48 മണിക്കൂറിനുള്ളിൽ ഇറാൻ ആക്രമണം നടത്തിയേക്കുമെന്ന് റിപ്പോർട്ട്; ഏറ്റുമുട്ടലിന് തയ്യാറെന്ന് ഇസ്രയേൽ


ടെഹ്‌റാൻ: സിറിയയിലെ നയതന്ത്രകാര്യാലയ ആക്രമണത്തിന് പ്രതികാരമായി 48 മണിക്കൂറിനുള്ളിൽ ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ആക്രമണം സംബന്ധിച്ച പദ്ധതി ​ഇറാന്‍റെ പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനി പരിഗണിച്ചുവരികയാണെന്നും ഇസ്രയേലിനെ നേരിട്ട് ആക്രമിക്കുന്നതിലെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ വിലയിരുത്തുകയാണെന്നും ഇറാന്‍റെ ഉന്നത നേതൃത്വത്തെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

ഇറാൻ ആക്രമിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കേ, ആക്രമണമുണ്ടായാൽ പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനും തങ്ങൾ തയ്യാറാണെന്ന് ഇസ്രയേലും വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു യുദ്ധകാല മന്ത്രിസഭയുടെ യോഗം വിളിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുണ്ട്.

ഏപ്രിൽ ഒന്നിനാണ് ഡമാസ്കസിലെ ഇറാന്റെ നയതന്ത്രകാര്യാലയത്തിൽ വ്യോമാക്രമണം നടത്തി രണ്ടു ജനറൽമാരുൾപ്പെടെ 12 പേരെ ഇസ്രയേൽ വധിച്ചത്. ഇതിനു പകരംവീട്ടുമെന്ന് ഇറാനും, അങ്ങനെ സംഭവിച്ചാൽ തിരിച്ചടിക്കുമെന്ന് ഇസ്രയേലും പ്രസ്താവിച്ചിരുന്നു. ഗാസയിൽ ഹമാസുമായി യുദ്ധം തുടരുന്നതിനിടയിലാണ് പഴയകാല എതിരാളിയായ ഇറാന്റെ ഭീഷണിയും ഇസ്രയേലിന് നേരിടേണ്ടിവരുന്നത്. നിലവിൽ ഗാസയിൽ ഇസ്രയേൽ ശക്തമായ ആക്രമണം തുടരുകയാണെന്നാണ് വിവരം.

ആക്രമണം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പരിഭ്രാന്തരായ ഇസ്രയേലുകാർ അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടുകയാണെന്നാണ് വിവരം. ആക്രമണമുണ്ടായാൽ ഊര്‍ജവിതരണം തടസ്സപ്പെടുമെന്ന ആശങ്കയിൽ ജനറേറ്ററുകളുടെ വില്‍പ്പനയും കുത്തനെ കൂടി. പശ്ചിമേഷ്യയിലെ തങ്ങളുടെ സേനാതാവളങ്ങളില്‍ യു.എസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതിനിടെ, പശ്ചിമേഷ്യയില്‍ സംഘര്‍ഷം വഷളാക്കാതെ ഇരുകൂട്ടരോടും സംയമനംപാലിക്കാന്‍ റഷ്യ ആവശ്യപ്പെട്ടിരുന്നു. ഇറാനിൽനിന്ന് ആക്രമണമുണ്ടായാൽ ഇസ്രയേലിനൊപ്പം നിൽക്കുമെന്ന് യു.എസ്. വ്യക്തമാക്കി. സംഘർഷം ലഘൂകരിക്കാൻ ഇറാനോട് ആവശ്യപ്പെടാൻ സൗദി അറേബ്യ, യു.എ.ഇ., ഖത്തർ, ഇറാഖ് എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരോട് യു.എസ്. ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറാന്‍-ഇസ്രയേല്‍ സംഘർഷ സാധ്യത നിലനിൽക്കേ ഈ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യന്‍ പൗരന്‍മാർക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനും ഇസ്രയേലിലും താമസിക്കുന്ന ഇന്ത്യക്കാരോട് സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കാനും യാത്രകള്‍ പരമാവധി കുറയ്ക്കാനും നിര്‍ദേശമുണ്ട്. ഇവിടങ്ങളിലുള്ള ഇന്ത്യക്കാരോട് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാനും പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശത്തില്‍ പറയുന്നു.


Read Previous

ഇസ്രയേലിലും ഇറാനിലും പോകരുത്

Read Next

കേരളം വർഗീയതയ്ക്ക് തകർക്കാനാകാത്ത സാഹോദര്യത്തിന്റെ കോട്ട, ഇത് യഥാർഥ കേരള സ്റ്റോറി- മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular