ആരോപിച്ചിരുന്നു. ഇന്ത്യക്കാരെ റഷ്യയിലേക്ക് കടത്തുന്ന ഒരു സംഘത്തെ സിബിഐ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇവര്‍ക്കെതിരെ മനുഷ്യക്കടത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
റഷ്യയില്‍ ജോലി വാഗ്ദാനം ചെയ്യുന്ന ഏജന്റുമാരുടെ കെണിയില്‍ പെടരുതെന്ന് ജനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത് അത്യന്തം അപകടം നിറഞ്ഞതും ജീവന് ഭീഷണിയുണ്ടാക്കുന്നതാണെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പി നൽകി.