തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ച്ചയോടെ; പദ്ധതി പ്രഖ്യാപനങ്ങളും ഉദ്ഘാടനങ്ങളും വേഗത്തിലാക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം


ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തിയതി അടുത്തയാഴ്ച്ചയോടെ പ്രഖ്യാപിക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് അവസാന വട്ട ഒരുക്കങ്ങളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പായി രണ്ടാം മോഡി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗം ചൊവ്വാഴ്ച്ച ചേരും. തിരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നിലവില്‍ വരുന്നതിനാല്‍ വിവിധ കേന്ദ്ര പദ്ധതികളുടെ പ്രഖ്യാപനങ്ങളും പൂര്‍ത്തീകരിച്ചവയുടെ ഉദ്ഘാടനങ്ങളും ബുധനാഴ്ച്ചയ്ക്കകം നടത്താന്‍ പ്രധാനമന്ത്രി വിവിധ മന്ത്രാലയങ്ങ ള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം.

തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുഖ്യ കമ്മിഷണറും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. ജമ്മുവിലെ ഒരുക്കങ്ങള്‍ പൂര്‍ണമായും പരിശോധിച്ച ശേഷം ഉടന്‍ തന്നെ കമ്മീഷന്‍ യോഗം ചേരുകയും തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുമെന്നുമാണ് വിവരം.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പ് സുപ്രധാനമായ സിഎഎ ചട്ടങ്ങളുടെ വിജ്ഞാപനം കേന്ദ്രം പുറത്തിറക്കാന്‍ സാധ്യതയുണ്ട്. ചൊവ്വാഴ്ച്ച ചേരുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ചില വന്‍കിട പദ്ധതികളുടെ പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തുമെന്ന് സൂചനയുണ്ട്. ഒപ്പം നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം.


Read Previous

റഷ്യ-യുക്രൈൻ യുദ്ധഭൂമിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ എത്രയും പെട്ടന്ന് തിരികെ എത്തിക്കും; ചർച്ച തുടർന്ന് കേന്ദ്രം

Read Next

പ്രതികൂല കാലാവസ്ഥ; വിമാന യാത്രികര്‍ക്ക് സുപ്രധാന മുന്നറിയിപ്പുമായി ദുബായ് വിമാനത്താവളം

Leave a Reply

Your email address will not be published. Required fields are marked *

Most Popular