കേരളം വർഗീയതയ്ക്ക് തകർക്കാനാകാത്ത സാഹോദര്യത്തിന്റെ കോട്ട, ഇത് യഥാർഥ കേരള സ്റ്റോറി- മുഖ്യമന്ത്രി


തിരുവനന്തപുരം: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വര്‍ഷമായി സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി എ.പി. അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി മുഴുവന്‍ തുകയും സമാഹരിച്ചതിൽ പ്രശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതാണ് യഥാർഥ കേരള സ്റ്റോറിയെന്നും വർഗീയതയ്ക്ക് തകർക്കാനാകാത്ത സാഹോദര്യത്തിൻ്റെ കോട്ടയാണ് കേരളമെന്ന അടിയുറച്ച പ്രഖ്യാപനമാണിതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ലോകത്തിനു മുന്നിൽ കേരളത്തിൻ്റെ അഭിമാനമുയർത്തിയ ഈ ലക്ഷ്യത്തിനായി ഒത്തൊരുമിച്ച എല്ലാ സുമനസ്സുകളേയും ഹാർദമായി അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വെറുപ്പിൻ്റെ പ്രചാരകർ നാടിനെതിരെ നുണക്കഥകൾ ചമയ്ക്കുമ്പോൾ മാനവികതയുടേയും മനുഷ്യസ്നേഹത്തിൻ്റേയും ഗാഥകളിലൂടെ പ്രതിരോധം ഉയർത്തുകയാണ് മലയാളികൾ. സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനത്തിനായി ലോകമാകെയുള്ള മലയാളികൾ കൈകോർത്ത് സമാഹരിച്ചത് 34 കോടി രൂപയാണ്. ഒരു മനുഷ്യജീവൻ കാക്കാൻ, ഒരു കുടുംബത്തിൻ്റെ കണ്ണീരൊപ്പാൻ ഒറ്റക്കെട്ടായി അവർ സൃഷ്ടിച്ചത് മനുഷ്യസ്നേഹത്തിൻ്റെ ഉദാത്ത മാതൃകയാണ്. ഇതാണ് യഥാർത്ഥ കേരള സ്റ്റോറി. വർഗീയതയ്ക്ക് തകർക്കാനാകാത്ത സാഹോദര്യത്തിൻ്റെ കോട്ടയാണ് കേരളമെന്ന അടിയുറച്ച പ്രഖ്യാപനമാണിത്. ലോകത്തിനു മുന്നിൽ കേരളത്തിൻ്റെ അഭിമാനമുയർത്തിയ ഈ ലക്ഷ്യത്തിനായി ഒത്തൊരുമിച്ച എല്ലാ സുമനസ്സുകളേയും ഹാർദ്ദമായി അഭിനന്ദിക്കുന്നു. പ്രവാസി മലയാളികൾ ഈ ഉദ്യമത്തിനു പിന്നിൽ വഹിച്ച പങ്ക് പ്രശംസനീയമാണ്. ഈ ഐക്യത്തിന് കൂടുതൽ കരുത്തേകി ഒരു മനസ്സോടെ നമുക്കു മുന്നോട്ടു പോകാം.

എ.പി. അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി 34 കോടി കൊടുക്കാനുള്ള സമയം അവസാനിക്കാന്‍ മൂന്നു ദിവസം ബാക്കിനില്‍ക്കെയാണ് മുഴുവന്‍ തുകയും പിരിച്ചത്. 34,45,46,568 രൂപയാണ് ഇതുവരെ ലഭിച്ചത്‌. ഇനി പണം അയക്കേണ്ടെന്ന് ദയാധനസമാഹരണ കമ്മിറ്റി അറിയിച്ചു. എംബിസി വഴി പണം കൈമാറാനുള്ള നടപടികള്‍ ശനിയാഴ്ച ചേരുന്ന കമ്മിറ്റി യോഗം തീരുമാനിക്കും.

‘സേവ് അബ്ദുല്‍ റഹീം’ എന്ന മൊബൈല്‍ ആപ്പ് വഴിയും നേരിട്ടും നിരവധി ആളുകളാണ് അബ്ദുള്‍ റഹീമിന്റെ വീട്ടിലേക്കും അബ്ദുള്‍ റഹീം ദയാധന സമാഹരണ കമ്മിറ്റിയേയും ധനസഹായവുമായി സമീപിച്ചത്‌. ഒരു നാടിന്റെ കൂട്ടായ പ്രവര്‍ത്തനം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പണം എത്തിക്കാന്‍ സഹായകമായി എന്നാണ് ദയാധന സമാഹരണ കമ്മിറ്റി അംഗങ്ങള്‍ പറയുന്നത്. കഴിഞ്ഞ മാസം ഒരു കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞിടത്തുനിന്നാണ് ഒരു നാട് ഒരുമിച്ചപ്പോള്‍ ഒരു മാസം കൊണ്ട് മുഴുവന്‍ തുകയും സമാഹരിക്കാന്‍ കഴിഞ്ഞത്‌.

പണം സൗദിയിലേക്ക് എത്തിക്കാനുള്ള ശ്രമംകൂടി നടത്തുന്നുണ്ട്. ഇതിനായി ധനകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി തേടാന്‍ ശ്രമം തുടങ്ങി. കൈയ്യബദ്ധം മൂലം സൗദി ബാലന്‍ മരിക്കാനിടയായ സംഭവത്തിലാണ് അബ്ദുല്‍ റഹീം 18 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിയ്ക്കുന്നത്.


Read Previous

48 മണിക്കൂറിനുള്ളിൽ ഇറാൻ ആക്രമണം നടത്തിയേക്കുമെന്ന് റിപ്പോർട്ട്; ഏറ്റുമുട്ടലിന് തയ്യാറെന്ന് ഇസ്രയേൽ

Read Next

കേരളത്തിന് 3,000 കോടി കടമെടുക്കാം; കേന്ദ്ര അനുമതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »