ന്യൂഡല്‍ഹി: മദ്യ നയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതോടെ നേതൃത്വത്തിലേക്ക് ആര് എന്ന ചോദ്യമാണ് ആം ആദ്മി പാര്‍ട്ടി യില്‍ ഉയരുന്നത്. അറസ്റ്റ് ചെയ്ത് ജയിലിലടച്ചാല്‍ ജയിലില്‍ കിടന്ന് ഭരിക്കുമെന്ന് കെജരിവാള്‍ മേരത്തേ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതൊന്നും പ്രായോഗികമല്ലെന്ന് എഎപി നേതൃത്വത്തിന് തന്നെ അറിയാം.

കെജരിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചില്ലെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടു ത്താനാണ് ബിജെപി നീക്കം. കെജരിവാളിനോട് രാജി ആവശ്യപ്പെടണമെന്ന് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ബിജെപി ഇതിനോടകം ആവശ്യപ്പെട്ട് കഴിഞ്ഞു.
അത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് എഎപി നേതൃത്വവും ശ്രമിക്കുക. ഇതിനിടെ കെജരിവാളിന്റെ ഭാര്യ സുനിതയുമായി ആം ആദ്മി നേതാക്കള്‍ ചര്‍ച്ച നടത്തി. സുനിതയോട് നിലപാട് തേടാനാണ് ചര്‍ച്ച. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ഡല്‍ഹി മന്ത്രിമാരായ അതിഷി മെര്‍ലെന, സൗരവ് ഭരദ്വാജ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് വരുന്നത്.
പാര്‍ട്ടിയുടെ സ്റ്റാര്‍ പ്രചാരകനായ കെജരിവാള്‍ അറസ്റ്റിലായതിന് പുറമെ പ്രമുഖ നേതാക്കളായ മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍, സഞ്ജയ് സിങ് എന്നിവരുടെ അസാന്നിധ്യവും പാര്‍ട്ടിയെ അലട്ടുന്നുണ്ട്. അതേസമയം കെജരിവാളിന്റെ അറസ്റ്റ് രാഷ്ട്രീയമായി തിരിച്ചടിക്കുമോ എന്ന ഭയം ചില ബിജെപി നേതാക്കള്‍ക്കുണ്ട്.